'മോഹിനിയോട് സൈനുദ്ദീന് പ്രണയം, ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടാൻ ശ്രമം'; കളി കാര്യമായ കഥയുമായി മുകേഷ്!
നീല കണ്ണുകളുള്ള നടി മോഹനി മലയാളി പ്രേക്ഷരുടെ മനസ് നിറച്ചത് വളരെ പെട്ടന്നാണ്. ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞാല്‍ വര്‍ണിക്കാന്‍ വാക്കുകളില്ല. പരിണയം, ഗസല്‍, പഞ്ചാബി ഹൗസ് അങ്ങനെ തുടങ്ങി മോഹിനി ചെയ്ത സിനിമകളും കഥാപാത്രങ്ങളും എല്ലാം വിജയമായിരുന്നു. ഇന്നും മോഹിനി മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.
കോയമ്പത്തൂരിൽ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച താരത്തിന്‍റെ ആദ്യത്തെ പേര് മഹാലക്ഷ്മി എന്നായിരുന്നു. 1991ൽ ഈരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കി മാറ്റി. മോഹൻലാൽ ചിത്രം നാടോടിയിലൂടെയാണ് മലയാളത്തിലെത്തിയത്. ശേഷം നിരവധി മലയാള സിനിമകളിൽ വേഷമിട്ടു. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ കുടുംബജീവിതം ആസ്വദിക്കുകയാണ്. സിനിമകളിലേക്ക് തിരിച്ച് വരുന്നതിനെ കുറിച്ചൊന്നും യാതൊരു സൂചനകളും താരം നൽകിയിട്ടുമില്ല.

തൊണ്ണൂറുകളിലും രണ്ടായിരത്തിലും മലയാളത്തിൽ നിറഞ്ഞ് നിന്ന് ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരങ്ങളുടെ പഴയകഥകൾ അവർക്കൊപ്പം സിനിമകൾ ചെയ്തിട്ടുള്ള നടൻ മുകേഷിനെ പോലുള്ളവർ പങ്കുവെക്കുമ്പോഴാണ് പ്രേക്ഷകർ അറിയുന്നത്.
അത്തരത്തിൽ മുകേഷ് സ്പീക്കിങ് എന്ന തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ ഒരു ഷൂട്ടിങ് സെറ്റിൽ വെച്ച് മോഹിനിയെ പ്രാങ്ക് ചെയ്തപ്പോൾ ഉണ്ടായ കോലാഹലങ്ങളാണ് നടൻ വിവരിച്ചത്. ഷൂട്ടിങ് അവസാനിപ്പിച്ച് തിരികെ നാട്ടിലേക്ക് പോകാനുള്ള തീരുമാനത്തിലേക്ക് വരെ തങ്ങളുടെ പ്രാങ്ക് കാരണം മോഹിനി എത്തിയെന്നും മുകേഷ് പറയുന്നു.
പണ്ടൊന്നും കാരവാൻ പോലുള്ളവ സജീവമല്ലാതിരുന്നതിനാൽ ഷൂട്ടിങ് ഇടവേളകളിൽ ഇത്തരം തമാശകൾ താരങ്ങളും അണിയറപ്രവർത്തകരും ഒപ്പിക്കുന്നത് പതിവായിരുന്നു. അതുകൊണ്ട് തന്നെ ദൃഢമായ നിരവധി സൗഹൃദങ്ങളും അക്കാലത്ത് താരങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. സൈനുദ്ദീന് അടങ്ങാത്ത പ്രണയമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് മോഹിനിയെ ഭയപ്പെടുത്തിയതെന്നും മുകേഷ് പറയുന്നു.
'വരം സിനിമയുടെ ഷൂട്ടിങ് കോഴിക്കോട് നടക്കുന്ന സമയം. ഹരിദാസാണ് സിനിമയുടെ സംവിധായകൻ. ഞാനും സൈനുദ്ദീനും ഗണേഷ് കുമാറും മോഹിനിയുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മോഹിനി അന്ന് തിരക്കുള്ള നടിയായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് മോഹിനിയുടെ ഡേറ്റ് കിട്ടിയത്.'

