'താലോലിച്ച് വളർത്തിയ കുട്ടി, എന്നോടുള്ള സ്നേഹം കൊണ്ട് പഠിച്ചു, എന്റെ ഐശ്വര്യം, സുലു ഇല്ലായിരുന്നുവെങ്കിൽ...'
നാൽപ്പത്തിയാറ് വർഷമായി മമ്മൂട്ടിയുടെ ജീവിതത്തിന്റെ എല്ലാമെല്ലാണ് ഭാര്യ സുൽഫത്ത്. എല്ലാ യാത്രയിലും ഫങ്ഷനുകളിലും ഭാര്യയും നടനെ അനുഗമിക്കാറുണ്ട്. മലയാളത്തിലെ മാതൃക ദമ്പതികളാണ് ഇരുവരും. ഫാമിലിമാൻ എന്ന ലേബലിൽ മമ്മൂട്ടിക്ക് സഹപ്രവർത്തകർ അടക്കം നൂറിൽ നൂറ് മാർക്കാണ് നൽകാറുള്ളത്. പലരും അനുകരിക്കാൻ ശ്രമിക്കുന്നതും മമ്മൂട്ടിയുടെ കുടുംബജീവിതവും ഭാര്യയോടും മക്കളോടും കാണിക്കുന്ന സ്നേഹവും കരുതലുമാണ്.
1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്. മമ്മൂട്ടിയുടെ സിനിമ കരിയറിലും വ്യക്തി ജീവിതത്തിലും എന്നും താങ്ങും തണലുമായി സുല്‍ഫത്തുണ്ട്. പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന കാലത്താണ് മമ്മൂട്ടി സുൽഫത്തിനെ ജീവിതത്തിലേക്ക് കൂട്ടുന്നത്. സുലു വന്നില്ലായിരുന്നുവെങ്കിൽ താൻ ഇവിടെ വരെ എത്തുമായിരുന്നുവെന്ന് തോന്നുന്നില്ലെന്ന് പറയുകയാണ് താരം.

വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ നല്ലപാതിയെ കുറിച്ച് നടൻ മനസ് തുറന്നത്. ഞാൻ കല്യാണം കഴിക്കുന്ന സമയത്ത് അവൾക്ക് ഒന്നും അറിയില്ലായിരുന്നു. ഞാൻ അവൾക്ക് പാചകം പഠിപ്പിച്ച് കൊടുത്തിട്ടില്ല. എനിക്ക് വേണ്ടി അവൾ പഠിക്കേണ്ടി വന്നതാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ ഞാൻ ഒരു നാടനാണ്.
ചോറും കറിയുമെല്ലാമാണ് ഇഷ്ട ഭക്ഷണം. പക്ഷെ ഇപ്പോൾ അതൊന്നും കഴിക്കാറില്ല. മീനാണ് കൂടുതൽ പ്രിഫർ ചെയ്യുന്നത്. പച്ചക്കറിയോടും വിരോധമില്ല. പക്ഷെ ചെറുപ്പം മുതൽ ഞാൻ ശീലിച്ച ചില ടേസ്റ്റുകളുണ്ട്. കുടുംബത്തിലെ മൂത്തക്കുട്ടിയാണ് സുലു. മാത്രമല്ല അവളെ താലോലിച്ചാണ് അവർ വളർത്തിയതും. ചെറിയ പ്രായത്തിലായിരുന്നു അവളുടെ വിവാഹവും. അതുകൊണ്ട് തന്നെ ഒന്നും അറിയില്ല.
പിന്നെ എന്നോടുള്ള സ്നേഹം കൊണ്ട് അവൾ പാചകം പഠിച്ചു. എനിക്ക് ഏറ്റവും നല്ല ഭക്ഷണം ഉണ്ടാക്കി തരുന്നതും അവൾ തന്നെയാണ്. എന്നെ ഏറ്റവും കൂടുതൽ വിമർശിക്കാറുള്ളതും എന്റെ ഭാര്യയാണ്. ഞാൻ എപ്പോഴും ലോസ്റ്റായി എവിടെ എങ്കിലും ഇരിക്കും. ഒന്ന് ചിരിച്ച് നിന്നൂടെ നിങ്ങൾക്കെന്ന് അവൾ ചോദിക്കും. ഒരുപാട് കാര്യങ്ങൾ ഒരേ സമയത്ത് ചെയ്യുന്നയാൾ കൂടിയാണ് ഞാൻ.
