'എനിക്ക് ചെയ്യാൻ പറ്റാത്തത് അവൻ ചെയ്യും, ഒറ്റ മോനായിപ്പോയി ഇല്ലേൽ കാണായിരുന്നുവെന്നാണ് പറഞ്ഞത്'; ചാക്കോച്ചൻ!
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ആൺകുഞ്ഞ് ജനിച്ചത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. പിന്നീട് കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരുമൊക്കെ ഏറെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ ഏറ്റെടുത്തത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്. ജൂനിയർ കുഞ്ചാക്കോയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെ വേഗത്തിലാണ് വൈറാലാകാറുള്ളത്.
കുഞ്ഞ് ഇസയ്ക്ക് കുഞ്ചോക്കോ ബോബനുള്ള പോലെ തന്നെ ആരാധകരുണ്ട്. പതിനാല് വർഷത്തോളം കാത്തിരുന്ന് പിറന്ന ഇസുവിനെ ചുറ്റിപറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. നാല് വയസുകാരനായ ഇസഹാക്ക് അച്ഛനെ മനോഹരമായി നൃത്തം ചെയ്യുമെന്ന് അടുത്തിടെ വൈറലായി ഒരു വീഡിയോയിൽ നിന്ന് ആരാധകർക്ക് മനസിലായി.

ചാക്കോച്ചനെ പോലെ തന്നെ ചെറിയ മൂവ്മെന്റുകൾ നടത്തുമ്പോൾ പോലും ഇസയിലും ഗ്രേസും എനർജിയും ഭംഗിയും കാണാൻ സാധിക്കുന്നുണ്ടെന്നും പുലിക്ക് പിറന്നത് പൂച്ചക്കുട്ടിയാവില്ലെന്ന് അറിയാമെന്നുമാണ് ആരാധകർ പറഞ്ഞത്. എവിടെ ഷൂട്ടിന് പോയാലും ട്രിപ്പ് പോയാലും ഭാര്യയേയും മകനേയും കുഞ്ചാക്കോ ബോബൻ ഒപ്പം കൂട്ടും.
അഭിമുഖങ്ങളിൽ പങ്കെടുക്കാൻ കുഞ്ചാക്കോ ബോബൻ എത്തുമ്പോഴെല്ലാം കൂടുതലും ആളുകൾ തിരക്കാറുള്ളത് ഇസയുടെ വിശേഷങ്ങളാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മകന്റെ കുറുമ്പുകളെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
തനിക്ക് ചെയ്യാൻ പറ്റാത്തതെല്ലാം മകൻ ഇസു ചെയ്യുമെന്നാണ് താരം പറയുന്നത്. അതിന് ഒരു ഉദാഹരണം പറയാമോയെന്ന് ചോദിച്ചപ്പോൾ പ്രിയയുടെ മൂക്കിന് ഇടിക്കുമെന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. 'ഏറ്റവും സന്തോഷമുള്ള കാര്യം എനിക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും അവൻ ചെയ്യുമെന്നതാണ്.'
'ഒരു ഉദാഹരണം പറയുകയാണെങ്കിൽ അവൻ പ്രിയയുടെ മൂക്ക് ഇടിച്ച് പരത്തും. ഈ അടുത്ത് ഞാൻ കോട്ടക്കലിൽ ഒരു ഷൂട്ടിന് പോയപ്പോൾ ഒരു ദിവസം രാത്രി പ്രിയ ഫോൺ വിളിച്ചിട്ട് എന്നോട് പറഞ്ഞു... ഒറ്റഒരുത്തനായി പോയി ഇല്ലേൽ ഞാൻ ചവിട്ടി കൂട്ടി പൂച്ചയ്ക്ക് ഇട്ട് കൊടുത്തേനെയെന്ന്.'

'അതുകേട്ട് ഞാൻ ചോദിച്ചു എന്തുപറ്റിയെന്ന്. ഉടൻ പ്രിയ ഒരു ഫോട്ടോ അയച്ച് തന്നു. ഫോട്ടോ നോക്കിയപ്പോൾ ഇസു ഇടിച്ചിട്ട് പ്രിയയുടെ ചുണ്ട് പൊട്ടി ബൾബ് പോലെ ഇരിക്കുകയാണ്. ഫോട്ടോ കണ്ട് പ്രിയയുടെ അടുത്ത് ഞാൻ ഭയങ്കരമായി ആക്ട് ചെയ്തു. സാരമില്ല പോട്ടടീ... എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു.'
'പക്ഷെ ഉള്ളിൽ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു... ഇവൾക്ക് ഇത് തന്നെ കിട്ടണമെന്നായിരുന്നു മനസിലെന്ന്', തമാശയായി കുഞ്ചാക്കോ ബോബൻ സംഭവം വിവരിച്ച് പറഞ്ഞു. കുഞ്ചാക്കോ ബോബൻ പ്രിയയെ ആദ്യമായി കാണുന്നത് പ്രിയയും സുഹൃത്തുക്കളും താരത്തെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും എത്തിയപ്പോഴാണ്.
പിന്നീട് ഇരുവരും പ്രണയത്തിലാകുകയും കത്തുകൾ പങ്കുവെച്ച് അന്നത്തെ ഏറ്റവും തീവ്രമായ രീതിയിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം കുഞ്ചാക്കോ ബോബൻ 2005ൽ പ്രിയയെ വിവാഹം കഴിച്ചു. 2019 ഏപ്രിൽ 16നാണ് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ ഇരുവരുടെയും ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞുങ്ങളില്ലാത്ത വിഷമം തന്നെക്കാൾ കൂടുതൽ അനുഭവിച്ചത് ചാക്കോച്ചനാണെന്ന് പ്രിയ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.
സിനിമാ നിർമാണം കൂടി തുടങ്ങിയതോടെ ചാക്കോച്ചന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രിയ കൂടി ചേർന്നാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. കുറച്ച് ദിവസം മുമ്പ് ന്നാ താൻ കേസ് കൊട് സിനിമയിലെ പ്രകടനത്തിന് കേരള സംസ്ഥാന സർക്കാറിന്റെ പ്രത്യേക ജൂറി പുരസ്കാരം നടന് ലഭിച്ചിരുന്നു.


Click it and Unblock the Notifications