കല്യാണമാല പോലും വാങ്ങിയില്ല; പെണ്‍മക്കള്‍ തനിക്കൊരിക്കലും ഭാരമല്ല, അങ്ങനെ പറയുന്നത് തന്നെ തെറ്റെന്ന് മധുപാല്‍
നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നിങ്ങനെ മലയാള സിനിമയിലെ എല്ലാമെല്ലാമാണ് മധുപാല്‍. സിനിമയ്ക്ക് പുറമേ വ്യക്തി ജീവിതത്തില്‍ നല്ലൊരു അച്ഛനും ഭര്‍ത്താവും മുത്തച്ഛനുമൊക്കെയാണ് താരമിപ്പോള്‍. നാല് തലമുറയിലെ സ്ത്രീകളുടെ ചുറ്റുമുള്ള ജീവിതത്തെ കുറിച്ചും പെണ്‍മക്കളെ കുറിച്ചും മനസ് തുറക്കുകയാണ് താരമിപ്പോള്‍.
മാധവി, മീനാക്ഷി എന്നിങ്ങനെ രണ്ട് പെണ്‍മക്കളുടെ പിതാവായത് തനിക്കൊരിക്കലും ഭാരമായിട്ടില്ലെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മധുപാല്‍ പറയുന്നത്. ഒപ്പം മാധവിയും മീനാക്ഷിയും മാതാപിതാക്കളുടെ ജീവിതത്തെ കുറിച്ചും അവര്‍ സിനിമ തിരഞ്ഞെടുക്കാത്തതിന്റെ കാരണവും വ്യക്തമാക്കിയിരിക്കുകയാണ്.

പെണ്‍മക്കളുടെ അച്ഛനായത് ഒരു ഭാരമാണെന്ന് എനിക്ക് തോന്നില്ലെന്നാണ് മധുപാല്‍ പറയുന്നത്. അങ്ങനെ ചോദിക്കുന്നവരോട് ആ ചോദ്യം തന്നെ തെറ്റാണെന്ന് പറയാറുമുണ്ട്. എനിക്കു പറ്റാത്ത പല കാര്യങ്ങളും ഈ വീട്ടിലുണ്ട്. അത് ചെയ്ത് തരുന്നത് ഭാര്യ രേഖയാണ്.
കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായത്തിലൂടെയാണ് തങ്ങളുടെ വീട് എപ്പോഴും മുന്നോട്ടു പോയതെന്നാണ് മകള്‍ മീനാക്ഷി പറയുന്നത്. അച്ഛന് എടിഎം ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു. യാത്രയില്‍ പൈസയ്ക്ക് ആവശ്യം വരുമ്പോള്‍ അമ്മയെ വിളിച്ചു പറയും. അമ്മ ഏതെങ്കിലും കൂട്ടുകാരെ തപ്പി കണ്ടുപിടിച്ച് അവരുടെ അക്കൗണ്ടില്‍ പൈസയിടും.
അവരത് എടുത്ത് അച്ഛനു കൊടുക്കും. അതായിരുന്നു അവസ്ഥ. പിന്നെ, ആ ഡ്യൂട്ടി ഞങ്ങള്‍ക്കായി. വീട്ടിലെ എല്ലാ കാര്യവും അമ്മ നോക്കുന്നതു കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ഗൃഹനാഥയ്ക്കാണ് എന്നും പ്രാധാന്യം.

വിവാഹം കഴിഞ്ഞ് മൂത്തമകളായ മാധവിയും പഠനത്തിന് വേണ്ടി മീനാക്ഷിയും പോയതോടെ അച്ഛന്‍ 'പെട്ടു'. ഇപ്പോള്‍ ഓണ്‍ലൈന്‍ പെയ്‌മെന്റുകളും എടിഎം ഉപയോഗവും എല്ലാം പഠിച്ചു മിടുക്കനായെന്നാണ് താരപുത്രിമാര്‍ പറയുന്നത്.
പെണ്‍മക്കള്‍ എങ്ങനെയാണു ഭാരമാവുക എന്ന് താനെപ്പോഴും ആലോചിച്ചിട്ടുണ്ടെന്ന് പറയുകയാണ് മാധവി. എന്തൊരു തെറ്റായ ചിന്താഗതിയാണത്. പലപ്പോഴും വിവാഹവും സ്വര്‍ണവുമൊക്കെയായി ബന്ധപ്പെട്ടാകും ഈ ഭാരമെന്ന വാക്ക് വന്നതെന്ന് തോന്നാറുണ്ട്. ആ കാര്യത്തിലും അച്ഛനെയും അമ്മയെയും കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്.
സ്വര്‍ണം ധരിച്ചാല്‍ സുന്ദരികളാകുമെന്ന വിശ്വാസം ഞങ്ങള്‍ക്കില്ല. ആ ആറ്റിറ്റിയൂഡ് വീട്ടില്‍ നിന്നാണ് കിട്ടിയത്. അമ്മ ഒരുപാട് സ്വര്‍ണം ധരിച്ചു കണ്ടിട്ടില്ല. ഇവരുടെ കല്യാണത്തിന് അമ്മ കുഞ്ഞുമാലയാണ് ഇട്ടതെന്ന് കേട്ടിട്ടുണ്ട്.

തങ്ങളുടെ വിവാഹത്തെ കുറിച്ച് മധുപാലും സംസാരിച്ചിരുന്നു. 'ഞാനും രേഖയും വിവാഹം ചെയ്തത ഗുരുവായൂരില്‍ വച്ചായിരുന്നു. അവള്‍ ഇട്ടുകൊണ്ടുവന്ന ഒരു മാല കഴുത്തിലുണ്ടായിരുന്നു, അമ്പലത്തില്‍ നിന്നു കിട്ടുന്ന തുളസിമാല പരസ്പരം അണിയിച്ചു. അത്രയേയുള്ളൂ.
കല്യാണമാല പോലും വാങ്ങിയില്ല. ഒരാളുടെ വസ്ത്രത്തെയും രൂപത്തെയും വച്ച് അളക്കുന്ന രീതിയിലേക്കാണു പുതിയ കാലത്തെ മോറല്‍ പൊലീസിങ് വരുന്നത്. അതു പുതിയ കുട്ടികളിലുണ്ടാക്കുന്ന ഭാരം വലുതാണെന്ന്, നടന്‍ പറയുന്നു.

അച്ഛന് എഴുത്തുകാരനും സംവിധായകനുമായിട്ടും താരപുത്രിമാര്‍ സിനിമയിലേക്ക് വരാത്തതിന്റെ കാരണം അന്വേഷിക്കുന്നവര്‍ക്കുള്ള മറുപടിയും മാധവി പറയുന്നുണ്ട്. സിനിമയുടെ ഗ്ലാമര്‍ ഞങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് മാധവിയും മീനാക്ഷിയും പറയുന്നത്.
'അച്ഛന്റെയും അമ്മയുടെയും ജീവിതം ഞങ്ങള്‍ക്കറിയാം. അതുകൊണ്ടാകാം സിനിമയുടെ ഗ്ലാമര്‍ ഒരിക്കലും ഞങ്ങളെ ബാധിച്ചിട്ടില്ല. മധുപാലിന്റെ മകള്‍ എന്ന വിലാസം ഒരിടത്തും അറിയിക്കാതെയാണ് ഞങ്ങള്‍ വളര്‍ന്നത്. അടുപ്പമുള്ളവര്‍ മാത്രം അറിഞ്ഞാല്‍ പോരെ', എന്നാണ് മീനാക്ഷി ചോദിക്കുന്നത്.


Click it and Unblock the Notifications











