ട്രെയിനില്‍ വിശന്നിരുന്ന എനിക്ക് ഭക്ഷണം തന്ന ആ യുവാവ്; സുരേഷ് ഗോപിയെക്കുറിച്ച് മണിയന്‍ പിള്ള രാജു
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നടനാണ് മണിയന്‍ പിള്ളരാജു. സുധീര്‍ കുമാര്‍ എന്ന മണിയന്‍ പിള്ള രാജുവിന് ആ പേര് ലഭിക്കുന്നത് മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയ്ക്ക് ശേഷമാണ്. മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടന്‍ ഇന്നും സിനിമയില്‍ സജീവമാണ്. കൂടുതലും സഹനടന്‍ കഥാപാത്രമായാണ് മണിയന്‍പിള്ള രാജു സിനിമകളില്‍ തിളങ്ങിയത്.
താളവട്ടം, ഹെലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, സര്‍വകലാശാല, ടിപി ബാലഗോപാലന്‍ എംഎ തുടങ്ങി 80കളില്‍ തിളങ്ങി നിന്നിരുന്നു. തുടര്‍ന്നും ലേലം, ഏകലവ്യന്‍, പല്ലാവൂര്‍ ദേവനാരായണന്‍, നരസിംഹം തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാഗമായി. അയ്യര്‍ ഇന്‍ അറേബ്യ എന്ന ചിത്രത്തിലാണ് മണിയന്‍പിള്ള അവസാനമായി അഭിനയിച്ചത്. നടനായി മാത്രമല്ല പ്രൊഡ്യൂസറായും സിനിമയില്‍ സജീവമായിരുന്നു മണിയന്‍പിള്ള രാജു.

വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ചോട്ടാമുംബൈ, ഒരു നാള്‍ വരും, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്തഭദ്രം തുടങ്ങി 2023ല്‍ റിലീസ് ആയ മഹേഷും മാരുതിയും വരെ മണിയന്‍ പിള്ള രാജു പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനൊപ്പവും സുരേഷ് ഗോപിക്കൊപ്പവുമുള്ള മണിയന്‍ പിള്ള രാജുവിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ ആദ്യമായി കണ്ട്, അദ്ദേഹത്തിന്റെ ഭക്ഷണം കഴിച്ച കഥ പറയുകയാണ് മണിയന്‍പിള്ള രാജു.
സുരേഷ് ഗോപിയും താനും ഒരുമിച്ചെത്തുന്ന ചിത്രങ്ങളില്‍ തന്നെ ആദ്യം കൊല്ലുന്നത് അഭിനയം മോശമാണെന്ന് തോന്നുന്നു, അതുകൊണ്ടാവാം എന്ന് മണിയന്‍ പിള്ള രാജു. മാതൃഭൂമി ക ഫെസ്റ്റില്‍ സുരേഷ് ഗോപിയും മണിയന്‍പിള്ള രാജുവും പൊലീസ് വേഷത്തിലും മറ്റും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രങ്ങളില്‍ പെട്ടെന്ന് തന്നെ അപകടം സംഭവിക്കുകയോ മരിച്ചുപോവുകയോ ചെയ്യുന്ന കഥാപാത്രമായിരിക്കും താങ്കളുടേത് അതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മണിയന്‍പിള്ള രാജു.
അതിനോട് ചേര്‍ന്നാണ് സുരേഷ് ഗോപിയുമൊന്നിച്ചുള്ള ട്രെയിന്‍ യാത്ര അനുഭവത്തെക്കുറിച്ച് മണിയന്‍പിള്ള രാജു പറഞ്ഞത്. ഒരിക്കല്‍ കൊല്ലത്ത് ഷൂട്ടിംഗില്‍ എന്റെ ഷോട്ട് തീര്‍ത്ത് മദ്രാസിലേക്ക് അയക്കുകയാണ്. ട്രെയിന്‍ വരാന്‍ സമയമായെന്ന് പറഞ്ഞ് എനിക്ക് ഊണ് കഴിക്കാന്‍ പോലും സമയം കിട്ടിയില്ല.
ഒന്നേമുക്കാല്‍ ആയപ്പോഴേക്കും എന്നെയും പെട്ടിയും കൂടി ട്രെയിനിനകത്തേക്ക് എറിഞ്ഞു. അടുത്ത സ്റ്റേഷന്‍ കൊല്ലത്ത് നിന്ന് എടുക്കുന്നത് എത്താന്‍ മൂന്ന് മണിയാകും. അങ്ങനെ ഇതിന് കയറി. ഞാന്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ ഒരു പയ്യന്‍ അടുത്തു വന്നിരുന്നു. സാര്‍ എന്താണ് ഇങ്ങനെ വയ്യാതിരിക്കുന്നത് എന്ന് ചോദിച്ചു.
അപ്പോള്‍ ഞാന്‍ പറഞ്ഞു, വേറൊന്നുമല്ല, എനിക്ക് വിശക്കുന്നുണ്ട്. അതാണെന്ന്. ഒരു സെക്കന്റ് എന്ന് പറഞ്ഞ്, അയാള്‍ അയാളുടെ പെട്ടിയില്‍ നിന്ന് ഒരു പെട്ടി കൊണ്ടുതന്നു. അതില്‍ ചപ്പാത്തിയും കറിയുമാണ്. സര്‍ കഴിച്ചോളൂ എന്ന് പറഞ്ഞു. ഞാന്‍ അത് കഴിച്ചു. കഴിച്ചപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു.

അയാള്‍ ഇങ്ങനെ കൊതിയോടെ നോക്കി നില്‍ക്കുന്നുണ്ട്. ഒരു ചപ്പാത്തി അയാള്‍ക്ക് വെയ്ക്കും എന്ന്. പക്ഷെ ഇല്ല ഞാന്‍ ബാക്കിവെച്ചില്ല. അങ്ങനെ ഞാന്‍ ഇയാളോട് എവിടെ പോകുന്നു എന്ന് ചോദിച്ചു. ചെന്നൈക്ക് പോകുവാണ് എന്ന് പറഞ്ഞു. അഭിനയിക്കാന്‍ ആഗ്രഹമുണ്ട്.
ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഒരു ചാന്‍സ് കിട്ടി ഞാന്‍ അങ്ങോട്ട് പോകുവാണ് എന്ന് പറഞ്ഞു. എന്താണ് ഇയാളുടെ പേര് എന്ന് ചോദിച്ചു. മറുപടി പറഞ്ഞു, എന്റെ പേര് സുരേഷ് ഗോപി എന്ന്. ആ സുരേഷ് ഗോപിയാണ് സ്ഥിരം എന്നെ സിനിമകളില്‍ കൊല്ലുന്നത് എന്നും മണിയന്‍പിള്ള രാജു പറഞ്ഞു.


Click it and Unblock the Notifications











