'മരണം വിളിച്ചുവരുത്തുന്നപോലെ തോന്നും, നെഞ്ചുവേദന മൂലം കട്ടിലിൽ നിന്നും താഴെ വീണ് മരിക്കുന്നു'; കൃഷ്ണകുമാർ!
കഴിഞ്ഞ ദിവസം സീരിയൽ മേഖലയേയും ആരാധകരെയും ഞെട്ടിച്ചുകൊണ്ടാണ് സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യന്റെ മരണവാർത്ത പുറത്ത് വന്നത്. മലയാളത്തിൽ ഏറെ ആരാധകരുള്ള ടെലിവിഷൻ സീരിയലിന്റെ അമരക്കാരനും സംവിധായകനുമായ ആദിത്യന്റെ വിയോഗം 47-ാം വയസിലാണ്.
ഹൃദയാഘാതത്തിന്റെ രൂപത്തിലാണ് ആദിത്യനെ മരണം തേടിയെത്തിയത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
സാന്ത്വനം കുടുംബം മുഴുവനും ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട സങ്കടത്തോടെയാണ് ആദിത്യന്റെ ശരീരത്തിന് അരികിൽ കണ്ണീർവാർത്ത് നിന്നത്. ആർക്കും ആർക്കും പരസ്പരം ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ കഴിയാത്ത അവസ്ഥ. മലയാളം സീരിയിൽ രംഗത്തെ താരങ്ങളെല്ലാം പ്രിയ സഹപ്രവർത്തകനെ ഒരു നോക്ക് കൂടി കാണാൻ വസതിയിലേക്കും പൊതുദർശനത്തിന് വെച്ച ഹാളിലേക്കും എത്തിയിരുന്നു.

തങ്ങൾ അനാഥരായി എന്നാണ് ആദിത്യനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാന്ത്വനത്തിലെ പ്രധാനവേഷങ്ങളിൽ ഒന്ന് അവതരിപ്പിക്കുന്ന ഗിരീഷ് കുറിച്ചത്. പ്രേക്ഷകർ എക്കാലവും നെഞ്ചേറ്റിയ ഒരുപിടി ഹിറ്റ് സീരിയലുകളുടെ സംവിധായകൻ ആയിരുന്നു ആദിത്യൻ. സാന്ത്വനത്തെ കൂടാതെ ആദിത്യൻ സംവിധാനം ചെയ്ത അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയവയെല്ലാം ജനപ്രിയ പരമ്പരകളായിരുന്നു.
അടുത്തകാലത്ത് തലമുറ വ്യത്യാസമില്ലാതെ ഏറ്റെടുത്ത ടെലിവിഷൻ പരമ്പരയായിരുന്നു സാന്ത്വനം. കുടുംബ പ്രേക്ഷകർക്കൊപ്പം യുവതലമുറയും ശിവജ്ഞലിമാരെ പോലെ പരമ്പരയിലെ ഓരോ താരങ്ങളെയും ഏറ്റെടുത്തതിന്റെ കാരണവും ആദിത്യന്റെ സംവിധാന മികവ് കൂടിയായിരുന്നു.
ടിആർപി റേറ്റിങ് ചാർട്ടുകളെ എന്നും അടക്കിവാണിരുന്ന പരമ്പരകളായിരുന്നു ആദിത്യൻ ഒരുക്കിയത്. സാന്ത്വനം സീരിയലിലെ പ്രധാന സംഭവങ്ങളിലൊന്നായ ശിവൻ-അഞ്ജലി വിവാഹ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി രാവെന്നോ പകലെന്നോ ഇല്ലാതെയാണ് ആദിത്യനും സംഘവും പ്രവർത്തിച്ചത്. ആ സമയത്തൊക്കെ താൻ വെറും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങിയിരുന്നത് എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ആദിത്യൻ തന്നെ പറഞ്ഞത്.
ഇപ്പോഴിതാ ആദിത്യന്റെ വേർപാട് സീരിയൽ മേഖലയെ മുഴുവൻ ഉലച്ച സാഹചര്യത്തിൽ നടൻ കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ജീവിതം ഇത്രയേ ഉള്ളൂവെന്ന് മനസിലാക്കുന്ന ഒരു മരണം ആയിപ്പോയിയെന്നും കഴിഞ്ഞ ദിവസം ഷൂട്ടിങ് കഴിഞ്ഞെത്തിയ മനുഷ്യൻ അറ്റാക്ക് വന്ന് കട്ടിലിൽ നിന്നും വീണുമരിച്ചുവെന്നത് വിശ്വസിക്കാൻ വയ്യെന്നുമാണ് കൃഷ്ണകുമാർ പറയുന്നത്.

