കല്യാണ ചെക്കന്മാര്‍ക്കുള്ള അമിത ആവേശമൊന്നും എനിക്കില്ലായിരുന്നു; വിവാഹദിവസത്തെ പറ്റി കൃഷ്ണ കുമാര്‍
എത്രയോ വര്‍ഷമായി സിനിമയില്‍ സജീവമായി നില്‍ക്കുകയാണെങ്കിലും നടന്‍ കൃഷ്ണ കുമാര്‍ മക്കളുടെ പേരിലാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. നാല് പെണ്‍മക്കളുള്ളതിന്റെ പേരില്‍ ആദ്യമൊക്കെ പരിഹാസമാണ് താരത്തിന് ലഭിച്ചത്. വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടനാണെന്നൊക്കെ ചിലര്‍ കളിയാക്കി വിശേഷിപ്പിക്കാറുമുണ്ട്.
എന്നാല്‍ ആ മക്കളിലൂടെ അറിയപ്പെടുന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് താരം. എല്ലാവരും കഴിവുള്ളവരും അഭിനേത്രികളുമായി മാറുന്നു. മാത്രമല്ല യൂട്യൂബ് ചാനലില്‍സജീവമായി ഭാര്യ സിന്ധു കൂടി ചേര്‍ന്നതോടെ കുടുംബം പ്രശസ്തിയില്‍ തന്നെ നില്‍ക്കുന്നു. സാധാരണ ദിവസമെന്ന് കരുതിയെങ്കിലും ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകതയുണ്ടെന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്.

താന്‍ മറന്ന് പോയെങ്കിലും ഭാര്യ സിന്ധുവാണ് ഇന്നത്തെ ദിവസത്തെ കുറിച്ച് പറയുന്നതെന്ന് നടന്‍ സൂചിപ്പിച്ചു. ഇരുപത്തിയെട്ട് വര്‍ഷം മുന്‍പ് സാധാരണ പോലൊരു ദിവസമായി തനിക്ക് തോന്നിയെങ്കിലും ഭാര്യ സിന്ധുവിനെ ഏറെ ആവേശത്തിലാക്കിയ ദിവസമാണിന്ന്. ഞങ്ങളുടെ വിവാഹ ദിവസമാണെന്ന് പറഞ്ഞാണ് കൃഷ്ണ കുമാര്‍ എത്തിയിരിക്കുന്നത്. താലിക്കെട്ടില്‍ നിന്നുള്ള ചിത്രമടക്കം പങ്കുവെച്ചാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നടന്‍ പങ്കുവെച്ചത്.

'28 വര്‍ഷങ്ങള്‍ക്കു മുന്‍പ്, രാവിലെ ഈ സമയത്ത അച്ഛന്‍ അമ്മ, ഇവര്‍ക്കൊപ്പം തിരുവനന്തപുരത്തെ പട്ടത്തുള്ള വീട്ടില്‍ കല്യാണം നടക്കുന്ന ഹാളിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. സുഹൃത്തുക്കള്‍ പലരും അവിടെ ഉണ്ടായിരുന്നു. സിനിമയില്‍ കാണുന്ന പോലെ കല്യാണ ചെക്കന്മാര്‍ക്കുള്ള അമിത ആവേശമൊന്നും എനിക്കില്ലായിരുന്നു. ജീവിതത്തില്‍ സാധാരണ സംഭവിക്കുന്ന മറ്റുചില കാര്യങ്ങള്‍ പോലെ ഒന്ന്, എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളു.

നേരെ മറിച്ചു സിന്ധു വലിയ ആവേശത്തിലായിരുന്നു. അവളുടെ ജീവിതത്തിലെ വളരെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്ന്. അന്നും ഇന്നും, ഞാനും സിന്ധുവും അങ്ങനെയാണ്. ഞങ്ങള്‍ തമ്മില്‍ ഇഷ്ടമൊക്കെ ആണെങ്കിലും ഒട്ടുമിക്ക കാര്യങ്ങളിലും രണ്ടുപേരുടെയും ചിന്തകള്‍ രണ്ട് ദിശകളിലേക്കായിരുന്നു. പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവുമെങ്കിലും ഇരുകൂട്ടരുടേയും വിട്ടുവീഴ്ചകളിലൂടെ ഒരു സമവായത്തിലെത്തും.

