'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
ഈ വർഷം തിയേറ്ററുകളിൽ എത്തിയതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ജയറാമിന് ഒരു തിരിച്ചുവരവ് സമ്മാനിച്ചതുമായ സിനിമയായിരുന്നു മിഥുൻ മാനുവൽ തോമസ് സിനിമ എബ്രഹാം ഓസ്ലർ. ചിത്രത്തിന്റെ വിജയം ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചവരിൽ ഒരാൾ ഡോ.ശിവകുമാറായി അഭിനയിച്ച നടൻ കുമരകം രഘുനാഥായിരുന്നു. നാടകം, സിനിമ, സീരിയൽ നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി രഘുനാഥ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം ഓസ്ലറിന് മുമ്പ് രഘുനാഥിന് കിട്ടിയിട്ടില്ല. സിനിമ വിജയമായപ്പോൾ പ്രധാന താരങ്ങൾക്ക് ലഭിക്കുന്ന അതേ പ്രശംസ രഘുനാഥിനും സിനിമാപ്രേമികളിൽ നിന്നും ലഭിച്ചു.
ഇപ്പോഴിതാ തന്റെ കലാജീവിതത്തെ കുറിച്ച് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ രഘുനാഥ് സംസാരിച്ചു. സിബി മലയിലിന്റെ സംവിധാനത്തില്‍ 1990ൽ പുറത്തിറങ്ങിയ മാലയോഗം എന്ന ചിത്രത്തിലൂടെയാണ് കുമരകം രഘുനാഥ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിനുശേഷം 1992ൽ പുറത്തിറങ്ങിയ അയലത്തെ അദ്ദേഹം എന്ന ചിത്രത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ വേഷം അവതരിപ്പിച്ചു.

പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ സീരിയലുകളിലും കുമരകം രഘുനാഥ് സജീവമായിരുന്നു. അതിനിടയിൽ ഭരതൻ സിനിമ ദേവരാഗത്തിൽ നടൻ അരവിന്ദ് സ്വാമിക്ക് ശബ്ദം നൽകുകയും ചെയ്തു രഘുനാഥ്. ആ അവസരം കൈവന്നതിന് പിന്നിലും രസകരമായ ഒരു കഥ രഘുനാഥിന് പറയാനുണ്ട്. 'വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ആർടിസ്റ്റുകൾ താമസിക്കുന്ന കോട്ടേജിലേക്ക് ഒരു ഫോൺകോൾ എത്തി.'
'സംവിധായകൻ ഭരതനാണെന്ന് മറുതലയ്ക്കലുള്ള ശബ്ദം സ്വയം പരിചയപ്പെടുത്തി. ദിലീപും ഹരിശ്രീ അശോകനുമൊക്കെയുള്ള സെറ്റിൽ പ്രമുഖരുടെ ഫോൺ കോളുകൾ പതിവായിരുന്നതുകൊണ്ട് അത് ഞാൻ കാര്യമായെടുത്തില്ല. ഫോൺ വച്ചിട്ടു പോടോയെന്ന് പറഞ്ഞ് ഫോണും കട്ട് ചെയ്ത് പോയി കിടന്നുറങ്ങി. അടുത്ത ദിവസം സെറ്റിലെത്തി കെപിഎസി ലളിതയെ കണ്ടപ്പോഴാണ് എനിക്ക് പറ്റിയ അബദ്ധം തിരിച്ചറിയുന്നത്.'
'എന്തായാലും ക്ഷമാപണത്തോടെ ഭരതൻ സാറിനെ വിളിച്ചു. അദ്ദേഹത്തിന്റെ ആവശ്യം കേട്ടപ്പോൾ തെല്ലൊന്ന് അമ്പരന്നെങ്കിലും അധികം ആലോചിക്കാതെ തന്നെ ഡബ്ബ് ചെയ്യാമെന്ന് സമ്മതം മൂളി. അങ്ങനെയാണ് ദേവരാഗത്തിൽ അരവിന്ദ് സ്വാമിക്ക് ശബ്ദമാകുന്നതെന്ന്', രഘുനാഥ് പറയുന്നു. 'ഞാൻ കുറെക്കാലമായി സിനിമ ചെയ്യാതെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് മിഥുൻ മാനുവൽ തോമസിന്റെ ടീമിൽ നിന്ന് വിളി എത്തിയത്. ഒരു ഡോക്ടറുടെ വേഷമുണ്ടെന്നാണ് പറഞ്ഞത്. ഞാൻ പോയി അഭിനയിച്ച് പോന്നു.'
'പക്ഷെ കഥയിൽ ആ കഥാപാത്രത്തിന് ഞെട്ടിക്കുന്ന ഭൂതകാലമുണ്ടെന്നൊന്നും അറിഞ്ഞില്ല. സിനിമ കണ്ടപ്പോഴാണ് അതെല്ലാം മനസിലായത്. രസകരമായ കാര്യമെന്തെന്നു വെച്ചാൽ സിനിമയിൽ എന്റെ ചെറുപ്പകാലം ചെയ്തിരിക്കുന്ന ആക്ടറെ പോലെ തന്നെയായിരുന്നു ഞാൻ ആ പ്രായത്തിൽ. അതുപോലെ മുടിയൊക്കെ നീട്ടി വളർത്തിയിരുന്നു. മുണ്ടും ഷർട്ടുമായിരുന്നു വേഷമെന്നത് മാത്രമാണ് ആകെയുള്ള വ്യത്യാസം.'

