'ഡാൻസ് അറിയാത്തത് ടെൻഷനായി, ബിജു മേനോൻ ഭരതനാട്യം പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞു'; മനോജ്.കെ.ജയൻ
സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചിട്ടും അഭിനയമാണ് മനോജ്.കെ.ജയന്റെ വഴിയായത്. എങ്കിലും അഭിനേതാക്കൾ തന്നെ പാട്ടുകാർ ആകുന്ന ട്രെൻഡിനും മുമ്പേ ആ നിരയിൽ പേരെടുത്തു അദ്ദേഹം. സഹപ്രവർത്തകർ ഒന്ന് ചേരുന്നിടത്തും പ്രിയമാകുന്നിടത്തുമൊക്കെ പ്രിയപ്പെട്ട പാട്ടുകൾ അദ്ദേഹം പാടി. അതിനിടയിൽ കുറച്ചു സിനിമകളിലും ആൽബങ്ങളിലും സ്വരമായി എങ്കിലും ഒരു ഗായകൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത് അടുത്ത കാലത്ത പുറത്തിറങ്ങിയ മക്കത്തെ ചന്ദ്രിക എന്ന പാട്ടിലൂടെയാണ്.

നായകനെന്ന നിലയിൽ മലയാള സിനിമയിൽ വേരുറപ്പിക്കാൻ കഴിയാതെ പോയ താരം കൂടിയാണ് നടൻ മനോജ്.കെ.ജയൻ. പക്ഷേ ക്യാരക്ടർ റോളുകളിൽ മനോജ് കെ ജയൻ എന്ന താരം സൂപ്പർ താര ഇമേജിനൊപ്പം തന്നെ പ്രേക്ഷകരിൽ കുടിയിരുന്ന നടനാണ്. കുട്ടൻ തമ്പുരാനും, ദിഗംബരനുമൊക്കെ മനോജ് കെ ജയന്റെ വേറിട്ട അഭിനയ മുഖം തുറന്ന് കാട്ടിയപ്പോൾ നായകനെന്ന നിലയിൽ മനോജ് കെ ജയന് ശോഭിക്കാനായില്ല.. തൊണ്ണൂറുകളുടെ അവസാനം പുറത്തിറങ്ങിയ ആഘോഷം, കലാപം, സൂര്യകിരീടം, കുങ്കുമച്ചെപ്പ് ,തുടങ്ങിയ മനോജ് കെ ജയൻ നായകനായ സിനിമകളായിരുന്നു. വലിയ വിജയം നേടാൻ ഈ സിനിമകൾക്ക് സാധിച്ചില്ല.
മനോജ്.കെ.ജയന്റെ കരിയറിലെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു സീനിയേഴ്സ്. വൈശാഖ് സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സീനിയേഴ്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാലു പേരും പണ്ട് പഠിച്ച് കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതായിരുന്നു സിനിമയുടെ കഥ. സച്ചി, സേതു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്. വൈശാഖ് സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് ചിത്രം നിർമ്മിച്ചത്.
ഒരു കാലത്ത് സിനിമ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടന്ന രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ മനോജ്.കെ.ജയൻ.' സീനിയേഴ്‌സ് എന്ന സിനിമ ചിത്രീകരിച്ചപ്പോൾ ഞാൻ ഏറ്റവും വിഷമം അനുഭവിച്ച ഒരു നിമിഷമാണ് അതിലെ പാട്ട് സീനിന് വേണ്ടി ഡാൻസ് ചെയ്യേണ്ടി വന്നത്. അതിന്റെ പ്രധാന കാരണം എനിക്കൊപ്പമുള്ളവരെല്ലാം മികച്ച ഡാൻസേഴ്‌സ് ആയതുകൊണ്ടാണ്. എനിക്ക് അധികം വശമില്ലാത്ത പരിപാടിയാണത്. എനിക്കൊപ്പം ഡാൻസ് ചെയ്യുന്നതാകട്ടെ മലയാള സിനിമയിൽ ഏറ്റവും നന്നായി ഡാൻസ് ചെയ്യുന്ന ചാക്കോച്ചൻ. മറ്റൊന്ന് ജയറാം. ജയറാമും നന്നായി ഡാൻസ് ചെയ്യും. പിന്നെ ആകെയുള്ള ഒരു പ്രതീക്ഷ ബിജു മേനോനാണ്. പാട്ട് സീൻ എടുക്കുമ്പോൾ അവനും മനോഹരമായി ഡാൻസ് ചെയ്യുന്നു. നിനക്ക് ഇത് എങ്ങനെ സാധിക്കുന്നെടാ എന്ന് ബിജുവിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു. അവൻ അഞ്ച് വർഷം ഭരതനാട്യം പഠിച്ചിട്ടുണ്ടെന്ന്. കേരളത്തിലെ ആരെങ്കിലും അവനെ ഭരതനാട്യ വേഷത്തിൽ കണ്ടിരുന്നേൽ എന്ന് അപ്പോൾ ഞാൻ ആഗ്രഹിച്ച് പോയി'. മനോജ്.കെ.ജയൻ പറഞ്ഞു. റഷീദ് മുന്ന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മനോജ്.കെ.ജയൻ അവതരിപ്പിച്ചത്.


Click it and Unblock the Notifications