'മോളുമായി ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്ന സമയമായിരുന്നു, അന്ന് അത് ആശ കണ്ടു ആ പാട്ടിന് ആശയുമായി കണക്ഷനുണ്ട്'
നായകനായും വില്ലനായും സഹനടനായുമെല്ലാം വിസ്മയിപ്പിച്ചിട്ടുള്ള പ്രതിഭയാണ് ഗായകൻ കൂടിയായ മനോജ് കെ ജയൻ. താരത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. മനോജിന്റെ സോഷ്യൽമീഡിയ പേജിൽ ഏറ്റവും കൂടുതൽ നിറഞ്ഞ് നിൽക്കുന്നതും ഭാര്യയും മൂന്ന് മക്കളുമാണ്. സംഗീതം രക്തത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ള പ്രതിഭയായതുകൊണ്ടും പിന്നണി പാടിയിട്ടുള്ളതുകൊണ്ടും സംഗീതവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യമാണ് മനോജ്.
കഴിഞ്ഞ ദിവസം നടന്ന മ്യൂസിക്കൽ വൈഫ് മെഗാ ഫൈനൽ എന്ന ഫ്ലവേഴ്സ് ടിവിയിലെ റിയാലിറ്റിഷോയിൽ മെന്ററായി താരം എത്തിയിരുന്നു. അവിടെ വെച്ച് തനിക്ക് ഏറെ പ്രിയപ്പെട്ട രണ്ട് ഗാനങ്ങളെ കുറിച്ച് മനോജ് സംസാരിച്ചു. ആ ഗാനങ്ങൾ രണ്ടും പാടിയത് മധു ബാലകൃഷ്ണനായിരുന്നു.

ഒന്ന് കാഴ്ചയിലെ കുട്ടനാടൻ കായലിലെ എന്ന ഗാനവും മറ്റൊന്ന് എങ്ങ് നിന്ന് വന്ന പഞ്ചവർണ്ണക്കിളി നീയോ എന്ന ഗാനവുമായിരുന്നു. രണ്ട് ഗാനത്തിന് പിന്നിലേയും അധികം ആർക്കും അറിയാത്ത ചില കഥകളും മനോജ് സംസാരത്തിനിടെ പങ്കുവെച്ചു. എങ്ങ് നിന്ന് വന്ന പഞ്ചവർണ്ണക്കിളി നീയോ എന്ന ഗാനത്തിന് ഭാര്യ ആശയുമായി വലിയൊരു ബന്ധമുണ്ടെന്നും താരം പറയുന്നു.
ബ്ലെസിയുടെ ആദ്യ സിനിമയായിരുന്നു കാഴ്ച. ബ്ലെസിയുമായി എനിക്ക് ആത്മബന്ധം ഉണ്ടായിരുന്നുവെങ്കിലും ആദ്യ സിനിമ കാഴ്ച ചെയ്ത് തുടങ്ങിയപ്പോൾ എന്നെ വിളിച്ചില്ല. പക്ഷെ പിന്നീട് ഞാൻ അതിന്റെ ഭാഗമായി എന്നതാണ് രസം. കാഴ്ചയുടെ ഷൂട്ട് നടക്കുമ്പോൾ ഞാൻ അനന്തഭദ്രം ചെയ്യുന്ന സമയമാണ്. അതിന്റെ ലൊക്കേഷനിലേക്ക് ബ്ലെസിയുടെ കോൾ വന്നു.
ഒരു അഞ്ച് ദിവസം ഷൂട്ടിന് വരാമോയെന്ന് ചോദിച്ചു. ആ സമയത്ത് മണി അടക്കമുള്ളവരുമായുള്ള കോമ്പിനേഷൻ സീനുകളുടെ ഷൂട്ടാണ് നടക്കുന്നത്. ഞാൻ ആദ്യം ഒന്ന് മടിച്ചു. കലാഭവൻ മണി ചെയ്യേണ്ട വേഷമാണ് ഞാൻ കാഴ്ചയിൽ ചെയ്തത്. അതുകൊണ്ടാണ് മണി കാഴ്ചയിൽ കുട്ടനാടൻ കായയിലെ എന്ന ഗാനം ആലപിച്ചത്. പക്ഷെ മറ്റൊരു തമിഴ് സിനിമ കൂടി കമ്മിറ്റ് ചെയ്തിരുന്നതിനാൽ മണിക്ക് കാഴ്ചയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല.
അങ്ങനെയാണ് ഞാൻ സമയം കണ്ടെത്തി കാഴ്ചയിൽ അഭിനയിച്ചത്. ഒറ്റരാത്രി കൊണ്ടാണ് ആ പാട്ട് ഷൂട്ട് ചെയ്തത്. ഗാനരംഗത്തിൽ ചിലയിടങ്ങളിൽ മമ്മൂക്ക ഡാൻസ് ചെയ്യുന്നുണ്ട്. പൊതുവെ ഡാൻസെന്ന് കേട്ടാൽ മമ്മൂക്ക കലിപ്പാണ്. അതുകൊണ്ട് തന്നെ കാഴ്ചയിലെ പാട്ടിലെ സീനിൽ ഡാൻസ് കളിക്കാൻ മമ്മൂക്കയെ സമ്മതിപ്പിക്കാൻ എല്ലാവരും എന്നോട് പറഞ്ഞു.

അങ്ങനെ നിർബന്ധിച്ചാണ് അവസാനം കുറച്ച് സ്റ്റെപ്പ് മമ്മൂക്ക വെച്ചത്. അതുപോലെ കൽക്കട്ട ന്യൂസിലെ എങ്ങ് നിന്നുവന്ന പഞ്ചവർണ്ണക്കിളി നീയോ എന്ന ഗാനം എന്റെ ഫേവറേറ്റാണ്. അതും മധു ബാലകൃഷ്ണനാണ് പാടിയത്. എന്റെ ഭാര്യ ആശയ്ക്ക് എന്നോട് ഭയങ്കര ഇഷ്ടം തോന്നാൻ കാരണമായത് ഈ പാട്ടാണ്. ആശ അന്ന് യുകെയിലായിരുന്നു. ഡിവോഴ്സ് കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. അപ്പോൾ എന്റെ ഒരു ഇന്റർവ്യു ആശ കണ്ടു.
മോളുമായി ഒറ്റയ്ക്ക് ഞാൻ ജീവിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ മോളോടുള്ള അറ്റാച്ച്മെന്റിനെ കുറിച്ചൊക്കെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനെല്ലാം ശേഷം ഞാൻ പാടിയ പാട്ട് എങ്ങ് നിന്നുവന്ന പഞ്ചവർണ്ണക്കിളി നീയോ എന്ന ഗാനമാണ്. ആശയെ വിവാഹം കഴിച്ചശേഷം അന്ന് ഞാൻ ആ പാട്ട് നന്നായി പാടിയെന്ന് ആശ എന്നോട് പറഞ്ഞു.
ആശ എന്റെ ജീവിതത്തിലേക്ക് വരാൻ കാരണമായതിന്റെ ഒരു കണക്ഷൻ ആ പാട്ടിനുണ്ട് എന്നാണ് മനോജ് കെ ജയൻ പറഞ്ഞത്. നടി ഉർവശിയുമായുള്ള ദാമ്പത്യത്തിൽ മനോജിന് പിറന്ന മകളാണ് കുഞ്ഞാറ്റ. പിന്നീട് ആ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചപ്പോൾ മകളുടെ സംരക്ഷണം മനോജ് ചോദിച്ച് വാങ്ങുകയായിരുന്നു.


Click it and Unblock the Notifications