പൃഥ്വിരാജ് അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പായിരുന്നു, വളരെ സെൻസിബിളാണ് എന്നത് സംസാരത്തിൽ വ്യക്തമാണ്; മധുപാൽ
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി വിവിധ ടാഗുകളിലായി മുപ്പത് വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ് മധുപാൽ. 1994ൽ കാശ്മീരം എന്ന സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മധുപാലിന്റെ തുടക്കം. പിന്നീട് വില്ലൻ, നായകൻ, സഹനടൻ തുടങ്ങി വിവിധ റോളുകളിൽ തിളങ്ങി. നടൻ എന്ന രീതിയിൽ മധുപാൽ അവസാനമായി പ്രത്യക്ഷപ്പെട്ടത് ടെവിനോ തോമസ് സിനിമ അജയന്റെ രണ്ടാം മോഷണത്തിലാണ്.
തലപ്പാവ്, ഒഴിമുറി തുടങ്ങി മധുപാൽ സംവിധാനം ചെയ്ത സിനിമകളെല്ലാം നിരൂപക പ്രശംസ നേടിയവയുമായിരുന്നു. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനെ കുറിച്ചും മലയാള സിനിമയെ കുറിച്ചും മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ മധുപാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മധുപാൽ ആദ്യം സംവിധാനം ചെയ്ത തലപ്പാവിൽ നായകൻ പൃഥ്വിരാജായിരുന്നു.

രാജു സംവിധാനം ചെയ്യുമെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു. അതിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം അത്രയും സെൻസിബിളായിട്ടുള്ള കക്ഷിയാണ് രാജു. 2010, 2011, 2012 കാലഘട്ടത്തിൽ തന്നെ രാജു സിനിമ സംവിധാനം ചെയ്യുമെന്നാണ് ഞാൻ അന്ന് കരുതിയത്. പുള്ളിയോട് സംസാരിച്ചപ്പോഴൊക്കെ എനിക്ക് അത് തോന്നിയിട്ടുണ്ട്.
എല്ലാ മനുഷ്യരുടേയും ഉള്ളിൽ ഒരു സംവിധായകനോ നടനോ എഴുത്തുകാരനോ ഉണ്ടാകും. അവർക്ക് അത് ചെയ്യാനുള്ള സൗകര്യവും സന്ദർഭവും ഉണ്ടാകുമ്പോൾ അവർ അത് ചെയ്യുകയാണെങ്കിൽ അതിനെ അഭിനന്ദിക്കണം എന്നാണ് മധുപാൽ പറഞ്ഞത്. അടുത്തിടെയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമ എമ്പുരാൻ തിയേറ്റുകളിലെത്തിയത്. സിനിമയിലെ ചില സീനുകളും അതിലെ രാഷ്ട്രീയവും ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.
നടൻ സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും മധുപാൽ സംസാരിച്ചു. ഒരാളുടെ വർക്ക് കണ്ടാൽ അത് റെക്കഗനൈസ് ചെയ്യുക എന്നത് ഇപ്പോഴും ഞാൻ ചെയ്യുന്ന കാര്യമാണ്. ഒരു പുതിയ നടനേയോ തിരക്കഥാകൃത്തിനേയോ സംവിധായകനേയോ കണ്ടാൽ അവരുടെ വർക്ക് ഇഷ്ടപ്പെട്ടാൽ നമ്പർ തപ്പിപിടിച്ച് ഇപ്പോഴും ഞാൻ വിളിക്കാറുണ്ട്.
അടുത്തിടെ ഔസേപ്പിന്റെ ഒസൗത്ത് എന്ന സിനിമ ഞാൻ കണ്ടിരുന്നു. നന്നായി തന്നെ അയാൾ അത് ചെയ്തിട്ടുണ്ട്. സിനിമ കണ്ട് കഴിയുമ്പോൾ സുഹൃത്തുക്കളോടൊക്കെ ഞാൻ അതേ കുറിച്ച് സംസാരിക്കാറുണ്ട്. എനിക്ക് ഇഷ്ടമായെങ്കിൽ ഞാൻ പറയും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇങ്ങോട്ട് അവർ വിളിച്ച് സംസാരിച്ചാൽ അപ്പോൾ ഞാൻ പറയുമെന്നും മധുപാൽ പറയുന്നു. ഒരാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലേക്ക് നമുക്ക് കയറി ഇടപെടാൻ പറ്റില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.

കാരണം ഓരോരുത്തർക്കും അവരവരുടേതായ ഇഷ്ടങ്ങളും താൽപര്യങ്ങളും മോഹങ്ങളും ലക്ഷ്യങ്ങളുമുണ്ടാകും. സുരേഷ് ഗോപി ഇപ്പോഴും അഭിനയിക്കുന്നണ്ടല്ലോ. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയശേഷമല്ലേ ഗരുഡൻ പോലുള്ള സിനിമകളിൽ അദ്ദേഹം അഭിനയിച്ചത്. മമ്മൂട്ടിയേയും മോഹൻലാലിനേയും ഒന്നും വിളിച്ച് പടം നന്നായി എന്നൊന്നും ഞാൻ പറയാറില്ല.
അതിന് താഴെയുള്ള ജനറേഷൻ മുതലുള്ളവരോട് പറയാറുണ്ടെന്നും മധുപാൽ പറഞ്ഞു. എന്നെ ഒന്നും തന്നെ അലട്ടാറില്ല. സിനിമ ഇല്ലെങ്കിൽ ഇല്ല എന്ന രീതിയിൽ പോകും. എന്തെങ്കിലുമൊക്കെ നമ്മളെ അലട്ടിയാൽ നമ്മുടെ വളർച്ച ഇല്ലാതായി എന്നാണ് അർത്ഥം. ഞാൻ ഇതുവരെ ചെയ്ത എല്ലാ സിനിമകളും രസകരമായി എഞ്ചോയ് ചെയ്ത് എടുത്ത സിനിമകൾ തന്നെയാണ്. എനിക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ പോലും ഞാൻ ചെയ്തിട്ടില്ല.
ചെറിയ വേഷങ്ങളിലേക്ക് പോലും ആളുകളെ ഞാൻ തന്നെ കാസ്റ്റ് ചെയ്താണ് സിനിമ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും മധുപാൽ പറയുന്നു. അവസാനമായി മധുപാൽ സംവിധാനം ചെയ്ത സിനിമ ടൊവിനോ തോമസ് നായകനായ ഒരു കുപ്രസിദ്ധ പയ്യനാണ്.


Click it and Unblock the Notifications











