ചോര ഒലിപ്പിച്ച് കൊണ്ട് മമ്മൂട്ടി പൊട്ടിക്കരഞ്ഞു, ബജറ്റ് ചര്‍ച്ചയ്ക്കിടെ ആ അപകടത്തെ കുറിച്ച് പറഞ്ഞ് മുകേഷ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും മുകേഷും. ഇവരുടെ പഴയ കാലത്തെ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും കാഴ്ചക്കാരെ നേടുന്നുണ്ട്.മുകേഷിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത് മമ്മൂട്ടിക്കൊപ്പമായിരുന്നു. 1982 ല്‍ പുറത്ത് ഇറങ്ങിയ മെഗാസ്റ്റാര്‍ ചിത്രത്തിലൂടെയാണ് മുകേഷ് സിനിമയില്‍ എത്തിയത്. സിദ്ദിഖ്- ലാല്‍ ചിത്രമായ റാംജി റാവൂവിലൂടെയാണ് നടന്റെ കരിയര്‍ മാറുന്നതെങ്കിലും മോഹന്‍ലാല്‍- മമ്മൂട്ടി, സുരേഷ് ഗോപി ചിത്രങ്ങളില്‍ തിളങ്ങാന്‍ മുകേഷിന് കഴിഞ്ഞിരുന്നു.
ഇപ്പോഴിത സോഷ്യല്‍മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആവുന്നത് ബലൂണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയ്ക്ക് സംഭവിച്ച ഒരു അപകടത്തെ പറ്റിയാണ്. ഇത് പലപ്രാവശ്യം പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കുറി വെളിപ്പെടുത്തിയിരിക്കുന്നത് ബജറ്റ് ചര്‍ച്ചയിലാണ്. റോഡിന്‌റെ ദുരവസ്ഥയെ കുറിച്ച് പറയവെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിത ആ പഴയ സംഭവം വീണ്ടും സിനിമ കോളങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

ബജറ്റ് ചര്‍ച്ചയെ ഉദ്ധരിച്ച് മാധ്യമം ഓണ്‍ലൈനാണ് നടന്റെ വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്. നടന്റെ വാക്കുകള്‍ ഇങ്ങനെ... ''താനും മമ്മൂട്ടിയും നായകരായി അഭിനയിച്ച 'ബലൂണ്‍' സിനിമയുടെ ഷൂട്ടിങ് ചെങ്കോട്ടയിലായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ തന്നെ ബൈക്കിലിരുത്തി ഈ റോഡിലൂടെ മമ്മൂട്ടി യാത്രചെയ്തു. ടാറൊന്നുമില്ലാത്ത ചളി നിറഞ്ഞ റോഡായിരുന്നു. ഒരു വളവ് തിരിഞ്ഞപ്പോള്‍ ബൈക്ക് മറിഞ്ഞു. ചാടിയിറങ്ങിയ താന്‍ കണ്ടത് തലപൊട്ടി ചോരയൊലിക്കുന്ന മമ്മൂട്ടിയെയായിരുന്നു. സാധാരണ ശക്തനായ മമ്മൂട്ടി പക്ഷേ പൊട്ടിക്കരയുന്നതാണ് കണ്ടത്. മുഖത്ത് മുറിവേറ്റ തന്നെ ഇനി ആര് അഭിനയിക്കാന്‍ വിളിക്കുമെന്ന് ചോദിച്ചാണ് മമ്മൂട്ടി കരഞ്ഞത്''. മുകേഷ് പറഞ്ഞു.

ഇപ്പോഴും മമ്മൂട്ടിയുടെ മാസ് ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ അന്ന് കരഞ്ഞ സംഭവം ഓര്‍മ വരുമെന്ന് മുകേഷ് ഇതിന് മുമ്പ് ഒരിക്കല്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയ്ക്ക് വണ്ടിയോടുള്ള താല്‍പര്യത്തെ കുറിച്ച് പറയുമ്പോഴായിരുന്നു വീണതും തുടര്‍ന്നുള്ള സംഭവങ്ങളും മുകേഷ് പറഞ്ഞത്.

1982 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ബലൂണ്‍. മമ്മൂട്ടിയേയും മുകേഷിനേയും കൂടാതെ അന്നത്തെ മുന്‍നിര താരങ്ങളായിരുന്നു ചിത്രത്തില്‍ വേഷമിട്ടത്., തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ജഗതി ശ്രീകുമാര്‍, ജലജ, ശോഭ മോഹന്‍, കവിയൂര്‍ പൊന്നമ്മ, വി.ടി. അരവിന്ദാക്ഷ മേനോന്‍, ടി.ജി. രവി, കലാരഞ്ജിനി, ബേബി പൊന്നമ്പിളി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. .ടി.വി. കൊച്ചുബാവ കഥയും തിരക്കഥയും സംഭാഷണവുമെഴുതി, രവി ഗുപ്തന്‍ സംവിധാനം ചെയ്തത്. നടന്‍ തിക്കുറിശ്ശിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് എംകെ അര്‍ജുനന്‍ മാഷായിരുന്നു. മമ്മൂട്ടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.

ഭീഷ്മ പര്‍വമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന മമ്മൂട്ടി ചിത്രം. മാര്‍ച്ച് 3 ന് റിലീസ് ചെയ്ത ചിത്രം 80 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. മൈക്കിള്‍ എന്ന കഥ പാത്രത്തെയാണ് ഭീഷ്മപര്‍വത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മെഗാസ്റ്റാറിനോടൊപ്പം ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി, അനഘ എന്നിങ്ങനെ വലിയ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭീഷ്മപര്‍വം. 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി- അമല്‍ നീരദ് കൂട്ട്‌കെട്ട് ഒന്നിച്ചത്. ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാലിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ഭീഷ്മപര്‍വവുമായി ഇവര്‍ എത്തുന്നത്.


Click it and Unblock the Notifications