അങ്ങനൊരു കുഴപ്പം കൂടിയുണ്ട്. ടിവി കണ്ടുകൊണ്ട് കമ്പ്യൂട്ടർ ഓപ്പറേറ്റ് ചെയ്ത് ഫോണിലും സംസാരിക്കും മുന്നിലിരിക്കുന്നയാളോടും സംസാരിക്കും. അങ്ങനെ നാല് കാര്യം ഞാൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇവൾ അഞ്ചാമത് എന്തെങ്കിലും എന്നോട് ചോദിച്ചാൽ എനിക്ക് ദേഷ്യം വരും. ഞാൻ ലവ് സീൻ ചെയ്യുന്നതിൽ അവൾക്ക് പരാതിയുണ്ടോയെന്ന് ചോദിച്ചാൽ അങ്ങനെ പരാതി പറയാൻ പാകത്തിലുള്ള സീനുകളിൽ ഞാൻ അഭിനയിക്കാറില്ലല്ലോ.

പിന്നെ ചെറിയ വിഷമം ഉണ്ടാകും. ഏത് ഭാര്യയ്ക്കാണ് അത്രമാത്രം മഹാമനസ്കതയുള്ളത്. ഞാൻ അഭിനയിക്കുകയാണെന്ന ധാരണ ഉള്ളതുകൊണ്ട് കുഴപ്പമില്ല. ജീവിക്കുന്നതും അവളുടെ കൂടെയാണ്. കല്യാണം കഴിഞ്ഞ് ഏഴാമത്തെ ദിവസം സിനിമയിൽ വന്നതാണ് ഞാൻ. അവൾ വന്നശേഷമാണ് എന്റെ ഐശ്വര്യം തുടങ്ങിയതെന്നാണ് സത്യം. പക്ഷെ അത് അവളോട് പറയേണ്ട. ഏത് പുരുഷന്റെ വിജയത്തിന് പിന്നിലും സ്ത്രീയുണ്ടെന്നത് ശരിയാണ്.
കല്യാണം കഴിച്ചില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതത്തിൽ എനിക്ക് ലക്ഷ്യങ്ങളുണ്ടാകുമായിരുന്നില്ല. എന്ന് കരുതി എല്ലാവർക്കും സ്ത്രീയുടെ പിന്തുണയുണ്ടെങ്കിലെ മുന്നോട്ട് പോകാൻ കഴിയൂവെന്നില്ല. എക്സപ്ഷണൽ കേസുകളുണ്ട്. പക്ഷെ സാധാരണക്കാരായ നമുക്ക് പിൻപറ്റാൻ ആള് വേണം. ഒരു ലൈഫ് പാട്നർ എപ്പോഴും നമ്മളെ പ്രമോട്ട് ചെയ്യാൻ ഉണ്ടാവണം. അല്ലാത്തപക്ഷം കുറേക്കാലം കഴിയുമ്പോൾ നമ്മുടെ ആർജവം നഷ്ടപ്പെട്ട് പോകും.
കുടുംബസ്ഥനല്ലായിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെയാന്നും ആവുമായിരുന്നില്ല. ഇടയ്ക്ക് വെച്ച് നിർത്തി പോയേനെ എന്നും മമ്മൂട്ടി പറയുന്നു. വാപ്പിച്ചിയുടേയും ഉമ്മച്ചിയുടേയും സ്നേഹം നിറഞ്ഞ ദാമ്പത്യ ജീവിതം തന്നെയാണ് മകൻ ദുൽഖറും മാതൃകയായി സ്വീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications











