മമ്മൂട്ടിയെ അന്വേഷിച്ചവർക്കുള്ള മറുപടി; ആശംസ കണ്ടതിനേക്കാൾ സന്തോഷം ആക്ടീവായി കണ്ടതിലാണ്, വൈറലായി പോസ്റ്റ്!

കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷത്തിൽ ഏറെയായി മലയാള സിനിമയുടെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോ​ഹൻലാലും. സൂപ്പർസ്റ്റാർ പദവി എല്ലാ കാലത്തും ഒരാൾക്ക് മാത്രം സ്വന്തമല്ലെന്നും പുതിയ ആളുകൾ ആ സ്ഥാനം അലങ്കരിക്കാൻ വരുമ്പോൾ അവർക്ക് അത് കൈമാറണമെന്നുമാണ് ഒരിക്കൽ തന്റെ സ്റ്റാർഡത്തെ കുറിച്ച് സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്. പക്ഷെ ഇതുവരേയും ബി​ഗ് എംഎസ്സിന്റെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഒരാളും കയറി വന്നിട്ടില്ലെന്നതാണ് സത്യം.

ഫാൻസിന്റെ ഭാഷയിൽ പറഞ്ഞാൽ... ആ കിരീടം താങ്ങാൻ പാകത്തിന് ഒരു തല ഇതുവരെ ഉയർന്ന് വന്നിട്ടില്ല. ഒരേ സമയം മലയാളത്തിൽ പടർന്ന് പന്തലിച്ച മമ്മൂട്ടിയും മോഹൻലാലും സഹപ്രവർത്തകരെപ്പോലെയല്ല സഹോദരങ്ങളെപ്പോലെയാണ് ബന്ധം നിലനിർത്തുന്നത്. മറ്റൊരു ഇൻഡസ്ട്രിയിലും ഇത്രയും മനോഹരമായ ഒരു സൗഹൃദം കാണാൻ കഴിയില്ല.

Mammootty Empuraan Movie

ഇപ്പോഴിതാ മോഹൻലാലിന്റെ ബി​ഗ് ബജറ്റ് സിനിമ എമ്പുരാന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ലാലിന്റെ സ്വന്തം ഇച്ചാക്ക. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലായി. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്. ചരിത്ര വിജയം സൃഷ്ടിക്കാനൊരുങ്ങുന്ന എമ്പുരാന്‍ സിനിമയിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കുന്നു.

ലോകത്തിലെ എല്ലാ അതിര്‍ത്തികളും ഭേദിച്ച് മലയാള സിനിമാ വ്യവസായത്തിന് ആകമാനം അഭിമാനമാകുന്ന ചിത്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനും എല്ലാ പിന്തുണയും ആശംസയും അറിയിക്കുന്നുവെന്നുമാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. നാളെയാണ് മലയാളത്തിലെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് സിനിമകളിൽ ഒന്നായ എമ്പുരാൻ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്നത്.

മമ്മൂട്ടിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ മമ്മൂട്ടി, മോഹൻലാൽ ആരാധകർ മാത്രമല്ല സിനിമാപ്രേമികളും ആഹ്ലാദത്തിലാണ്. അതിന് കാരണം ഒരിടവേളയ്ക്കുശേഷം പ്രിയ താരത്തെ വീണ്ടും സോഷ്യൽ‌മീഡിയയിൽ ആക്ടീവായി കണ്ടുവെന്നതാണ്. കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മമ്മൂട്ടിയുമായി ബന്ധപ്പെട്ട് അത്ര സുഖകരമല്ലാത്ത വാർത്തകളും റിപ്പോർട്ടുകളുമാണ് പ്രചരിച്ചത്. നടന് ചില ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്നും അതിന്റെ ഭാ​ഗമായി ചികിത്സയിലാണെന്നുമാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചത്.

താരത്തിന് കാൻസർ ആണെന്ന തരത്തിലും റിപ്പോർ‌ട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് നടനുമായി അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് വ്യക്തമാക്കി രം​ഗത്ത് എത്തിയിരുന്നു. പിന്നാലെ ലോക സന്തോഷദിനത്തിൽ മമ്മൂട്ടി നിറചിരിയുമായി നിൽക്കുന്ന ഒരു കാൻഡിഡ് ഫോട്ടോ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ശരണ്‍ ബ്ലാക്ക്സ്റ്റാര്‍ എടുത്ത മമ്മൂട്ടിയുടെ ഫോട്ടോ ജോര്‍ജ് എസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Mammootty Empuraan Movie

അതുപോലെ അടുത്തിടെ ശബരിമല ദർശനം നടത്തിയ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ വഴിപാട് നടത്തിയിരുന്നു. മമ്മൂട്ടിക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെയായിരുന്നു അത്. അതുകൊണ്ട് തന്നെ നടന് എന്തെങ്കിലും കാര്യമായ ആരോ​​ഗ്യപ്രശ്നങ്ങളുണ്ടോയെന്ന സംശയം പ്രേക്ഷകർക്ക് വീണ്ടും തോന്നി തുടങ്ങിയിരുന്നു. എന്നാൽ അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നാണ് മോഹൻലാലും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി മോഹ​ൻലാൽ വഴിപാട് കഴിപ്പിച്ചതിനെ കുറിച്ച് മാധ്യമങ്ങൾ ചോ​ദിച്ചപ്പോഴാണ് നടനുമായുള്ള ആത്മബന്ധത്തെ കുറിച്ചും താരത്തിന്റെ ഇപ്പോഴത്തെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചും മോഹൻലാൽ വാചാലനായത്. മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചതിൽ തെറ്റെന്താണ്?. മമ്മൂട്ടി സഹോദരനും സുഹൃത്തുമാണ്. ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. മമ്മൂട്ടി സുഖമായിരിക്കുന്നു. എല്ലാവരെയും പോലെ അദ്ദേഹത്തിന് ഒരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ല എന്നാണ് മോഹൻലാൽ പറഞ്ഞത്.