'എന്നെ അറിയുന്ന ചിലരൊക്കെ ആ കഥാപാത്രത്തെ കണ്ടപ്പോൾ പറഞ്ഞു ശരിക്കും രഘുവിനെ പോലെ ഇരിക്കുന്നുവെന്ന്', രഘുനാഥ് പറയുന്നു. സീരിയലുകളെ കുറിച്ചും താരം സംസാരിച്ചു... 'സീരിയലിൽ സജീവമായി നിൽക്കുന്ന സമയത്താണ് ഞാൻ മാലയോഗത്തിൽ അഭിനയിക്കുന്നത്. പിന്നീട് ധാരളം സിനിമകളിൽ വേഷമിട്ടു. നടനെന്ന രീതിയിൽ ഞാൻ സംതൃപ്തനായിരുന്നു. ജനങ്ങളുടെ അംഗീകാരവും ലഭിച്ചു. സിനിമയിൽ അഭിനയിച്ചാലെ നടനാകൂവെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ.'
'സിനിമയും സീരിയലും തമ്മിൽ എനിക്ക് അന്നും ഇന്നും വേർതിരിവൊന്നുമില്ല. നാടകത്തിൽ പാട്ടെഴുതാൻ വന്ന കോന്നിയൂർ ഭാസുമായുള്ള പരിചയമാണ് എന്നെ സീരിയലിലെത്തിച്ചത്. ഷാജി.എം സംവിധാനം ചെയ്ത സീരിയലിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. ജലജയായിരുന്നു നായിക. ഇപ്പോൾ സീരിയൽ ഒരു വ്യവസായമാണ്. മുമ്പ് സീരിയലിന് ഒരുപാട് കടമ്പകളുണ്ടായിരുന്നു. തിരക്കഥ സമർപ്പിച്ച് ഡൽഹിയിൽ നിന്ന് അനുമതി കിട്ടിയിട്ടുവേണം ഷൂട്ടു ചെയ്യാൻ.'
'എടീയെന്ന് വിളിക്കാൻ പറ്റില്ല. ആണുങ്ങൾ കിടക്കുമ്പോൾ കക്ഷം കാണിക്കുന്ന രീതിയിൽ പാടില്ല എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിക്കും. എന്നിട്ടാണ് അനുമതി കിട്ടുക. ഇപ്പോഴത്തെ സീരിയലുകളെ കഥാഗതി കാണുമ്പോൾ വിമർശിക്കണമെന്നൊക്കെ തോന്നും. പക്ഷെ ആലോചിക്കുമ്പോൾ മനസിലാകും അതൊന്നും പ്രായോഗികമല്ല.'
'പിന്നെ സീരിയലിലൂടെ സാംസ്കാരിക പരിവർത്തനമൊന്നും ആരും ലക്ഷ്യം വെയ്ക്കുന്നില്ലല്ലോ. നമ്മുടെ പ്രായമായ അമ്മമ്മാരും അച്ഛന്മാരും അമ്മൂമ്മമാരുമൊക്കെ നേരമ്പോക്കിന് കാണുന്ന പരിപാടി. അത്ര ഗൗരവമേ അതിനേ നൽകേണ്ടതുള്ളൂവെന്നും', തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കി കുമരകം രഘുനാഥ് പറഞ്ഞു.


Click it and Unblock the Notifications