'കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥി... നടക്കില്ലെന്ന് കരുതിയ സ്വപ്നം നടന്നു'; സന്തോഷം പങ്കിട്ട് മനോജ് കെ ജയൻ!
സർഗത്തിലെ കുട്ടൻ തമ്പുരാനായി വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മനോജ് കെ ജയൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മനോജിന് നിരവധി ആരാധകരാണുള്ളത്. വയസ് അറുപതിനോട് അടുക്കാനായെങ്കിലും ചെറുപ്പം ഇന്നും നിലനിർത്തുന്ന ഒരു നടനാണ് മനോജ് കെ ജയൻ. സോഷ്യൽമീഡിയയിൽ സജീവമായ താരം മലയാള സിനിമയിൽ എപ്പോഴും സജീവമായി നിൽക്കുന്ന ഒരു നടൻ കൂടിയാണ്.
തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള മനോജ് കെ ജയൻ പങ്കിട്ട ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരു സ്വപ്നം നടന്നതിലൂടെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി വന്നുവെന്നാണ് മനോജ് കെ ജയൻ പറയുന്നത്. യു.കെയിൽ സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷമാണ് മനോജ് കെ ജയൻ പങ്കിട്ടിരിക്കുന്നത്.

യു.കെയുടെ നിരത്തിൽ ചീറി പായാൻ മനോജ് കെ ജയൻ വാങ്ങിയത് ടെസ്ലയാണ്. ടെസ്ലയുടെ മോഡൽ 3 ഡ്രീം നിറം കാറാണ് സ്വന്തമാക്കിയത്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നമെന്ന് കരുതി... പക്ഷെ നടന്നു. ടെസ്ല... ഇന്നുമുതൽ യു.കെയിലെ എന്റെ ഫാമിലി മെമ്പർ. ലോകത്തിലെ ഏറ്റവും മികച്ച ഇന്നവേറ്റീവ് കാറുകളിലൊന്ന് സ്വന്തമാക്കിയത് ഭാഗ്യമായി കരുതുന്നു എന്നാണ് മനോജ് കെ ജയൻ കുറിച്ചത്. താരത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് ആരാധകരും കമന്റുകളുമായി എത്തി.
ആ കാറിന് എന്ത് മൊഞ്ചാ... മനോജേട്ടന് അതിനേക്കാൾ..., അണ്ണാ അവിടെ വന്നാൽ ഓടിക്കാൻ തരോ... ഇല്ലങ്കിൽ ഒരു ഡ്രൈവ് കൊണ്ടോയാലും മതി, നടക്കാത്തതായി ഒന്നും ഇല്ല. ആഗ്രഹിച്ചാൽ മാത്രം പോര അതിന് വേണ്ടി പ്രയത്നിക്കുകയും വേണം, സ്വപ്നം നടന്നല്ലോ..? സന്തോഷമായോ മനോജേ..? എന്നിങ്ങനെ താരത്തോട് കുശലം ചോദിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
താരം ചെറുപ്പം കാത്തുസൂക്ഷിക്കുന്നതിനെ പുകഴ്ത്തിയും കമന്റുകളുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും പ്രായം കുറഞ്ഞുവരികയാണല്ലോ..?മമ്മുക്കയ്ക്ക് പഠിക്കുകയാണോ എന്നാണ് ഒരാൾ ചോദിച്ചത്. ടെസ്ലയെക്കാളും ഗ്ലാമർ ഇച്ചിരി കൂടുതൽ ചേട്ടനായെന്നും കമന്റുകളുണ്ട്. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യുകെയിലും കേരളത്തിലുമായാണ് മനോജ് കെ ജയനും കുടുംബവും താമസിക്കുന്നത്.
മുമ്പ് വിദേശത്ത് മകനൊപ്പം പമ്പിൽ പെട്രോൾ അടിക്കുന്ന ദൃശ്യവും മനോജ് പങ്കിട്ടിരുന്നു. ഇവിടുത്തെപ്പോലെ പെട്രോൾ പമ്പിൽ ജീവനക്കാർ ഉണ്ടാവില്ല. സ്വന്തമായി വേണം പണമടച്ച് പെട്രോൾ അടിക്കാൻ. അതായിരുന്നു മനോജിന്റെ പോസ്റ്റിന്റെ ഉള്ളടക്കം. അടുത്തിടെയാണ് വിദേശ പഠനം പൂർത്തിയാക്കി മനോജിന്റെ മകൾ കുഞ്ഞാറ്റ കേരളത്തിൽ തിരിച്ചെത്തിയത്.

ഉർവശിയുമായുള്ള ബന്ധത്തിൽ മനോജിന് പിറന്ന മകളാണ് കുഞ്ഞാറ്റ. 2000ൽ ഉർവശിയെ വിവാഹം ചെയ്തെങ്കിലും 2008ൽ ഇരുവരും വിവാഹ മോചിതരായി. കുഞ്ഞാറ്റയുടെ യഥാർത്ഥ പേര് തേജാലക്ഷ്മിയെന്നാണ്. പിന്നീട് 2011ൽ മനോജ് പുനർവിവാഹിതനായി.
അങ്ങനെയാണ് ആശ മനോജിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. അമൃത് എന്നൊരു മകനുണ്ട്. ആശയുടെ ആദ്യ വിവാഹത്തിലെ മകൾ ശ്രേയയും മനോജിനും മകൾക്കുമൊപ്പമാണ് താമസം.


Click it and Unblock the Notifications