ചില വിവാദങ്ങളും ചർച്ചകളും മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ മോഹൻലാൽ വഴിപാട് നടത്തിയതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. വിമര്‍ശനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ.അബ്ദുല്ല കഴിഞ്ഞ ദിവസം രം​ഗത്ത് എത്തിയിരുന്നു. മോഹന്‍ലാല്‍ വഴിപാട് അര്‍പ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കില്‍ അത് വിശ്വാസപ്രകാരം തെറ്റാണെന്നാണ് ഒ.അബ്ദുല്ല പറഞ്ഞത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അതില്‍ തെറ്റില്ല.

മമ്മൂട്ടി പറഞ്ഞാണ് മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇക്കാര്യത്തില്‍ മമ്മൂട്ടി വിശദീകരണം നല്‍കണം. മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുത്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് അല്ലാഹുവിന് മാത്രമെ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പാടുള്ളു. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവം. വിഷയത്തില്‍ മമ്മൂട്ടി വിശദീകണം നല്‍കണം. മുസ്ലീംമത പണ്ഡിതര്‍ ഈ വിഷയത്തില്‍ ഇടപെടണം. ഏക ദൈവ വിശ്വാസികള്‍ തങ്ങളുടെ പ്രാര്‍ത്ഥന ദൈവത്തിന് മുന്നില്‍ മാത്രം സമര്‍പ്പിക്കുന്നതാണ് ശരി.

ദൈവത്തിന് മുന്നില്‍ മനുഷ്യന്‍ വളരെ ചെറുതാണ്. മനുഷ്യന് രോഗം സുഖപ്പെടുത്താനുള്ള കഴിവില്ല. ഏക ദൈവ വിശ്വാസികളില്‍ ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കുക എന്നത് മാത്രമാണ് ശരി. മറ്റുള്ള രീതികള്‍ ഇസ്ലാമിക വിരുദ്ധമാണ്. അതിനെ ശിര്‍ക്ക് എന്ന് പറയും എന്നാണ് അബ്​ദുള്ള വിമർശിച്ച് പറഞ്ഞത്. എമ്പുരാന് ആശംസ നേർന്ന് പോസ്റ്റ് ഇട്ട് കണ്ടതിനേക്കാൾ സന്തോഷം മമ്മൂക്ക വീണ്ടും സോഷ്യൽമീഡിയയിൽ ആക്ടീവായി കണ്ടതിൽ തോന്നിയെന്നാണ് മമ്മൂട്ടിയുടെ പുതിയ പോസ്റ്റിന് താഴെ വന്ന ഏറെയും കമന്റുകൾ. ആശംസ കണ്ടതിലും സന്തോഷം ആക്ടീവായി കണ്ടതിലാണ്.

മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാറിന് ആയുരാരോഗ്യസൗഖ്യം നേരുന്നു, അഭിനയം ജീവിതമാക്കിയവരുടെ ഏറ്റവും നല്ല പാഠപുസ്തകം. നന്ദി സ്നേഹത്തിന് മാതൃക ആവുന്നതിന്, ഇനി എന്തുവേണം മമ്മൂക്കയുടെ ആശംസകളും അനുഗ്രഹങ്ങളും ആശിർവാദവുമൊക്കെ എമ്പുരാന് കിട്ടിയല്ലോ, ചുമ്മാതല്ല... ലാലുവിന്റെ ഇച്ചാക്കയെന്ന് വിശേഷിപ്പിക്കപ്പെടുന്നത് എന്നിങ്ങനെയാണ് കമന്റുകൾ. മറ്റ് ചിലർ കമന്റിലൂടെ ചോ​ദിച്ചത് എമ്പുരാനിൽ ​ഗസ്റ്റ് റോൾ ചെയ്യുന്നുണ്ടോയെന്നാണ്. കാരണം മമ്മൂട്ടിയും എമ്പുരാനിൽ അഭിനയിച്ചിട്ടുള്ളതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

ഒ. അബ്ദുള്ളയെ വിമർശിച്ചുള്ള കമന്റുകളും പരിഹസിച്ചുള്ള കമന്റുകളും മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ നിറയുന്നുണ്ട്. മാര്‍ച്ച് 27ന് ആഗോള റിലീസായി എത്തുന്ന എമ്പുരാൻ റിലീസിന് മുമ്പേ തന്നെ ഇന്ത്യന്‍ സിനിമയില്‍ പല പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കഴിഞ്ഞു. ഇതിനോടകം ബുക്ക് മൈ ഷോയില്‍നിന്ന് മാത്രം 10 ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ് പോയ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഓപ്പണിങ് റെക്കോര്‍ഡുകളും അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ തകര്‍ത്തു. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന സിനിമ കൂടിയാണ്. സിനിമയുടെ പ്രദർശനം ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ആഗോള തലത്തിൽ ആരംഭിക്കും. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസാണ്. ഇതിനോടകം 60 കോടി രൂപക്ക് മുകളില്‍ ചിത്രം പ്രീ സെയില്‍സായി ആഗോള തലത്തില്‍ നേടിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X