'മമ്മൂട്ടി തന്ന മദ്യകുപ്പിയായതിനാൽ 35 വർഷമായിട്ടും ഉപയോഗിക്കാതെ സൂക്ഷിക്കുന്നു, രാജുവിന് പരിഭവമുണ്ട്'
മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് ഒരു വികാരമാണ്. മെഗാസ്റ്റാറിന് പ്രായം 72 കഴിഞ്ഞിരിക്കുകയാണ്. എന്നാൽ പ്രായം കൂടും തോറും വീര്യവും കൂടുകയാണെന്ന് മാത്രം. മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്. ശരീരവും ഭക്ഷണക്രമവും വസ്ത്രധാരണവുമെല്ലാം ഗംഭീരമായി ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം. മുമ്പ് പുകവലി നിരന്തരമായി മമ്മൂട്ടിക്കുണ്ടായിരുന്നു.
എന്നാൽ പിന്നീട് താരം തന്നെ അത് നിർത്തി. മദ്യപാനം പണ്ട് മുതൽ താരത്തിന് ഇല്ല. യാതൊരു വിധ ദുശീലവുമില്ലാത്തതാണ് എഴുപത്തിരണ്ടിലും മമ്മൂട്ടിയുടെ സൗന്ദര്യവും ശരീരവും നഷ്ടപ്പെടാത്തതിന്റെ മറ്റൊരു കാരണം. തന്റെ പുകവലി ശീലത്തെ കുറിച്ചും അത് പിന്നീട് മാറിയതിനെ കുറിച്ചും മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

തനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കാര്യം തള്ളിക്കളഞ്ഞത് പുകവലിയാണെന്നും തനിക്ക് ഇഷ്ടമായിരുന്നു പുകവലിയെന്നും മമ്മൂട്ടി മുമ്പ് പറഞ്ഞിട്ടുണ്ട്. 'എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കാര്യം തള്ളിക്കളഞ്ഞത് പുകവലിയാണ്. എനിക്ക് ഇഷ്ടമായിരുന്നു പുകവലി. പത്ത് പതിനഞ്ച് വർഷമായി കാണും. പുകവലിക്കുന്നത് എനിക്ക് ഇഷ്ടമാണ് പക്ഷെ പുകവലി എനിക്ക് മാത്രമല്ല ആർക്കും നല്ലതല്ല. ശാരീരികമായി.'
'ശരീരത്തിന് ഇഷ്ടമില്ലാത്ത കാര്യമാണ് ശരീരത്തോട് അഭിപ്രായം ചോദിക്കാതെ നമ്മൾ കടത്തിവിടുന്നത്. നമുക്ക് ജീവിക്കാൻ പുക വേണ്ടല്ലോ. ആഹാരപദാർത്ഥങ്ങൾ മതിയല്ലോ. പുകവലി മാറ്റിയത് ശാരീരിക പ്രശ്‌നങ്ങളുണ്ടായത് കൊണ്ടല്ല. നമുക്കത് നല്ലതല്ലെന്ന് തോന്നി. പുകവലി എനിക്ക് ഹാനീകരം അല്ലെങ്കിൽ കൂടി മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനീകരമാണ്.'
'എന്നെ കുറച്ച് പേരെങ്കിലും അനുകരിക്കാതിരിക്കില്ല. അപ്പോൾ ഞാൻ സിഗരറ്റ് വലിക്കുന്നത് അവരെ സ്വാധീനിക്കും. അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി', എന്നാണ് മമ്മൂട്ടി പറഞ്ഞത്. മദ്യപാനം തീരെ ഇല്ലാത്ത താരം മദ്യസേവ പോലും നടത്താറില്ല. ആരെങ്കിലും മദ്യപിച്ചതിന്റെ ബില്ല് താൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് നടൻ മുരളി മദ്യപിച്ചതിന്റെ മാത്രമാണെന്നാണ് മമ്മൂട്ടി ഒരിക്കൽ പറഞ്ഞത്.
ഇപ്പോഴിതാ മമ്മൂട്ടി ഒരു മദ്യക്കുപ്പി സമ്മാനിച്ചതിന്റെ കഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് നടൻ കുഞ്ചൻ. മമ്മൂട്ടി തന്ന മദ്യകുപ്പിയായതിനാൽ 35 വർഷമായിട്ടും ഉപയോഗിക്കാതെ താൻ അത് വീട്ടിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും വൈറലാകുന്ന വീഡിയോയിൽ കുഞ്ചൻ പറയുന്നു. രമേഷ് പിഷാരടിക്കൊപ്പം ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രസകരമായ സംഭവം കുഞ്ചൻ വെളിപ്പെടുത്തിയത്.

'മുപ്പത്തിയഞ്ച് വർഷം മുമ്പ് മമ്മൂക്കയ്ക്ക് ആരോ ഒരു റോയൽ സല്യൂട്ട് മദ്യത്തിന്റെ ഒരു കുപ്പി കൊണ്ടുകൊടുത്തു. മമ്മൂക്ക മദ്യപിക്കാറില്ല. അതുകൊണ്ട് അദ്ദേഹം ആ കുപ്പി അന്ന് എനിക്ക് സമ്മാനിച്ചു. റോയൽ സല്യൂട്ട് നല്ല വിലയുള്ള മദ്യമാണ്. അന്നും ഇന്നും ഏറ്റവും കോസ്റ്റ്ലി ആയിട്ടുള്ള ഡ്രിങ്കുകളിൽ ഒന്നാണ് റോയൽ സല്യൂട്ട്.'
'മമ്മൂക്ക സമ്മാനിച്ച കുപ്പിയായതുകൊണ്ട് ഞാൻ ഇന്നും ആ മദ്യകുപ്പി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. ഇതുവരെയും പൊട്ടിച്ചിട്ടില്ല. മദ്യത്തിന് പഴകും തോറും വീര്യം കൂടും', എന്നാണ് നടൻ കുഞ്ചൻ പറഞ്ഞത്. 35 വർഷം പഴക്കമുള്ള റോയൽ സല്യൂട്ട് കുഞ്ചന്റെ വീട്ടിലുള്ളതിൽ മണിയൻ പിള്ള രാജുവിന് പരിഭവമുണ്ടെന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. ആ കുഞ്ചന് കൊണ്ടുകൊടുത്ത കാരണം അത് ഒരു പ്രയോജനവുമില്ലാതെ പോയി.
അതെങ്ങാനും എനിക്ക് തന്നിരുന്നെങ്കിലെന്ന് ഇടയ്ക്കിടെ മണിയൻപിള്ള രാജു ചേട്ടൻ പറയുമെന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. കുഞ്ചന്റെ വെളിപ്പെടുത്തൽ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇത്രയും വലിയ രഹസ്യം പുറത്ത് വിട്ടതുകൊണ്ട് ഇനി ആരെങ്കിലും അടിച്ചുമാറ്റാതെ നോക്കിക്കോ, മമ്മൂക്ക മണിയൻപിള്ള രാജു കുഞ്ചൻ ഇവർ മൂന്നുപേരും വളരെ അടുത്ത സ്നേഹിതന്മാരാണ്, ലോക് ഡൗൺ സമയത്തും ആ കുപ്പി പൊട്ടിക്കാതെ കാത്തുസൂക്ഷിച്ച കുഞ്ചൻ ചേട്ടൻ്റെ മനസ് ആരും കാണാതെ പോകരുത് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications











