'എല്ലാവരും പ്രിയപ്പെട്ടവരെങ്കിലും എന്റെ ചിന്തകൾക്കും അഭിരുചികൾക്കും സമാനമായ ഒരാൾ ഇന്നസെന്റ് ചേട്ടനായിരുന്നു'
മുകേഷ്-ഇന്നസെന്റ് കോമ്പോയിലെ കൗണ്ടറുകള്‍ കണ്ട് മലയാളികൾ പലയാവര്‍ത്തി പൊട്ടിച്ചിരിച്ചിട്ടുണ്ട്. എണ്ണിയാൽ തീരാത്ത അത്രത്തോളം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റിനേയും മുകേഷിനെയും കാണുമ്പോൾ പ്രേക്ഷക മനസിലേക്ക് ആദ്യം ഓടി എത്തുന്നത് ഗോപാലകൃഷ്ണനും മാന്നാർ മത്തായിയും തമ്മിലുള്ള മനോഹരമായ സംഭാഷണങ്ങളാണ്. ഇന്നസെന്റിന്റെ വേർപാടോടെ ഇനി ആ കോമ്പോ ഒരിക്കൽ കൂടി സ്ക്രീൻ കാണാൻ കഴിയില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു പ്രേക്ഷകർ.
എന്നാൽ ഇതാ ഫിലിപ്സ് എന്ന റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മലയാള സിനിമയിലൂടെ മലയാളികൾക്ക് ഒരിക്കൽ കൂടി മുകേഷിനെയും ഇന്നസെന്റിനെയും ഒരുമിച്ച് കാണാൻ സാധിക്കും. ഇന്നസെന്റിന്റെ വേർപാട് സംഭവിച്ച് എട്ട് മാസം പിന്നിടുമ്പോഴാണ് ഇന്നസെന്റ് അവസാനമായി അഭിനയിച്ച ഒരു സിനിമ റിലീസിന് എത്തുന്നത്.

ഇപ്പോഴിതാ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന ഫിലിപ്സ് സിനിമ കാണാൻ ക്ഷണിച്ച് ആരാധകർക്ക് മുകേഷ് എഴുതിയ കത്തിൽ ഇന്നസെന്റിനെ കുറിച്ച് എഴുതിയ വരികളാണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് ഒട്ടനവധി പ്രിയപ്പെട്ട സുഹൃത്തുക്കൾ ഉണ്ടെങ്കിലും തന്റെ ചിന്തകൾക്കും അഭിരുചികൾക്കും സമാനമായ ഒരാൾ ഇന്നസെന്റ് ആയിരുന്നുവെന്നാണ് കത്തിൽ മുകേഷ് കുറിച്ചത്.
'നമസ്കാരം ഞാൻ നിങ്ങളുടെ സ്വന്തം മുകേഷ്... നാൽപത്തൊന്ന് വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഗോപാലകൃഷ്ണനും മഹാദേവനും മാട്ടുപ്പെട്ടി മച്ചാനും ഒക്കെയായി മുന്നൂറ് വേഷങ്ങൾ ഞാൻ ഫിലിപ്സിലൂടെ പൂർത്തിയാക്കുകയാണ്. എന്റെ ഈ അഭിനയ യാത്രയിൽ എന്റെ ഏറ്റവും വലിയ നേട്ടം എന്നും നല്ല സൗഹൃദങ്ങളും മധുരിക്കുന്ന ഓർമകളുമാണ്.'
'എല്ലാവരും പ്രിയപ്പെട്ടവരായിരുന്നെങ്കിലും എന്റെ ചിന്തകൾക്കും അഭിരുചികൾക്കും എന്നും സമാനമായ ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടൻ. അക്കരെ നിന്നൊരു മാരനിൽ തുടങ്ങിയ സ്നേഹവും അടുപ്പവും കളി തമാശകളുമൊക്കെ ഫിലിപ്സ് വരെ എന്നും എന്റെ ഓർമയിൽ തിളങ്ങി നിൽക്കുന്നതാണ്. ഒരിക്കൽ കൂടി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ 2023 ഡിസംബർ ഒന്നിന് എല്ലാവരും തിയേറ്ററിൽ വരണം', എന്നായിരുന്നു മുകേഷ് കത്തിൽ എഴുതിയത്.
പോസ്റ്റ് കാർഡിൽ മുകേഷിന്റെ കൈപ്പടയിൽ എഴുതിയ കത്ത് തപാൽ വഴി വിവിധ രാജ്യങ്ങളിലെ ആരാധകർക്ക് എത്തുന്ന തരത്തിലുള്ള വീഡിയോയും ഫിലിപ്സിന്റെ അണിയറപ്രവർത്തകർ പങ്കുവെച്ചു. നാൽപ്പത്തൊന്ന് വർഷമായി ഇന്ത്യൻ സിനിമയുടെ ഭാഗമായ മുകേഷിന്റെ മുന്നൂറാം സിനിമയാണ് ഫിലിപ്സ്.

സിനിമയുടെ പ്രമോഷൻ വീഡിയോകളെല്ലാം തന്നെ വ്യത്യസ്തമായിരുന്നു. അതിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ പ്രമോഷൻ വീഡിയോയിലാണ് ഇന്നസെന്റിനെ കുറിച്ച് മുകേഷ് പറയുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ഫിലിപ്സ്. ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ഛായാഗ്രഹണം ജെയ്സൺ ജേക്കബ് നിർവഹിച്ചിരിക്കുന്നു. സംഗീതം ഹിഷാം അബ്ദുൾ വഹാബാ്. മുകേഷ്, ഇന്നസെന്റ്, നോബിൾ ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വേഷപ്പകർച്ചയിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടനാണ് ഇന്നസെന്റ്.
2023ൽ മലയാള സിനിമയ്ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഇന്നസെന്റിന്റെ മരണം. മാർച്ച് 26 ഞായറാഴ്ച രാത്രി പത്തരയോടെ ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. രാവണപ്രഭു, മണിച്ചിത്രത്താഴ്, ഇഷ്ടം, ഇന്ത്യൻ പ്രണയകഥ, കാബൂളിവാല, ദേവാസുരം, മാന്നാർ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, മിഥുനം, വിയറ്റ്നാം കോളനി, കല്യാണരാമൻ, ഗോഡ്ഫാദർ തുടങ്ങിയവയാണ് ഇന്നസെന്റ് അഭിനയിച്ച പ്രധാന സിനിമകൾ.
അദ്ദേഹത്തിന്റെ വേർപാട് സംഭവിച്ച് ഒരു വർഷത്തോട് അടുക്കാൻ പോകുമ്പോഴും ഇന്നും അദ്ദേഹത്തിന്റെ തമാശകൾ പലയാവർത്തി കാണുകയും നിത്യജീവിതത്തിൽ പറയുകയും ചെയ്യുന്നവരാണ് മലയാളികൾ.


Click it and Unblock the Notifications