'എന്റെ ദുഃസ്വഭാവം എന്റെ ശുണ്ഠി തന്നെ, പക്ഷെ അത് പത്ത് സെക്കന്റ് മാത്രമേ ഉള്ളൂ'; തുറന്നുപറഞ്ഞ് മമ്മൂട്ടി
പുതുമുഖസംവിധായകര്‍ക്ക് എന്നും അവസരങ്ങള്‍ നല്‍കിയ നടനാണ് മമ്മൂട്ടി. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം പുഴുവിന്റെ സംവിധാനവും ഒരു പുതുമുഖമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഇതുവരെ കാണാത്ത വേഷത്തില്‍ അവതരിപ്പിക്കുന്ന സിനിമയുടെ സംവിധാനം നവാഗതയായ റത്തീന പി.ടിയാണ്. മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ആദ്യമായി ഒന്നിച്ചെത്തുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
തന്റെ ഏറ്റവും പുതിയ ചിത്രം പുഴുവിനെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മമ്മൂട്ടി. പ്രശസ്ത അവതാരകയായ രേഖാ മേനോനുമായുള്ള അഭിമുഖത്തിലാണ് മമ്മൂട്ടി മനസ്സു തുറക്കുന്നത്.

പുഴുവിന്റെ തിരക്കഥ വായിച്ച് സിനിമ ചെയ്യാം എന്നു തീരുമാനിച്ചതിനെക്കുറിച്ച് മമ്മൂട്ടി പറയുന്നതിങ്ങനെ : 'പുഴുവിന്റെ തിരക്കഥ വായിച്ച് എനിക്കു സാധിക്കുമെന്ന് തോന്നിയതിനാലാണ് രത്തീനയോട് ഓക്കെ പറഞ്ഞത്. ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിക്കുന്നതെങ്കിലും അയാളുടെ വ്യക്തിപരമായ ജീവിതത്തിനാണ് സിനിമയില്‍ പ്രാധാന്യമുള്ളത്.
ഒരു സിനിമയുടെ തിരക്കഥ കേട്ട് നോ പറയാന്‍ അധികസമയം വേണ്ടിവരില്ല. ചിലപ്പോള്‍ കുറച്ച് ആലോചിക്കും. വേണോ വേണ്ടയോ എന്നൊക്കെ ചിന്തകളും കാണും. എന്നിരുന്നാലും നോ പറയാന്‍ അത്ര ബുദ്ധിമുട്ടിയിട്ടില്ല.

ഞാന്‍ സിനിമയില്‍ വന്നകാലം മുതല്‍ പുതുമുഖ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നുണ്ട്. അന്ന് ഞാനും എനിക്കൊപ്പം വന്നവരുമെല്ലാം പുതുമുഖങ്ങളായിരുന്നല്ലോ. സിനിമയില്‍ വന്നശേഷം അനേകം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. പുതിയ സംവിധായകര്‍ക്ക് എന്തെങ്കിലും ഒരു പുതിയ കാര്യം പറയാനുണ്ടാകും. അതാണ് പുതുമുഖസംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാനുള്ള പ്രധാന കാരണം.' മമ്മൂട്ടി സൂചിപ്പിക്കുന്നു.
'ഈ കൊല്ലം മാത്രമല്ല ഇനിയുള്ള വര്‍ഷങ്ങളിലും ചിലപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്‌തേക്കാം. പണ്ടും വ്യത്യസ്തതയ്ക്കായി ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിക്കുന്നു. പക്ഷെ, ചിലതൊക്കെ പ്രേക്ഷകര്‍ കാണാതെപോകുന്നു. അതൊരുപക്ഷെ എന്റെ ഭാഗ്യക്കേടാകാം' മമ്മൂട്ടി പറയുന്നു.
'ഒരു കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ ഉള്ളില്‍ ചിന്ത രൂപപ്പെടും. അതില്‍ നിന്നാണ് പിന്നെ പല മാനറിസങ്ങളും ഉണ്ടാകുന്നത്. പുഴുവിലും അങ്ങനെ തന്നെയാണ്. എന്തെങ്കിലും ഒരു പ്രത്യേക കാര്യം ഈ സിനിമയ്ക്ക് വേണ്ടി ചെയ്തു എന്ന് ഇപ്പോള്‍ പറയാനാകില്ല.' മമ്മൂട്ടി വ്യക്തമാക്കുന്നു.

