'ദിലീപേട്ടന്റെ സ്വീകാര്യത ആ ഷോയിൽ കാണാമായിരുന്നു, അന്ന് ലാലേട്ടനെ ജനം വളഞ്ഞു... അനങ്ങാൻ പറ്റാത്ത അവസ്ഥ'; മിഥുൻ
ഇന്ന് മലയാളത്തിൽ ഏറ്റവും മനോഹരമായി സ്റ്റേജ് ഷോകൾ കൈകാര്യം ചെയ്യുന്ന അവതാരകനാണ് നടനും റേഡിയോ ജോക്കിയുമെല്ലാമായ മിഥുൻ രമേഷ്. മിഥുനാണ് അവതാരകനെങ്കിൽ തന്നെ ആ പരിപാടി കാണാൻ ആള് കൂടും എന്ന സാഹചര്യമാണുള്ളത്.
ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവം ഇത്ര വലിയ വിജയമായതിന് പിന്നിൽ മിഥുൻ രമേഷിന്റേയും വലിയൊരു പങ്കുണ്ട്. അടുത്തിടെയാണ് താരത്തിന് ബെൽസ് പാൾസി രോഗം പിടിപെട്ടത്. വിശ്രമമില്ലാത്ത യാത്രകളും മറ്റും കാരണമാകാം തനിക്ക് ഇത്തരമൊരു അവസ്ഥ പിടിപെടാൻ കാരണമെന്നാണ് മിഥുൻ പറഞ്ഞത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് മിഥുൻ തന്റെ അസുഖത്തെ പറ്റി പറഞ്ഞത്. മുഖത്തിന്റെ ഒരു വശത്തെ മസിലുകൾക്ക് പെട്ടന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണ് ബെൽസ് പാൾസി. നേരത്തെ ജെസ്റ്റിൻ ബീബറിനും സീരിയൽ താരം മനോജിനുമെല്ലാം ഈ രോഗം വന്നിരുന്നു.
കൃത്യമായ മരുന്നും ഫിസിയോ തെറാപ്പിയുമെല്ലാം ചെയ്ത് മിഥുൻ ഇപ്പോൾ പൂർണ ആരോഗ്യവാനായി മാറി കഴിഞ്ഞു. കേരളത്തിൽ ആയിരുന്നപ്പോഴാണ് മിഥുന് രോഗം പിടിപെട്ടത്. പിന്നീട് കേരളത്തിൽ തന്നെ ചികിത്സ തേടി. ഇപ്പോൾ വീണ്ടും ദുബായിലേക്ക് തിരികെ വന്ന് ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞു താരം. അതിന്റെ സന്തോഷവും മിഥുൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു.
ഹേറ്റേഴ്സ് ഇല്ലാത്ത മലയാളത്തിലെ ഏക അവതാരകൻ കൂടിയാണ് മിഥുൻ രമേഷെന്നും സംശയമില്ലാതെ പറയാം. തനിക്ക് അസുഖമാണെന്ന് അറിഞ്ഞ് നിരവധി പേർ പ്രാർഥനകളും വഴിപാടുകളും പൂജിച്ച ചരടുമായി ആശുപത്രിയിൽ വന്നിരുന്നുവെന്നും മിഥുൻ അടുത്തിടെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിത ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ നടന്മാരായ മോഹൻലാലിനും ദിലീപിനുമൊപ്പം സ്റ്റേജ് ഷോ ചെയ്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് മിഥുൻ. ഒരു സ്റ്റേജ് ഷോയ്ക്കിടെ മോഹൻലാലിന് വേണ്ടി പ്ലാൻ ചെയ്തിരുന്ന എൻട്രി ജനങ്ങൾ തള്ളിക്കയറിയപ്പോൾ പാളിപ്പോയതിനെ കുറിച്ചും മിഥുൻ വെളിപ്പെടുത്തി.

