'രാമഭദ്രന്റെ റോൾ നീയോ മോഹൻലാലോ ചെയ്താൽ മാത്രമെ ശരിയാകൂ, ലാൽ ചെയ്താലും ചെറിയ കുഴപ്പമുണ്ടാകും'; മുകേഷ്!
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഗോഡ്ഫാദർ. എൻ.എൻ പിള്ള, തിലകൻ, ജനാർദ്ദനൻ ഇന്നസെന്റ്, ശങ്കരാടി, കെപിഎസി ലളിത, മുകേഷ്, ജഗദീഷ്, ഫിലോമിന, കനക തുടങ്ങിയ ഒരുപാട് പ്രതിഭാധനരായ അഭിനേതാക്കളായിരുന്നു പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്നു.
ലെജന്റുകളാൽ സമ്പന്നമായ സിനിമ എന്നും ഗോഡ്ഫാദർ വിശേഷിപ്പിക്കപ്പെടാറുണ്ട്. നായകനും നയികയും അടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടും സ്കോർ ചെയ്തത് അഞ്ഞൂറാനായ എൻ.എൻ പിള്ളയും ആനപ്പാറയിലെ അച്ഛമ്മയായ ഫിലോമിനയുമാണ്.
ഓരോ ഷോട്ട് കഴിയുമ്പോഴും എൻ.എൻ പിള്ളയെ താങ്ങി പിടിക്കണ്ട അവസ്ഥ ഉണ്ടായിരുന്നുവെന്ന് സിദ്ദിഖും ലാലും വിജയരാഘവനുമായുള്ള ഒരു ഇൻറർവ്യൂവിൽ പറഞ്ഞിരുന്നു.

ആ അവശത ഒരിക്കൽ പോലും സിനിമ കണ്ട ഒരു പ്രേക്ഷകനും മനസിലാക്കാൻ കഴിയാത്ത വിധം അദ്ദേഹം കളം നിറഞ്ഞാടി. മലയാളസിനിമയിൽ പകരക്കാരനില്ലാത്ത ഒരു കഥാപാത്രം ഉണ്ടെങ്കിൽ അത് അഞ്ഞൂറാൻ ആയിരിക്കണം. ഗോഡ്ഫാദർ എന്ന സിനിമ പിറന്നിട്ട് മുപ്പത്തിരണ്ട് വർഷം പിന്നിടുകയാണ്. പക്ഷെ സംവിധായകരിൽ ഒരാളായിരുന്ന സിദ്ദിഖ് അടക്കം ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരുന്നവരിൽ പലരും ഇന്ന് ഭൂമുഖത്ത് ഇല്ല.
ഇത്തരത്തിൽ ഒരു സിനിമി ഇനി സംഭവിക്കുമോയെന്ന് പോലും സംശയമാണ്. സിനിമയിലെ നായകനായ രാമഭദ്രന്റെ വേഷം ചെയ്തത് മുകേഷായിരുന്നു. മുകേഷിനെ കാണുമ്പോഴെല്ലാം ആരാധകരുടെ മനസിലേക്ക് അഞ്ഞൂറാന്റെ ഇളയമകന്റെ മുഖം ഓർമ വരും.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ഓർമകൾ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് മുകേഷ്. രാമഭദ്രന്റെ റോൾ ഞാനോ മോഹൻലാലോ ചെയ്താൽ മാത്രമെ ശരിയാകൂവെന്ന് പ്രിയദർശൻ പറഞ്ഞുവെന്ന് മുകേഷ് പറയുന്നു. 'ഗോഡ്ഫാദറിനെ കുറിച്ച് സംസാരിക്കുമ്പോൾ 1989, 1990, 1991 എന്നീ മൂന്ന് കൊല്ലത്തെ കുറിച്ചും സംസാരിക്കണം. 1989 ആണ് റാംജി റാവു സ്പീക്കിങ് റിലീസ് ചെയ്തത്.'
'അതുപോലൊരു ട്രന്റ് സെറ്റർ സിനിമ മലയാളത്തിൽ ഇറങ്ങിയിട്ടില്ല. അത് കഴിഞ്ഞ് ഇൻ ഹരിഹർ നഗർ റിലീസ് ചെയ്തു. മൂന്നാമത്തെ സിനിമയാണ് ഗോഡ്ഫാദർ. ഗോഡ്ഫാദറിന്റെ റെക്കോർഡ് നമുക്ക് എല്ലാവർക്കും അറിയാം. ആ സിനിമയ്ക്ക് മുമ്പും പിമ്പും ഇനി ഒരിക്കലും 410 ദിവസം ഓരേ തിയേറ്ററിൽ ഒരു സിനിമ പ്രദർശിപ്പിച്ചുവെന്ന റെക്കോർഡ് ഇനി വരാൻ ബുദ്ധിമുട്ടാണ്.'

'നായകനായി അഭിനയിക്കാൻ ആഗ്രഹിക്കുന്ന ഒരാളോട് ഏത് ടൈപ്പ് റോളാണ് ചെയ്യാൻ താൽപര്യമെന്ന് ചോദിച്ചാൽ കണ്ണും അടച്ച് രാമഭദ്രന്റെ കഥാപാത്രത്തെ പറയാം. കാരണം അതിനകത്ത് സെന്റിമെൻസ്, ഫൈറ്റ്, സോങ്, പ്രണയം എല്ലാമുണ്ട്. ഗോഡ്ഫാദർ പുറത്തിറങ്ങിയ ശേഷം പ്രിയദർശൻ സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞു. രാമഭദ്രന്റെ റോൾ നീയോ മോഹൻലാലോ ചെയ്താൽ മാത്രമെ ശരിയാകൂവെന്ന്.'
'ഇത് പറഞ്ഞ് രണ്ട് മിനിറ്റ് കഴിഞ്ഞിട്ട് പ്രിയൻ വീണ്ടും പറഞ്ഞു ഇല്ല മോഹൻലാലിനും ചെറിയൊരു കുഴപ്പമുണ്ട്. ബ്രദേഴ്സിന്റെ കൂട്ടത്തിൽ ഏറ്റവും ഇളയയാളാകും പിന്നെ മെയിൻ ആൾ എന്ന്. തിലകൻ ചേട്ടൻ അടക്കമുള്ളവരുടെ നഷ്ടം തിരിച്ച് പിടിക്കാൻ പറ്റാത്തതാണ്. കാരണം ആ റോളിലേക്ക് വേറെയാരും ശരിയാവില്ല.'
'അതുപോലെ ഇന്നസെന്റ് ചേട്ടൻ. എൻ.എൻ പിള്ള സാർ, ഫിലോമിന ചേച്ചി, കുണ്ടറ ജോണി തുടങ്ങിയവരുടെ വേർപാടെല്ലാം വലിയ നഷ്ടമാണ്. പ്രധാനപ്പെട്ട ഒരുപാട് പേരെ നമുക്ക് നഷ്ടപ്പെട്ടുവെന്നാണ്', ഗോഡ്ഫാദർ സിനിമ അനുഭവങ്ങൾ വീണ്ടും ഓർത്തെടുത്ത് സംസാരിക്കവെ മുകേഷ് പറഞ്ഞത്. ചിത്രത്തിലെ നായികയായിരുന്ന കനക പോലും ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.


Click it and Unblock the Notifications