തേപ്പ് കിട്ടിയ സമയത്ത് പരിചയപ്പെട്ട പെൺകുട്ടി, ഭർത്താവിനായി തല മുണ്ഡനം ചെയ്തവൾ, മിഥുന്റെ സ്വന്തം ലക്ഷ്മി!
മലയാള ടെലിവിഷൻ നിലവിൽ സജീവമായി നിൽക്കുന്ന അവതാരകരിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ആങ്കറാണ് മിഥുൻ രമേഷ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഉത്സവത്തിന്റെ അവതാരകനായശേഷമാണ് കുടുംബപ്രേക്ഷകർക്ക് പോലും മിഥുൻ പ്രിയങ്കരനായത്. അവതാരകൻ എന്നതിലുപരി നടനും ആർജെയും ഡബ്ബിങ് ആർട്ടിസ്റ്റുമെല്ലാമാണ് മിഥുൻ രമേഷ്. മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് മിഥുൻ ലൈം ലൈറ്റിലേക്ക് എത്തിയത്.
വെട്ടം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, റൺവെ തുടങ്ങിയ സിനിമകളിലെ മിഥുന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ദുബായിൽ കുടുംബസമേതം സെറ്റിൽഡായ മിഥുൻ വളരെ വിരളമായി മാത്രമാണ് സിനിമകളിൽ അഭിനയിക്കുന്നത്. പക്ഷെ ഭാര്യ ലക്ഷ്മിക്കൊപ്പം മിഥുൻ ചെയ്യുന്ന റീലുകളെല്ലാം ഹിറ്റും വൈറലുമാണ്.

നടിയും അവതാരകയും യുട്യൂബറുമെല്ലാമാണ് ലക്ഷ്മി മേനോൻ. കേരളത്തിലെ ആദ്യ വനിതാ യുട്യൂബറെന്ന വിശേഷണവും ലക്ഷ്മി മേനോന് സ്വന്തമാണ്. ഇരുവരുടെയും ഏക മകൾ തൻവിയും റീലുകളിൽ സജീവമാണ്. അച്ഛൻ, അമ്മ, മകൾ എന്നതിലുപരിയായി സുഹൃത്തുക്കളെപ്പോലെയാണ് മൂവരും. മൂന്നുപേരും ഒരുമിച്ചുള്ള കോമഡി റീലുകൾക്കാണ് ആരാധകർ ഏറെയും. കഴിഞ്ഞ ദിവസമായിരുന്നു ലക്ഷ്മിയുടെ പിറന്നാൾ.
ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മിഥുൻ സോഷ്യൽമീഡിയയിൽ പങ്കിട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഹാപ്പി ബെർത്ത്ഡെ മൈ ലവ്... എന്റെ ഏറ്റവും നല്ല ഓർമ്മകളിൽ ചിലത് നിലനിൽക്കുന്നത് നീ മൂലമാണ്. അതിന് ഞാൻ നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരിക്കൽ നീ പറഞ്ഞ കാര്യങ്ങൾ ഓർത്ത് വീണ്ടും ഞാൻ പുഞ്ചിരിക്കുന്ന നിമിഷങ്ങളുണ്ടാകാറുണ്ട്.
നീ എനിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ.. നീ മറന്നുപോയ കാര്യങ്ങൾ പോലും ഞാൻ ഇപ്പോഴും ഓർക്കുന്നു എന്നാണ് മിഥുൻ ലക്ഷ്മിക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. ഇരുവരുടെയും സിനിമാ-ടെലിവിഷൻ മേഖലയിൽ നിന്നുള്ള സുഹൃത്തുക്കളും ആരാധകരുമെല്ലാം ലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരുന്നു.
കുറച്ച് മാസങ്ങൾക്ക് മുമ്പ് മിഥുന് ബെൽസ് പാൾസി എന്ന രോഗം വന്നപ്പോൾ അത് മാറാനായി നേർച്ച നേർന്ന് തിരുപ്പതിയിൽ പോയി ലക്ഷ്മി തല മുണ്ഡനം ചെയ്തത് വലിയ വാർത്തയായിരുന്നു. വലിയ രീതിയിൽ ബെൽസ് പാൾസി മിഥുനെ ബാധിച്ചിരുന്നില്ലെന്നതിനാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നടന് രോഗബേധമായിരുന്നു. ലക്ഷ്മിക്ക് മിഥുനോടുള്ള സ്നേഹത്തിന്റെ ആഴം ആരാധകർ മനസിലാക്കിയതും ലക്ഷ്മി തല മൊട്ടയടിച്ച ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ്.

പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മിയും മിഥുനും. തേപ്പ് കിട്ടിയിരിക്കുന്ന സമയത്ത് പരിചയപ്പെട്ട പെൺകുട്ടിയാണ് ലക്ഷ്മി എന്നാണ് മുമ്പൊരിക്കൽ പ്രണയ കഥ വെളിപ്പെടുത്തി സംസാരിക്കവെ മിഥുൻ പറഞ്ഞത്. ആദ്യമായി ലക്ഷ്മിയെ കാണുന്ന സമയത്ത് ഞാൻ ഒരു സ്ഥലത്ത് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അത് കഴിഞ്ഞിട്ടാണ് പിന്നെ നമ്പർ വാങ്ങുന്നത്.
അങ്ങനെ പിന്നെ ചാറ്റ് ചെയ്യുകയും നേരിട്ട് കാണുകയുമൊക്കെ ചെയ്തു. കുറെ തവണ നേരിട്ട് കണ്ടു. അന്ന് ലക്ഷ്മി പ്ലസ് ടുവിന് പഠിക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന സമയം ആയതുകൊണ്ട് ഞങ്ങൾ ആ സമയത്ത് പുറത്തൊക്കെ കറങ്ങാൻ പോവുകയെന്ന് പറയുന്നത് എന്തെങ്കിലും മാളിലൊക്കെ ഗെയിം കളിക്കുന്ന സ്ഥലത്താണ് പോകുന്നത്. ടിക്കറ്റ് ഒക്കെ എടുത്ത് പോകുന്ന ഗെയിമുകൾ ഒക്കെയുള്ള അമ്യുസ്മെന്റ് പാർക്ക് പോലത്തെ സ്ഥലങ്ങളിലാണ് പോകുന്നത്.
അങ്ങിനെ ഗെയിമുകൾ കാണാനും കളിക്കുവാനുമാണ് പൊയ്ക്കൊണ്ടിരുന്നത്. കുറെ പ്രാവശ്യം ഇങ്ങനെ പോയിക്കഴിഞ്ഞപ്പോൾ അത് അമ്മയുടെ ചെവിയിൽ എത്തി. അമ്മ പെട്ടെന്ന് ഞങ്ങളെ പിടിച്ച് കെട്ടിച്ചു. കല്യാണം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞിട്ടാണ് ശരിക്കും തോന്നിയത് ഇനിയുള്ള ജീവിതകാലം മുഴുവൻ ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്ന്. ആ തോന്നൽ ഒക്കെ മനസിൽ വന്നത് കല്യാണം കഴിഞ്ഞിട്ടായിരിക്കും എന്നാണ് മിഥുൻ അന്ന് പറഞ്ഞത്.


Click it and Unblock the Notifications