'ആദിത്യന്റെ കൂടെ ഞാൻ ഇതുവരെ വർക്ക് ചെയ്തിട്ടില്ല. പക്ഷെ ഇന്ന് ആളുകൾ ഏറെ ഇഷ്ടപെടുന്ന സീരിയലാണ് സാന്ത്വനം. ഞാനും ഒരുപാട് കാലം സീരിയൽ മേഖലയിൽ ജോലി ചെയ്ത ആളാണ്. പലരുടെയും മരണങ്ങൾ ഇതുപോലെ കാണുമ്പോൾ മനസിൽ കൂടി പോകുന്ന ഒരു കാര്യമുണ്ട്. ഈ സമയത്ത് എനിക്ക് പറയാൻ ആകുമോയെന്ന് അറിയില്ല. പക്ഷെ പറയാതെ വയ്യ. ഈ ചെറുപ്പക്കാരന് 47 വയസാണ് പ്രായം. പല മരണങ്ങൾക്കും പല കാരണങ്ങൾ ഉണ്ടാകാം.'
'പക്ഷെ പലപ്പോഴും നമ്മൾ മരണം വിളിച്ചുവരുത്തുന്ന പോലെ തോന്നും. ഷൂട്ട് കഴിഞ്ഞാൽ ഞാൻ ഉൾപ്പെടെ ഉള്ള ആളുകൾ ചെയ്യുന്നത് വീട്ടിൽ വരുന്നു മൊബൈൽ നോക്കി ഇരിക്കുന്നു. അപ്പോൾ ഉറക്കത്തിന്റെ ഒരു വലിയ വിഷയം അവിടെയുണ്ട്. വീട്ടിൽ നിന്നും നേരെ ഷൂട്ടിങ് സെറ്റിലേക്ക് പോകുന്നു അവിടെയും ഉറങ്ങാനാകില്ല. സമയത്ത് ഭക്ഷണവും കഴിക്കാൻ ആകില്ല.'
'നമ്മുടെ ശരീരത്തിന് അത്യാവശ്യം വേണ്ടുന്ന കാര്യങ്ങളാണ് ഇതൊക്കെ. നമ്മുടെ ശരീരം ജോലി എടുക്കും പോലെ തന്നെ റെസ്റ്റും കൊടുക്കണം. ഈ ഒരു അവസരത്തിൽ പറയാൻ ഉള്ളത് ഷൂട്ട് തീർന്നാൽ നമ്മൾ ഉറങ്ങാൻ ശ്രമിക്കുക എന്നതാണ്. കുറഞ്ഞത് അഞ്ചോ ആറോ മണിക്കൂർ എങ്കിലും ഉറങ്ങണം എന്നതാണ്.'
'ഇത് നമ്മളെ എല്ലാവരെയും കാത്തിരിക്കുന്ന ഒരു വലിയ അപകടമാണ്. അതുകൊണ്ടുതന്നെ കലാകാരന്മാർ എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണം എന്നാണ് എനിക്ക് പറയാനുള്ളതെന്നും', പറഞ്ഞാണ് കൃഷ്ണകുമാർ അവസാനിപ്പിച്ചത്.


Click it and Unblock the Notifications