17 വര്‍ഷമായി ഞങ്ങളൊരുമിച്ചാണ്! വിവാഹത്തിന് അഞ്ച് വര്‍ഷം മുന്‍പ് പ്രണയത്തിലായി, ഭാര്യയെ കുറിച്ച് നാനി
തെലുങ്ക് സിനിമയിലെ മുന്‍നിര താരമാണ് നാനി. അഭിനയിക്കുന്ന സിനിമകളിലെ വേറിട്ട പ്രകടനമാണ് നടനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. അതേ സമയം കേരളത്തിലും വലിയൊരു പിന്തുണയാണ് താരത്തിന് ലഭിക്കാറുള്ളത്. ഈച്ച എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് നടന്‍ നാനി മലയാളികള്‍ക്കും സുപരിചിതനാവുന്നത്.
രാജമൗലിയുടെ സംവിധാനത്തിലെത്തിയ ഈച്ച സിനിമ കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. എന്നാല്‍ ആ സിനിമയില്‍ നാല്‍പത് മിനുറ്റ് മാത്രമേ താന്‍ അഭിനയിച്ചിട്ടുള്ളുവെന്ന് പറയുകയാണ് താരമിപ്പോള്‍. ഈച്ചയില്‍ കൂടുതല്‍ നേരം തന്റെ കഥാപാത്രം ഉണ്ടാവാതെ ഇരുന്നതില്‍ പ്രശ്‌നമൊന്നും തോന്നിയിട്ടില്ലെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ നാനി വ്യക്തമാക്കുന്നു.

'ഈച്ച എന്ന സിനിമയില്‍ ആകെ 40 മിനിറ്റ് മാത്രമാണ് ഞാന്‍ അഭിനയിച്ചത്. ഇപ്പോഴും ആ സിനിമയിലെ പെര്‍ഫോമന്‍സിന്റെ പേരില്‍ എനിക്ക് അഭിനന്ദനങ്ങള്‍ കിട്ടാറുണ്ട്. വളരെ കുറച്ചേ അഭിനയിച്ചിട്ടുള്ളു എങ്കിലും ആ സിനിമയുടെ പേരില്‍ എനിക്ക് ഒരുപാട് ക്രെഡിറ്റ് കിട്ടുന്നുവെന്ന് സംവിധായകന്‍ രാജമൗലി സാറിനോടും ഞാന്‍ പറഞ്ഞിരുന്നു.
പലരും ചോദിച്ചു, ആ സിനിമയില്‍ കുറച്ചു നേരം കൂടി അഭിനയിക്കാന്‍ വേണമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന്. ഒരിക്കലുമില്ല. ഞാന്‍ ആ സിനിമയില്‍ ഫുള്‍ ഉണ്ടായിരുന്നെങ്കില്‍ ആര് കാണാനാണ്? ഈച്ചയെപ്പറ്റിയാണ് ആ സിനിമ പറയുന്നത്. ആള്‍ക്കാര്‍ക്ക് അതിന് വേണ്ടി കാത്തിരിക്കേണ്ടി വരരുത്. അതുകൊണ്ട് കൃത്യ സമയത്താണ് രാജമൗലി സാര്‍ എന്നെ കൊന്നത്.
അതേ സമയം രൗജമൗലിയുടെ ഹിറ്റ് സിനിമകളായ ആര്‍ആര്‍ആര്‍, ബാഹുബലി എന്നീ സിനിമകള്‍ക്ക് ശേഷമാണ് 'ഈച്ച' പുറത്തിറങ്ങിയിരുന്നതെങ്കില്‍ വേറൊരു തലത്തിലേക്ക് ആ സിനിമ എത്തിയേനെ', എന്നും നാനി പറയുന്നു.
ഇതിനിടെ തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെയും മക്കളെ പറ്റിയുമൊക്കെ അഭിമുഖത്തില്‍ നടന്‍ സംസാരിച്ചിരുന്നു. 'ഞാന്‍ വിവാഹിതനായിട്ട് 11 വര്‍ഷമായി. എന്നാല്‍ അതിനും മുന്‍പ് 5 വര്‍ഷത്തിലധികം ഞങ്ങള്‍ പ്രണയത്തിലായിരുന്നു. അങ്ങനെ നോക്കുകയാണെങ്കില്‍ ഏകദേശം 17 വര്‍ഷത്തോളമായിട്ട് ഞങ്ങള്‍ ഒരുമിച്ചാണ്.

എല്ലാവരുടെ ലൈഫിലും ഒരു പങ്കാളി വേണമെന്നുണ്ടാവില്ല. ഒറ്റയ്ക്കായിരിക്കാനാവും ചിലരുടെ ഇഷ്ടം. അതും മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ ഒരു കൂട്ട് ഉള്ളത് മനോഹരമാണെന്ന് നാനി പറയുന്നു. അതേ സമയം മകനെ ഓര്‍ത്ത് താന്‍ ഒരുപാട് ടെന്‍ഷനടിക്കാറില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടികളെ ആദ്യമായി സ്വാധീനിക്കാന്‍ കഴിയുന്നത് വീട്ടില്‍ നിന്നു തന്നെയാണ്. അവിടെ നമ്മള്‍ തോല്‍ക്കുകയാണെങ്കില്‍ കുട്ടികളെ സ്വാധീനിക്കാന്‍ ലോകത്തിന് എളുപ്പമാകും. കുട്ടികളെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ മനഃപൂര്‍വം ശ്രമിക്കേണ്ടതില്ല. നിങ്ങള്‍ നല്ല വ്യക്തികളായിരുന്നാല്‍ മതി.
കുട്ടികള്‍ എങ്ങനെ ആയി തീരണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, സ്വന്തം ജീവിതത്തില്‍ നിങ്ങള്‍ അങ്ങനെ ആവുക. കുട്ടികള്‍ അത് കണ്ട് പഠിച്ചോളും. അതുകൊണ്ടു തന്നെ മകന്റെ കാര്യത്തില്‍ മനഃപൂര്‍വം ഒരു ശ്രമങ്ങളും നടത്താറില്ല. പിന്നെ അവര്‍ ഈ സമൂഹത്തിലേക്ക് ഇറങ്ങുമ്പോഴും, ആരെയൊക്കെയാണ് അവര്‍ കണ്ടുമുട്ടുന്നതെന്നോര്‍ത്തും ടിവി കാണുമ്പോള്‍ പ്രായത്തിന് ചേര്‍ന്നതല്ലാത്ത കാര്യങ്ങള്‍ കാണുന്നുണ്ടോ എന്നുമൊക്കെയുള്ള ഭയം എപ്പോഴും ഉണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
ഇതിനിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന് വേണ്ടി ഡബ്ബ് ചെയ്ത കഥയും താരം പങ്കുവെച്ചു. ഓക്കെ കണ്മണി എന്ന ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷനായ ഓക്കെ ബങ്കാരം എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന് വേണ്ടി താന്‍ ശബ്ദ്ധം നല്‍കിയത്. ആ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അഭിനയത്തിന് മാത്രമല്ല ശബ്ദത്തിനും പ്രധാന്യമുണ്ട്. ഒരു അഭിനേതാവ് ഡബ്ബ് ചെയ്യുമ്പോഴും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും നാനി വ്യക്തമാക്കുന്നു.


Click it and Unblock the Notifications