'ഫ്ലവേഴ്സിന്റെ ഒരു ഷോ നടത്തിയിരുന്നു. ലാലേട്ടന് ഞങ്ങളെല്ലാം കൂടി പ്ലാൻ ചെയ്ത് ഒരു എൻട്രി ഒരുക്കിയിരുന്നു. സദസിൽ നടക്ക് വിരിച്ച റെഡ് കാർപറ്റിൽ കൂടി ലാലേട്ടൻ നടന്ന് വരണമെന്നാണ് ഞങ്ങൾ പ്ലാൻ ചെയ്തത്. അതിന് വേണ്ടി സെക്യൂരിറ്റീസിനെയൊക്കെ നിർത്താനും പ്ലാനുണ്ടായിരുന്നു. ഞാൻ ശ്രീകണ്ഠൻ നായർ സാർ ജയറാമേട്ടൻ... ഞങ്ങൾ മൂന്ന് പേര് സ്റ്റേജിൽ നിന്നിട്ടാണ് ലാലേട്ടനെ ഇൻവൈറ്റ് ചെയ്തത്.'
'ലാലേട്ടൻ റെഡ് കാർപറ്റിലേക്ക് കയറി പത്ത് അടി വെച്ചതെയുള്ളു.... ജനം കയറി മൂടി. അദ്ദേഹത്തിന് മുന്നോട്ട് നടന്ന് വരാൻ പറ്റുന്നില്ല. എല്ലാവരും മാറി നിന്ന് അദ്ദേഹത്തിന് വരാൻ വഴിയൊരുക്കണമെന്ന് പറയുന്നുണ്ടെങ്കിലും ആരും മാറിയില്ല. അവസാനം ബഗി കൊണ്ടുവന്ന് അതിൽ ലാലേട്ടനെ കയറ്റി സ്റ്റേജിൽ എത്തുകയായിരുന്നു. അത് മറക്കാൻ പറ്റാത്ത സംഭവമാണ്' മിഥുൻ പറഞ്ഞു.
ദമാമിൽ ദിലീപിനൊപ്പം ഷോ ചെയ്തപ്പോൾ കിട്ടിയ സ്വീകാര്യതയെ കുറിച്ചും മിഥുൻ വാചാലനായി. വിവാദങ്ങൾ വന്നതോടെ പൊതുപരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്ന ദിലീപ് കുറച്ച് നാളുകളെയായിട്ടുള്ളു പൊതുപരിപാടികളിലും സ്റ്റേജ് ഷോകളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട്. 'അതുപോലെ തന്നെ ദിലീപേട്ടനൊപ്പം അടുത്തിടെ ഞാൻ ദമാമിൽ ഒരു ഷോ ചെയ്തു.'
'അന്ന് ദിലീപേട്ടന്റെ എൻട്രിയും ലാലേട്ടന് കൊടുത്തപോലെ തന്നെ റെഡ് കാർപ്പറ്റിലൂടെ നടന്ന് വരുന്നതായിരുന്നു. ക്രൗഡിനിടയിലൂടെ ദിലീപേട്ടൻ നടന്ന് വന്ന ആ സംഭവം വളരെ ഓവർവെൽമിങ് ആയിരുന്നു. അന്ന് വളരെ രസകരമായിട്ടാണ് ദിലീപേട്ടനും ജനങ്ങളുമെല്ലാം ഇൻട്രാക്ട് ചെയ്തത്. അന്ന് ആ ക്രൗഡിനൊപ്പം ദിലീപേട്ടൻ നിന്നപ്പോൾ അദ്ദേഹത്തിന്റെ അക്സപ്റ്റൻസ് എങ്ങനെയാണെന്ന് കാണാമായിരുന്നു' മിഥുൻ രമേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ക്ഷേത്ര പരിപാടിയിൽ അതിഥിയായി പോയപ്പോൾ ആരാധകർ ദിലീപിനെ വളയുന്ന വീഡിയോ വൈറലായിരുന്നു.


Click it and Unblock the Notifications