അന്ന് അവർക്ക് ഒന്നും അറിയാത്തതിനാൽ എനിക്ക് പിറകേ വരും, ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; മമ്മൂട്ടി
എവിടെ തുടങ്ങിയോ അവിടേക്ക് തന്നെ തിരികെ എത്തി അവസാനിക്കുന്നതാണ് മനുഷ്യ ജീവിതം. ജനനശേഷം ഒരു ഘട്ടം വരെ ഏതൊരു വ്യക്തിക്കും മാതാപിതാക്കളും മുതിർന്ന മറ്റ് കുടുംബാംഗങ്ങളുമാകും വഴികാട്ടിയായി ഉണ്ടാവുക. ലോകത്തെ കുറിച്ച് ഒരുവൻ പഠിച്ച് തുടങ്ങുന്നതും രക്ഷിതാക്കളിൽ നിന്നാണ്. വർഷങ്ങൾ കഴിയുമ്പോൾ ഇതെല്ലാം നേരെ തിരിച്ചാകും. മാതാപിതാക്കൾക്ക് എല്ലാ കാര്യത്തിലും മക്കളുടെ സഹായവും പിന്തുണയും ആവശ്യമായി വരും.
പ്രായം ബാധിച്ച് തുടങ്ങുമ്പോൾ ലോകം സഞ്ചരിക്കുന്നതിന് അനുസരിച്ച് ഒപ്പം ഓടിയെത്താൻ കഴിയാതെ വരുന്നു എന്നതാണ് കാരണം. ഇപ്പോഴിതാ മനുഷ്യന്റെ ജീവിതചക്രത്തെ കുറിച്ച് മലയാളത്തിന്റെ അഭിമാനമായ നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ന്യൂജെൻ പിള്ളേരേക്കാൾ അപ്ഡേറ്റഡാണ് മമ്മൂക്ക എന്നാണ് സഹപ്രവർത്തകരും ആരാധകരും പറയാറുള്ളത്.

ട്രെന്റിനൊപ്പം സഞ്ചരിക്കുകയും തന്നെ തന്നെ പുതുക്കുകയും ചെയ്യുന്ന മലയാളത്തിലെ ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ. എന്നാൽ മക്കൾ മുതിർന്നശേഷം താൻ എല്ലാ കാര്യങ്ങൾക്കും അവരെ ആശ്രയിക്കാറുണ്ടെന്ന് മെഗാസ്റ്റാർ പറയുന്നു. ഇന്നത്തെ ലോകത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള കാര്യ വിവരം തന്നേക്കാൾ അവർക്കാണെന്നും നടൻ പറയുന്നു.
തന്നെപ്പോലെ തന്നെയാണ് ഒട്ടുമിക്ക മാതാപിതാക്കളുമെന്നും പക്ഷെ എല്ലാവരും ഇതൊന്നും തുറന്ന് സമ്മതിക്കില്ലെന്നും നടൻ പറഞ്ഞു. എന്റെ കുഞ്ഞുങ്ങൾ ചെറുതായിരുന്ന കാലത്ത് ഞാൻ മുമ്പിൽ നടക്കും അവർ എനിക്ക് പിറകെ വരും. കാരണം ആ സമയത്ത് അവരെക്കാൾ കൂടുതൽ കാര്യ വിവരവും ലോക വിവരവും എനിക്ക് കൂടുതലായിരുന്നു. പക്ഷെ ഇപ്പോൾ എല്ലാം മാറി. ഞാൻ എന്റെ മക്കൾക്ക് പിന്നിലാണ് നടക്കുന്നത്. മക്കളാണ് മുന്നിൽ നടക്കുന്നത്.
കാരണം എന്നെക്കാൾ കൂടുതൽ കാര്യ വിവരങ്ങളും എന്നെക്കാൾ കൂടുതൽ ലോക വിവരവും എന്റെ മക്കൾക്കാണ്. സത്യം പറഞ്ഞതാണ് ഞാൻ. പണ്ട് വെളിനാടുകളിൽ പോകുമ്പോൾ മക്കൾ കുഞ്ഞുങ്ങളാണ്. അവർക്ക് ഒന്നും അറിയാത്തതുകൊണ്ട് അവർ എന്റെ പുറകിൽ വരും. ഇപ്പോൾ ഞാൻ അവരുടെ പിറകെ പോകും. അത് പക്ഷെ പല പിതാക്കന്മാരും സമ്മതിക്കുന്നില്ലെന്നായിരുന്നു നടന്റെ വാക്കുകൾ. കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള നടന്റെ അഭിമുഖമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
മകൻ ദുൽഖർ സൽമാനെക്കാൾ ഫാഷന്റെ കാര്യത്തിലും സോഷ്യൽമീഡിയ ട്രെന്റിന്റെ കാര്യത്തിലും ഇലക്ട്രിക്ക് ഗാഡ്ജെറ്റുകളുടെ കാര്യത്തിലും മമ്മൂട്ടി ഒരുപിടി മുന്നിലാണ്. മലയാള സിനിമ മാറി തുടങ്ങിയപ്പോൾ അതിനൊപ്പം ആദ്യം സഞ്ചരിച്ച് തുടങ്ങിയയാൾ മമ്മൂട്ടിയാണ്. മാറ്റങ്ങൾ ഉൾക്കൊള്ളാനും വീഴ്ചകളിൽ നിന്നും പഠിക്കാനും എഴുപത്തിനാലാം വയസിലും അദ്ദേഹം തയ്യാറാണ്.

അടുത്തിടെയാണ് ചില ആരോഗ്യപ്രശ്നങ്ങൾ നടനെ അലട്ടുന്നുണ്ടെന്ന വാർത്ത പുറത്ത് വന്നത്. മമ്മൂട്ടിക്ക് കാൻസർ ബാധിതനാണെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തള്ളി. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ സിനിമാ തിരക്കുകളിൽ നിന്നെല്ലാം വിട്ട് മാറി വിശ്രമ ജീവിതം നയിക്കുകയാണ്. നടന്റെ പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന താരം ഈ മാസം കേരളത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവില്‍ ചെന്നൈയിലെ വസതിയിലാണ് മമ്മൂട്ടി. മഹേഷ് നാരായണന്‍ സിനിമ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണത്രെ നടൻ കേരളത്തിൽ എത്തുന്നത്. ഏറെ നാളുകൾക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് മഹേഷ് നാരായണന്റെ സിനിമ.
ഈ വർഷം ഇതുവരെ രണ്ട് മലയാള സിനിമകളാണ് മമ്മൂട്ടിയുടേതായി റിലീസിന് എത്തിയത്. അതിൽ ഒന്ന് ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്സാണ്. മറ്റൊന്ന് ബസൂക്കയാണ്. രണ്ടും മോശമല്ലാത്ത ബോക്സ്ഓഫീസ് കലക്ഷൻ നേടിയവയാണ്.


Click it and Unblock the Notifications