ഇന്നു രാവിലെ ഹാന്‍സുവിനെ സ്‌കൂളില്‍ വിട്ടിട്ട്, അവളുടെ പിറന്നാള്‍ ദിവസങ്ങളില്‍ ചോദിക്കുന്ന പോലെ എന്നോട് ചോദിച്ചു. ഇന്നു ഡിസംബര്‍ 12.. എന്താണ് ഇന്നത്തെ പ്രത്യേകത? ഡല്‍ഹിയിലെ തണുപ്പില്‍ തൊണ്ട നാശമായി സംസാരിക്കാന്‍ ബുദ്ധിമുട്ടി ഇരിക്കുന്ന ഞാന്‍ ഓര്‍ത്തു നോക്കി. എന്താണ് ഡിസംബര്‍ 12 ന് ഇത്ര പ്രത്യേകത. പെട്ടെന്ന് ഒരു മെസേജ് തലയില്‍ നിന്നും വന്നു. 'ഇന്നാണ് കൃഷ്ണകുമാര്‍ കുമാര്‍ നിങ്ങള്‍ സിന്ധുവുമായി വിവാഹം കഴിച്ച ദിവസം.

'അതെ 28 വര്‍ഷം മുന്‍പ്. ഞാനത് പറഞ്ഞപ്പോള്‍ സിന്ധു ചിരിച്ചു. ഞാനും.. 10000 ത്തിന് പുറത്തു ദിവസങ്ങള്‍ ഈ സുന്ദരഭൂമിയില്‍ ഒരുമിച്ചു യാത്ര ചെയ്യാന്‍ ദൈവം അവസരം തന്നു. കൂടെ കൂട്ടിന് നാല് ശക്തരും സുന്ദരികളുമായ മക്കളേയും സമ്മാനിച്ചു. ഇവിടെ ജീവിക്കാന്‍ വേണ്ടതെല്ലാം ആവശ്യത്തിനും അളവിനും, കൃത്യസമയത്ത് തന്ന പ്രകൃതിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ഒപ്പം ഞങ്ങളെ സ്‌നേഹിച്ച ഞങ്ങളുടെ നന്മക്കായി പ്രാര്‍ത്ഥിച്ച ഞങ്ങളുമായി അടുപ്പമുള്ളവരും, ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തതുമായ അനവധി നന്മനിറഞ്ഞ മനുഷ്യര്‍ ഉണ്ട് ഇവിടെ. എല്ലാവര്‍ക്കും നന്ദിയും, ഒപ്പം നന്മകളും നേരുന്നു'.. എന്നുമാണ് കൃഷ്ണ കുമാര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

1994 ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു കൃഷ്ണ കുമാറും സിന്ധും തമ്മിലുള്ള വിവാഹം. കോളേജില്‍ പഠിച്ച് കൊണ്ടിരിക്കുന്ന കാലത്താണ് സിന്ധുവിനെ കൃഷ്ണ കുമാര്‍ ഭാര്യയാക്കുന്നത്. വിവാഹത്തോടെ പഠനം ഉപേക്ഷിച്ച സിന്ധു പൂര്‍ണമായും കുടുംബിനിയായി. ഇതിനിടെ നാല് പെണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. മക്കളെല്ലാം വളര്‍ന്നതിന് ശേഷമാണ് സിന്ധു തന്റെ കരിയറിനെ കുറിച്ച് ചിന്തിക്കുകയും യൂട്യൂബ് ചാനലുമായി മുന്നോട്ട് വരികയും ചെയ്തത്.


Click it and Unblock the Notifications











