'ദേവദൂതർ ആദ്യം അയച്ചത് മമ്മൂട്ടിക്ക്, ലവ് യൂ എന്ന് മറുപടി'; നാട്ടുകാർ എയറിൽ നിർത്തിയേനെ'; കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ റിലീസിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഒരു വ്യത്യസ്ത സിനിമയായിരിക്കും ഇതെന്ന് സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സിനിമയിലെ ഒരു ഗാനം കൂടി പുറത്തു വിട്ടതോടെ ഈ പ്രതീക്ഷ ഇരട്ടിയായി. ദേവദൂതർ പാടി എന്ന ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പാട്ടിൽ കുഞ്ചാക്കോ ബോബന്റെ ചുവടുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

1985 ൽ ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലെ പാട്ടിന്റെ റീമേക്ക് ആണ് ഇത്. യേശുദാസ് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയത് ഔസേപ്പച്ചനായിരുന്നു. ഒഎൻവി കുറിപ്പിന്റേതായിരുന്നു വരികൾ. അതേസമയം എന്നാ താൻ കേസ് കൊടിലെ ഗാനം പാടിയിരിക്കുന്നത് ബിജു നാരായണനാണ്. ജാക്സൺ അർജ്ജുവയാണ് ഈ ഗാനം പുനരാവിഷ്കരിച്ചത്. മമ്മൂട്ടിയായിരുന്നു കാതോട് കാതോരത്തിലെ നായകൻ.
മമ്മൂട്ടി സിനിമയിലെ ഹിറ്റ് പാട്ട് റീമേക്ക് ചെയ്യുമ്പോൾ ആശങ്കയുണ്ടായിരുന്നെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. എന്തെങ്കിലും കൈപ്പിഴ പറ്റിയിരുന്നെങ്കിൽ നാട്ടുകാർ എയറിൽ നിർത്തിയേനെ. വീഡിയോ ഗാനം തയ്യാറായപ്പോൾ ആദ്യം തന്നെ മമ്മൂട്ടിയെ കാണിച്ച് സമ്മതം വാങ്ങിയെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. എവർഗ്രീൻ സോങ് റീക്രിയേറ്റ് ചെയ്ത് വേറൊരു തരത്തിൽ അവതരിപ്പിക്കുമ്പോൾ മേശമാവരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ആദ്യം തന്നെ മമ്മൂക്കയെ കാണിച്ച് സമ്മതം വാങ്ങി. കണ്ട ശേഷം അദ്ദേഹം വാട്സ്ആപ്പിലൂടെ തമ്പ്സ് അപ്പും നന്നായിരിക്കുന്നു ലവ് യൂ എന്നുമാണ് മറുപടി പറഞ്ഞത്'

'എന്നെ സംബന്ധിച്ച് ഫാൻ ബോയ് മൊമന്റ് എന്ന് പറയാം. അദ്ദേഹം തന്നെ അത് ഒഫീഷ്യലായി അനൗൺസ് ചെയ്തു. ഔസേപ്പച്ചൻ ചേട്ടൻ വിളിച്ച് സന്തോഷം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം സന്തോഷം പങ്കുവെച്ചു. എന്തെങ്കിലും കൈപ്പിഴ പറ്റിയിരുന്നെങ്കിൽ നാട്ടുകാർ എയറിൽ നിർത്തിയേനെ. ജനങ്ങൾ ഏറ്റെടുത്തതിൽ സന്തോഷവും സമാധനവും ഉണ്ട്,' കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Recommended Video

കനകം കാമിലി കലഹം, ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ എന്നീ സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയാണ് ന്നാ താൻ കേസ് കൊട്. ആഗസ്റ്റ് 12 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലഭിനയിച്ച് ശ്രദ്ധേയയായ തമിഴ് നടി ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. നടി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയുമാണിത്.


Click it and Unblock the Notifications