'പക്ഷെ സെറ്റിൽ വന്നാൽ മോഹിനി അധികം ആരോടും സംസാരിക്കുകയോ മിങ്കിൾ ആവുകയോ ചെയ്തിരുന്നില്ല. ആ രീതി ഒന്ന് മാറ്റിയെടുക്കാൻ സൈനുദ്ദീനും ഞാനും ഗണേശനുമെല്ലാം കൂടി തീരുമാനിച്ചു. അങ്ങനെ പ്ലാൻ ചെയ്തശേഷം സൈനുദ്ദീന് മോഹിനിയോട് കടുത്ത പ്രണയമാണെന്ന് മോഹിനിയെ ഞാൻ പറഞ്ഞ് ധരിപ്പിച്ചു.'
'മോഹിനി ആദ്യം വിശ്വസിച്ചില്ലെങ്കിലും തെളിവുകൾ നിരത്തി വിശ്വാസയോഗ്യമാകുന്ന തരത്തിൽ ഞാൻ സംസാരിച്ചതോടെ മോഹിനി അസ്വസ്ഥയായി. അങ്ങനെ ഓരോ ദിവസവും ഓരോ സംഭവങ്ങൾ ഉണ്ടാക്കി സൈനുദ്ദീനുമായി ബന്ധപ്പെടുത്തി മോഹിനിയോട് പറഞ്ഞു. മോഹിനിയുമായുള്ള പ്രണയം വർണിച്ച് സൈനുദ്ദീൻ കത്തുകളെഴുതിയത് തങ്ങൾക്ക് കിട്ടിയെന്ന കള്ളമാണ് ആദ്യം പറഞ്ഞത്.'
'സൈനുദ്ദീനെ പറഞ്ഞ് മനസിലാക്കി പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ മോഹിനി എന്നോട് നിരന്തരം പറയുന്നുണ്ട്. ഞാൻ പലതവണ ശ്രമിച്ചിട്ടും മോഹിനിയെ സൈനുദ്ദീൻ മറക്കുന്നില്ലെന്നും ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നും ചാടി മരിക്കാൻ ശ്രമിക്കുകയാണ് ചെയ്തെന്നും മോഹനിയോട് പറഞ്ഞു. ഇതോടെ മോഹിനി കൂടുതൽ ടെൻഷനായി. സൈനുദ്ദീനെ കാണുമ്പോൾ പരമാവധി സംസാരിക്കാതെ ഒഴിഞ്ഞ് മാറും.'
'മാത്രമല്ല സീൻ ഷൂട്ട് ചെയ്യുമ്പോൾ തെറ്റുകൾ വരാനും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങി. സൈനുദ്ദീൻ തന്റെ പേര് കത്തിൽ എഴുതിവെച്ച് മരിക്കുമോ എന്നതായിരുന്നു മോഹിനിയുടെ ഭയം. ദിവസങ്ങൾ കുറച്ച് കഴിഞ്ഞതോടെ മോഹിനിയുടെ ഭയം വർധിച്ചു. അവസാനം ഷൂട്ട് നിർത്തി തിരികെ വീട്ടിൽ പോവുകയാണെന്നും പിന്നീട് ഡേറ്റ് തരാമെന്നും മോഹിനി സംവിധായകനോട് പറഞ്ഞു.'
'ഇതോടെ കളി കാര്യമായിയെന്ന് ഞങ്ങൾക്ക് മനസിലായി. അപ്പോഴാണ് സൈനുദ്ദീനെ കുറിച്ച് പറഞ്ഞ കഥകളെല്ലാം നുണയാണെന്ന് ഞങ്ങൾ എല്ലാവരും ഒരുമിച്ച് പോയി മോഹിനിയോട് പറഞ്ഞ് നടിയെ സമാധാനിപ്പിച്ചതെന്ന്', മുകേഷ് പറയുന്നു.


Click it and Unblock the Notifications











