'സൂപ്പർസ്റ്റാറാണെങ്കിലും കുട്ടിക്കളി മാറിയിട്ടില്ല, തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ'; ആകാശയാത്രയുമായി ലാൽ!
തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. അടുത്തിടെയാണ് അഭിനയകുലപതി തന്റെ അറുപത്തിനാലാം പിറന്നാൾ ആഘോഷിച്ചത്.
നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിൽ മോഹന്‍ലാല്‍ എന്ന പേര് വലിയൊരു ബ്രാന്‍ഡായി മാറി കഴിഞ്ഞു എന്നതിൽ തർക്കമില്ല. ബോക്സ് ഓഫീസുകളിലും മോഹൻലാൽ തരംഗം സൃഷ്ടിച്ചു. സമീപകാലത്ത് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ ചിലത് നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചതെങ്കിലും വരാനിരിക്കുന്നത് അഭ്രപാളികളിൽ പ്രകമ്പനം സൃഷ്ടിക്കാൻ ഉതകുന്ന സിനിമകളും കഥാപാത്രങ്ങളുമാണ്.

ഇന്ത്യൻ സിനിമയിൽ ഒട്ടനവധി സൂപ്പർസ്റ്റാറുകളുണ്ടെങ്കിലും കുട്ടിത്തവും കുസൃതിയുമായി സഹപ്രവർത്തകരോട് പെരുമാറുന്ന ഒരു സൂപ്പർസ്റ്റാർ അത് മോഹൻലാൽ മാത്രമെ ഉണ്ടാവൂ. പൃഥ്വിരാജ് മുതൽ യുവതാരങ്ങളിൽ ഒട്ടുമിക്ക ആളുകളും ലൊക്കേഷനിലും പ്രോഗ്രാമുകളിലും താരത്തോട് ഒപ്പം സമയം ചിലവഴിച്ചപ്പോൾ ഇത്തരം രസകരമായ അനുഭവങ്ങൾ ഉണ്ടായതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടുമുണ്ട്.
നാൽപ്പത്തിമൂന്ന് വർഷത്തിന്റെ അനുഭവ സമ്പത്ത് സിനിമയിലുണ്ടെങ്കിലും പുതുമുഖങ്ങൾക്ക് പോലും വളരെ സുഖകരമായി മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെയാണ് ലാലേട്ടൻ വളരെ കൂളാണെന്ന അഭിപ്രായം ഭൂരിഭാഗം യുവതാരങ്ങളും പറയുന്നതും. ജീവിതത്തിലെ ഓരോ നിമിഷവും അത് മോശമായാലും നല്ലതായാലും പരാതികളില്ലാതെ ആസ്വദിക്കുന്ന താരം കൂടിയാണ് മോഹൻലാൽ.
അതുകൊണ്ട് തന്നെയാണ് എപ്പോഴും സൗമ്യനായി മാത്രം അദ്ദേഹത്തെ കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂർ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടൊരു വീഡിയോയാണ് വൈറലാകുന്നത്. മോഹൻലാലിനൊപ്പം ഹെലികോപ്ടർ യാത്ര നടത്തുന്ന ആന്റണി പെരുമ്പാവൂരാണ് വീഡിയോയിലുള്ളത്. ഇരുവരും മാത്രമാണ് ഹെലികോപ്റ്ററിലുള്ളത്. മോഹൻലാലാണ് പ്രിയപ്പെട്ട ആന്റണിയുടെയും ആകാശ കാഴ്ചയുടെയും വീഡിയോ പകർത്തിയിരിക്കുന്നത്.
ആന്റണി പെരുമ്പാവൂര്‍ അറിയാതെ അദ്ദേഹത്തിന്റേയും ആകാശത്ത് നിന്ന് താഴേക്ക് നോക്കുമ്പോഴുള്ള കാഴ്ചയും സ്വന്തം ഫോണില്‍ എടുത്ത് ചിരിക്കുന്ന മോഹന്‍ലാലിനെ വീഡിയോ കണ്ടിരിക്കാൻ കൗതുകം നിറഞ്ഞതാണ്. പ്രിയപ്പെട്ട ലാൽ സാർ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആന്റണി ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായോതോടെ രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

കുട്ടിക്കളി മാറാത്ത ലാലേട്ടൻ ഇത്ര സിംപിളായിരുന്നുവോ എന്ന് ചോദിച്ചാണ് ഏറെയും കമന്റുകൾ. ഇങ്ങനെ ഇപ്പോഴും ലാലേട്ടന്റെ കൂടെ തന്നെ ഉണ്ടാവാന്‍ കഴിയുന്ന ആന്റണി പെരുമ്പാവൂര്‍ ശരിക്കും ഭാഗ്യവാനാണെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ വികാസ് വികെയും വീഡിയോ കണ്ട് കുറിച്ചിട്ടുണ്ട്. തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ, എങ്ങോട്ടേക്കാണ് രണ്ടുപേരുടെയും യാത്ര എന്നിങ്ങനെയും കമന്റുകളുണ്ട്.
വിത്ത് മോഹന്‍ലാല്‍ സര്‍ എന്ന് പറഞ്ഞാണ് ആന്റണി പെരുമ്പാവൂര്‍ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മൂന്നാം മുറ മുതൽ മോഹൻലാലിന്റെ വലംകയ്യായി ആന്റണി പെരുമ്പാവൂരുണ്ട്. ആശിർവാദ് സിനിമാസ് അടക്കമുള്ള മോഹൻലാലിന്റെ സാമ്പത്തീക കാര്യങ്ങളുമെല്ലാം നോക്കി നടത്തുന്നത് ആന്റണിയാണ്. മോഹൻലാലിന്റെ ഡ്രൈവറായാണ് ആന്റണിയുടെ തുടക്കമെങ്കിലും ഇന്ന് ഇരുവരും സഹോദരങ്ങളെപ്പോലെയും ഒരു കുടുംബം പോലെയുമാണ്.
ആന്റണി പങ്കുവെച്ച വീഡിയോ കൊച്ചിയില്‍ വെച്ച് നടന്ന അമ്മയുടെ വാര്‍ഷിക യോഗത്തിനുശേഷം അടുത്ത ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയിൽ പകർത്തിയതാണ്. നിലവില്‍ എമ്പുരാനിലും, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് മോഹന്‍ലാല്‍ അഭിനയിച്ച് വരുന്നത്. ഏറ്റവും അവസാനം റിലീസ് ചെയ്തത് മലൈക്കോട്ട വാലിബൻ എന്ന ചിത്രമാണ്.


Click it and Unblock the Notifications