'പ്രേക്ഷകര്‍ക്ക് നമ്മെ വിശ്വാസമുണ്ട്. അവരുടെ വിശ്വാസത്തെ നമ്മള്‍ തെറ്റിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. അത് ശരിയായി ഇരുന്നാല്‍ മതി. ഇപ്പോഴത്തെ പ്രേക്ഷകര്‍ ഒരുപാട് നല്ല സിനിമകള്‍ കാണുന്നവരാണ്. അവര്‍ ചിലപ്പോള്‍ നമ്മളേക്കാള്‍ ഈ മേഖലയെക്കുറിച്ച് അറിവുള്ളവരായിരിക്കും. അതുകൊണ്ട് പലപ്പോഴും അവര്‍ക്കല്ല നമുക്കാണ് ചാലഞ്ച് ഏറ്റെടുക്കേണ്ടിവരുന്നത്.'
അന്യഭാഷാ ചിത്രങ്ങളിലെ അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി ഇപ്രകാരമായിരുന്നു:' അന്യഭാഷകളില്‍ അഭിനയിക്കുന്നത് കുറച്ച് റിസ്‌ക് ആണ്. പരിചിതമല്ലാത്ത കഥാപാത്രങ്ങളാണെങ്കില്‍ കുറച്ച് പാടുപെടും. തമിഴ്, തെലുങ്ക് എന്നീ സിനിമകള്‍ താരതമ്യേന എളുപ്പമാണ്. അവരുടെ ഭാഷ, അംഗവിക്ഷേപങ്ങള്‍ ഇതെല്ലാം മലയാളത്തിന്റേത് പോലെയല്ല, വളരെ വ്യത്യസ്തമാണ്. അത് കുറേയൊക്കെ കണ്ടുമനസ്സിലാക്കിയും പഠിപ്പിച്ചു തന്നുമാണ് ശരിയാക്കിയെടുക്കുന്നത്. അങ്ങനെയുള്ള സാഹസങ്ങള്‍ ഇടയ്ക്കിടയ്‌ക്കേ ഉള്ളൂ.'

സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം ഏതെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ ഉത്തരം ഇങ്ങനെയായിരുന്നു: 'സിനിമയില്‍ ഏറ്റവും ഇഷ്ടം അഭിനയിക്കുന്നത് തന്നെയാണ്. നമുക്ക് വിശപ്പ് വരുമ്പോള്‍ ഭക്ഷണം കഴിക്കുന്നതുപോലെ സിനിമാഭിനയം എന്നത് ഒരു ആഗ്രഹമാണ്. അതില്‍ത്തന്നെ നില്‍ക്കാനാണ് ഇഷ്ടം. ഇടവേളയെടുക്കാന്‍ താത്പര്യമില്ല.'
'എന്റെ ഏറ്റവും വലിയ ദുസ്വഭാവം എന്റെ ശുണ്ഠി തന്നെയാണ്. പെട്ടെന്ന് ദേഷ്യം വരും. ഒരു പത്തുസെക്കന്റ് നീളുന്ന ദേഷ്യമേ കാണൂ. പക്ഷെ, അത് പെട്ടെന്ന് സംഭവിക്കുന്നതാണ്. എന്തെങ്കിലും ഒരു കാരണം കൊണ്ട് പെട്ടെന്നു സംഭവിക്കുന്നതാകാം. അതങ്ങനെ പോകട്ടെ എന്നു വിചാരിക്കുന്നു.' മമ്മൂട്ടി വ്യക്തമാക്കുന്നു.


Click it and Unblock the Notifications











