'നാല് പേര് കാൺകെ പരിചയപ്പെടുത്തണമെന്നുണ്ടായിരുന്നു, ആ വ്യക്തി ഇദ്ദേഹമാണ്, പലരും സ്വയം അവകാശം സ്ഥാപിക്കുന്നു'
ലോകത്താകമാനം എടുത്ത് നോക്കിയാൽ മമ്മൂട്ടി എന്ന് നാമധേയമുള്ള ഒരാളെ ഉണ്ടാകൂ.... അത് നമ്മുടെ എല്ലാം മെഗാസ്റ്റാറായ മമ്മൂട്ടിയാണ്. മുഹമ്മദ് കുട്ടി പനപ്പറമ്പിൽ മമ്മൂട്ടിയായ കഥ അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. തന്റെ ഒരു സുഹൃത്താണ് ആദ്യമായി മമ്മൂട്ടി എന്ന പേരിട്ടതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും സഹൃത്തിനെ പൊതുവേദിയിൽ താരം കൊണ്ട് വന്ന് പരിചയപ്പെടുത്തിയിട്ടില്ല.
പക്ഷെ മനോരമ ഹോർത്തൂസിന്റെ ഉദ്ഘാടന വേദിയിൽ അതും സംഭവിച്ചു. വലിയൊരു സദസ് അതിന് സാക്ഷ്യം വഹിച്ചു. നാല് പേര് കാൺകെ തനിക്ക് പേരിട്ട സുഹൃത്തിനെ പരിചയപ്പെടുത്തണമെന്നുണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്. ഞാനും മഹാരാജാസ് കോളേജിലാണ് പഠിച്ചത്.

മഹാരാജാസ് കോളേജ് എന്ന് പറയുമ്പോൾ എനിക്ക് ഉണ്ടാകുന്ന ഉൾപുളകം മഹാരാജാസിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉണ്ടാക്കുമെന്ന് എനിക്ക് അറിയാം. മഹാരാജാസ് കോളേജ് ഒരു കോളേജല്ല അതൊരു വികാരമാണ്. ഞാൻ മഹാരാജാസിൽ പഠിച്ചിരുന്ന കാലത്ത്... നിങ്ങൾ കേട്ട് കാണും... എന്റെ പേര് മറ്റൊന്നായിരുന്നു. മുഹമ്മദ് കുട്ടിയെന്ന പേര് വളരെ അപരിഷ്കൃതമായിട്ടാണ് എനിക്ക് അന്ന് തോന്നിയത്.
അതുകൊണ്ട് പരിചയമില്ലാത്ത കുട്ടികൾ പേര് ചോദിക്കുമ്പോൾ ഒമർ ഷെരീഫ് എന്നാണ് ഞാൻ പറഞ്ഞിരുന്നത്. ഒമറെ എന്നാണ് കുട്ടികൾ എന്നെ വിളിച്ചിരുന്നത്. പക്ഷെ ഒരു ദിവസം ഞാൻ കൂട്ടുകാർക്കൊപ്പം നടക്കവെ പോക്കറ്റിൽ നിന്ന് എന്റെ ഐഡന്റിറ്റി കാർഡ് താഴെ വീണു.
അത് ഒരുത്തൻ എടുത്ത് നോക്കിയിട്ട്... എടാ നിന്റെ പേര് ഒമർ എന്നല്ലല്ലോ മമ്മൂട്ടി എന്നല്ലേയെന്ന് ചോദിച്ചു. അന്ന് മുതലാണ് ഞാൻ എന്റെ സുഹൃത്തുക്കൾക്കിടയിലും നിങ്ങൾക്കും മമ്മൂട്ടിയായി മാറിയത്. പലരും ചോദിച്ചു മമ്മൂട്ടിയെന്ന് പേരിട്ടയാൾ ആരാണെന്ന്... സ്വമേധയാ മുന്നോട്ട് വന്ന് ഞാനാണെന്ന് പറഞ്ഞവർ ഒരുപാടുണ്ട്. പക്ഷെ എനിക്ക് മമ്മൂട്ടിയെന്ന് പേരിട്ടയാൾ ഈ സദസിൽ ഇരിപ്പുണ്ട്. അദ്ദേഹത്തിന്റെ പേര് ശശിധരൻ എന്നാണ്.
നിങ്ങൾക്ക് കാണാൻ വേണ്ടി പുള്ളിയെ ഞാൻ സ്റ്റേജിലേക്ക് വിളിക്കുന്നു. എടവനക്കാടാണ് വീടാണ്. മമ്മൂക്കയുടെ ക്ഷണം സ്വീകരിച്ച് ശശിധരൻ വേദിയിലേക്ക് എത്തി പ്രിയ സുഹൃത്തിന്റെ തോളോട് ചേർന്ന് നിന്നു. പലരും പേരിട്ടയാൾ താനാണെന്ന് അവകാശപ്പെട്ടുകൊണ്ട് പല പത്രങ്ങളിലും എഴുതുകയൊക്കെ ചെയ്തിട്ടുണ്ട്.

പക്ഷെ അവരാരുമല്ല... എടവനക്കാടുള്ള ശശിധരനാണ് എനിക്ക് മമ്മൂട്ടിയെന്ന പേരിട്ടത്. ആ പേര് വരാനുള്ള കാരണക്കാരൻ. പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഇയാളെ ഞാൻ ഒളിച്ച് വെച്ചിരിക്കുകയായിരുന്നു. പുറത്ത് വിടാതെ... ഒരു സർപ്രൈസ്. നാല് പേര് കാൺകെ ഇദ്ദേഹത്തെ പരിചയപ്പെടുത്തണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു.
അത് എന്തായാലും ഹോർത്തൂസിന്റെ വേദിയിൽ തന്നെയായത് വളരെ ഏറെ സന്തോഷം നൽക്കുന്നു എന്ന് പറഞ്ഞാണ് മമ്മൂട്ടി അവസാനിപ്പിച്ചത്. വീഡിയോ വൈറലായതോടെ കഥപറയുമ്പോൾ സിനിമയിലെ ക്ലൈമാക്സ് രംഗം റിയൽ ലൈഫിൽ കാണാൻ സാധിച്ചതുപോലെ തോന്നി എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നയാളാണ് മമ്മൂട്ടി. ഒരുപാട് സന്തോഷം തോന്നി... മറ്റൊരു നടനും ഇത്ര റിയൽ ആയിട്ട് സ്റ്റേജിൽ നിന്ന് സംസാരിക്കാറില്ലെന്നും ചിലർ കുറിച്ചു.
ലോറൻസ് ഓഫ് അറേഹബ്യയിലും ഡോക്ടർ ഷിവാഗോയിലുമൊക്കെ അഭിനയിച്ച ഈജിപ്ത്യൻ നടൻ ഒമർ ഷെരീഫിനോടുള്ള ആരാധന മൂലമാണ് ആ പേര് ഗമയോടെ പറഞ്ഞിരുന്നത് എന്ന ഡീറ്റെയിൽ കൂടി പറയാമായിരുന്നു മമ്മൂക്കാ എന്നും ചിലർ കുറിച്ചു. മലയാള മനോരമ ഒരുക്കുന്ന കലാ, സാംസ്കാരിക ഉത്സവമായ ഹോർത്തൂസിന്‍റെ രണ്ടാം പതിപ്പ് ഈമാസം 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിലാണ് അരങ്ങേറുന്നത്.


Click it and Unblock the Notifications