മധു സാറിന്റെ മുഖം എത്ര കണ്ടാലും മടുപ്പ് തോന്നില്ലെന്ന് മോഹൻലാൽ, ചില മണ്ടന്മാർക്ക് അങ്ങനെ തോന്നാറുണ്ടെന്ന് മധു!
സത്യൻ, നസീർ, മധു... മലയാള സിനിമയിലെ ത്രിമൂർത്തികൾ എന്ന് ഒരു കാലത്ത് സിനിമാപ്രേമികൾ വിശേഷിപ്പിച്ചത് ഇവരെയായിരുന്നു. സത്യനും നസീറും നമ്മളെ വിട്ടുപോയങ്കിലും മധുവിനെ കാണുമ്പോൾ ഇവരുടെ മൂന്ന് പേരുടെയും ആ സുവർണ്ണ കാലഘട്ടം നമ്മുടെ ഓർമ്മകളിലേക്ക് ഓടിയെത്തും.
മലയാള സിനിമയിൽ വേറിട്ട ശബ്ദത്തിനും അഭിനയ സിദ്ധിക്കും ഉടമയായ മലയാള സിനിമയുടെ പുണ്യമാണ് മധു. മിമിക്രി കലാകാരൻമാർ ഏറ്റവും കൂടുതൽ അനുകരിച്ചിട്ടുള്ള നടൻ കൂടിയാണ് ഇദ്ദേഹം. കാലം തളർത്താത്ത അഭിനയത്തികവും പോറലേൽക്കാത്ത വ്യക്തി ജീവിതവും മധുവിനെ തികച്ചും വ്യത്യസ്ഥനാക്കുന്നു.
ഇന്ന് തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന മഹാപ്രതിഭയെ തേടി ആശംസ കൂമ്പാരമാണ് എത്തുന്നത്. മലയാള സിനിമയുടെ ഫ്രെയിമുകളിൽ മധു എന്ന പ്രതിഭ കടന്നുപോകാത്ത മേഖലകൾ നന്നേകുറവാണ്. ചെമ്മീനിലെ പരീകുട്ടി, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരത്തിലെ ബാപ്പുട്ടി, കള്ളിച്ചല്ലമ്മ തുടങ്ങി ഒട്ടനവധി അനശ്വര കഥാപാത്രങ്ങൾക്ക് മധു ജീവൻ നൽകിയിട്ടുണ്ട്.

മലാള സിനിമക്ക് മധുകാലം പകർന്ന് നൽകിയ പ്രതിഭ നവതി ആഘോഷിക്കുമ്പോൾ ആദ്യം ആശംസയുമായി ഓടി എത്തിയത് നടൻ മോഹൻലാലാണ്. മധുവിന്റെ ഒട്ടുമിക്ക പിറന്നാൾ ദിനങ്ങളിലും ലാലിന്റെ സന്ദർശനം ഉണ്ടാകും. ഇരുവരും ഒരുമിച്ച് ഇരുന്ന് മധുരം നുകരം.
ഇത്തവണയും പതിവ് തെറ്റിക്കാതെ ഷൂട്ടിങ് സെറ്റിൽ നിന്നും പ്രിയനടനെ കാണാൻ മോഹൻലാൽ എത്തി. മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ ആശംസകൾ അറിയിച്ചത്. തലസ്ഥാനത്ത് തന്നെ നടക്കുന്ന സിനിമാ ചിത്രീകരണം കഴിഞ്ഞ് രാത്രിയാണ് ലാൽ മധുവിനെ സന്ദർശിക്കാൻ എത്തിയത്.
എപ്പോഴും കാണാൻ തോന്നുന്ന അല്ലെങ്കിൽ എത്ര കണ്ടാലും മടുപ്പ് തോന്നാത്തൊരു മുഖവും... ആളുമായിട്ടാണ് തനിക്ക് മധുസാറിനെ തോന്നിയിട്ടുള്ളതെന്നാണ് മോഹൻലാൽ പറയുന്നത്. അതെന്താണ് സാർ അങ്ങനെയെന്ന് ലാൽ ഒരു കുസൃതിചിരിയോടെ മധുവിനോട് ചോദിച്ചപ്പോൾ കുസൃതി വിടാത്ത ചിരിയോടെ മധുവിന്റെ രസകരമായ മറുപടി എത്തി... ചില മണ്ടൻമാർക്ക് അങ്ങനെ തോന്നാറുണ്ട് എന്നായിരുന്നു മറുപടി.
ഉരുളയ്ക്ക് ഉപ്പേരിപോലുള്ള മധുവിന്റെ മറുപടിയിൽ മോഹൻലാൽ പൊട്ടി ചിരിച്ചു. തന്നോട് എന്താണ് പറയാനുള്ളത് മധു സാറിനെന്നായിരുന്നു മോഹൻലാൽ പ്രിയനടനോട് പിന്നീട് ചോദിച്ചത്.

ഇവിടെ എത്രയോ പേർ വരുന്നു പോകുന്നു. പക്ഷെ ഇന്നത്തെ ലാലിന്റെ വരവ് അപ്രതീക്ഷിതമാണ്. ഏറെ സന്തോഷം. ലോട്ടറി അടിച്ചവന്റെ ആഹ്ലാദം എന്നായിരുന്നു മറുപടി. സംഭാഷണത്തിനൊടുവിൽ മധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചാണ് മോഹൻലാൽ മടങ്ങിയത്.
ഹാപ്പി ബർത്ത്ഡെ മൈ സൂപ്പർ സ്റ്റാർ എന്നായിരുന്നു മധുവിന് നവതി ആശംസകൾ നേർന്ന് നടൻ മമ്മൂട്ടി കുറിച്ചത്. വാർധക്യസഹജായ ബുദ്ധമുട്ടുകൾ ഉള്ളതിനാൽ സിനിമയിൽ നിന്നെല്ലാം വിട്ട് താരം വിശ്രമ ജീവിതം നയിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ടുതവണ വളരെ അത്യാവശ്യത്തിന് മാത്രമാണ് നടൻ വീടിന് പുറത്തിറങ്ങിയത്. സിനിമ കാണലാണ് തന്റെ ഇപ്പോഴെത്തെ പ്രധാന പരിപാടി എന്ന് മധു പറയുന്നു. 'ദിവസവും ഒന്നുരണ്ട് മണിക്കൂര്‍ വായിക്കും.'
'കാണാന്‍ വരുന്നവരുടെ എണ്ണവും കുറവാണ്. വീട്ടിലിരിപ്പ് തന്നെ. പുറത്ത് പോകാത്തതുകൊണ്ട് കൊറോണക്കാലത്ത് ഏറ്റവും കുറച്ച് മാത്രം മാസ്‌ക് ധരിച്ച വ്യക്തികളിലൊരാള്‍ ഞാനായിരിക്കും. പഴയകാല സിനിമകളാണ് കാണുന്നതിൽ അധികവും.'
'അഭിനയിച്ച സിനിമകളിലേറെയും ഈ അടുത്ത കാലത്താണ് കാണുന്നത്. ജീവിതം ആസ്വദിച്ചും ആഘോഷിച്ചും അനുഭവിക്കുകയായിരുന്നു ഞാന്‍. ആഗ്രഹിച്ചതെല്ലാം നേടിയ വ്യക്തിയാണ് എന്നുപറയാം', എന്നാണ് വിശ്രമ ജീവിതത്തെ കുറിച്ച് സംസാരിക്കവെ മധു പറഞ്ഞത്.


Click it and Unblock the Notifications