ചില പെണ്ണുങ്ങളെ നോക്കിയാല്‍ തന്നെ അവര്‍ വളയുമോന്ന് പുരുഷന്മാര്‍ക്ക് അറിയാം! ബോള്‍ഡായി ഇരിക്കണമെന്ന് നടൻ മനോജ്
നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മനോജ് കുമാറും ഭാര്യ ബീന ആന്റണിയും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ്. സമൂഹത്തില്‍ നടക്കുന്ന പല വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ് ഇരുവരും വരാറുണ്ട്. അത്തരത്തില്‍ നടിമാര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറയുകയാണ് നടന്‍ മനോജ്.
സ്ത്രീകളുടെ നോട്ടവും ഭാവവുമൊക്കെ കണ്ടാല്‍ അവര്‍ വളയുമോ ഇല്ലയോ എന്നൊക്കെ പല പുരുഷന്മാര്‍ക്കും അറിയാന്‍ സാധിക്കും. അതുകൊണ്ട് സ്ത്രീകള്‍ നോട്ടം കൊണ്ട് പോലും പവര്‍ഫുള്‍ ആയിരിക്കണമെന്നാണ് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ മനോജ് പറയുന്നത്.

മലയാള സിനിമയില്‍ വലിയൊരു ഇന്‍സിഡന്റ് നടന്നപ്പോഴാണ് ഹേമ കമ്മിറ്റി രംഗത്ത് വരുന്നത്. ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുകയും സീരിയലുകളില്‍ കുറച്ച് വര്‍ഷങ്ങളായി അഭിനയിച്ച് കൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്റെ മേഖല ഇതാണ്. എന്റെ ഭാര്യയും ഒരു അഭിനേത്രിയാണ്. നേരത്തെ മുതല്‍ സ്ത്രീകളോട് ബഹുമാനവും കാരുണ്യവും ഉള്ള ആളാണ്.
അതെന്റെ ഭാര്യ പലരോടും പറയാറുണ്ട്. ഞാന്‍ പണ്ട് മുതലേ അത് ശീലിച്ചിട്ടുള്ള ആളാണ്. നമ്മുടെ ഭാഗത്ത് നിന്നും എന്തേലുമുണ്ടെങ്കിലേ പേടിക്കേണ്ടതുള്ളു. അമ്മയും സഹോദരിയും പിന്നെ ഭാര്യയുമൊക്കെ ഉള്ളത് കൊണ്ട് എന്നും സ്ത്രീകളോട് ബഹുമാനം മാത്രമേ എനിക്ക് തോന്നിയിട്ടുള്ളു.
എല്ലാ മേഖലയിലും പുരുഷന്മാരില്‍ പ്രേമരോഗികളും ഞരമ്പുരോഗികളുമൊക്കെ ഉണ്ട്. പക്ഷേ സിനിമാക്കാരെ എറിയാന്‍ പലര്‍ക്കും താല്‍പര്യം കൂടുതലാണ്. പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക്. നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പലരും ഉന്നയിച്ചിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ശ്രദ്ധിക്കണം.
പിന്നെ സ്ത്രീകളോടാണെങ്കിലും പുരുഷന്മാരോടാണെങ്കിലും എനിക്ക് പറയാനുള്ളത് നിങ്ങള്‍ മാന്യമായി ജീവിക്കുക എന്നതാണ്. വേണ്ടാത്ത ചിന്തകളിലേക്ക് പോകരുത്. അപ്പോള്‍ പിന്നെ മനസമാധാനം ഉണ്ടാവും. വര്‍ക്ക് ചെയ്യുന്ന സഹോദരിമാരോട് പറയാനുള്ളത് നിങ്ങള്‍ ബോള്‍ഡായി നില്‍ക്കണമെന്നാണ്.
ഞാനൊരു പുരുഷനായത് കൊണ്ട് പറയാം, ഒരു സ്ത്രീയെ നോക്കുമ്പോള്‍ തന്നെ അറിയാം, ഇത് വളയുമോ ഇല്ലയോ എന്ന്. അപ്പോള്‍ നിങ്ങള്‍ കുറച്ച് ബോള്‍ഡായി നിന്ന് നോക്കിക്കേ. അപ്പോള്‍ ഇത് വളയില്ലെന്നും നമുക്ക് പണിയാവുമെന്നും അവര്‍ക്ക് തോന്നും. ഞരമ്പുരോഗികളുടെ ഒരു പ്ര്‌ത്യേകത അതാണ്. അവര്‍ ഇങ്ങനെയുള്ളവരോട് അടുക്കാന്‍ വരില്ല.

സ്ത്രീകള്‍ പവര്‍ഫുള്‍ ആയി നില്‍ക്കണം. അത് നോട്ടത്തില്‍ പോലും ഉണ്ടാവണം. അത്രയും മനക്കരുത്ത് സ്ത്രീയ്ക്ക് ഉണ്ട്. ആരെങ്കിലും മോശമായി സംസാരിച്ചാല്‍ ഇതൊരു തവണത്തേക്ക് ഞാന്‍ ക്ഷമിച്ചു. ഇനിയൊരു തവണ കൂടി പറഞ്ഞാല്‍ ഞാനാരെണെന്ന് നീ അറിയുമെന്ന് അയാളോട് പറയുക.
കേറി പിടിക്കാന്‍ വന്നാല്‍ ഒറ്റ അടി കൊടുത്തോണം. അടിച്ചതിന് ശേഷം എന്നാലും സാറ് കാണിച്ചത് ചെറ്റത്തരമായി പോയി എന്ന് പറയണം. അതുകൊണ്ട് അവസരം നഷ്ടപ്പെടുകയാണെങ്കില്‍ പോയിക്കോട്ടെ എന്ന് വെക്കണം. ഞരമ്പന്മാരുടെ അവസരം വേണ്ട. മാന്യന്മാരും ഇവിടെയുണ്ട്.
നമ്മള്‍ ഇത്രയും കാലം ആരാധിച്ചിരുന്ന ആളുകള്‍ക്കെതിരെയാണ് ആരോപണം വരുന്നത്. ആരോപണം വന്നു എന്ന് പറഞ്ഞ് താറടിച്ച് കാണിക്കരുത്. ഒറ്റ നിമിഷം കൊണ്ട് ആ വ്യക്തിയോട് പക തോന്നരുത്. ഇതൊക്കെ ചൂഷണം ചെയ്യുന്നവരുണ്ട്. അങ്ങനെ ഒരുപാട് ദുരൂഹതകള്‍ ഇതിന് പിന്നിലുണ്ട്. അതൊക്കെ പുറത്ത് വരികയും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് എനിക്ക് പറയാനുള്ളതെന്നും മനോജ് പറയുന്നു.
.


Click it and Unblock the Notifications











