'ഉള്ളിൽ നല്ലതായി തോന്നുന്ന ഒരു ജീവിതം സൃഷ്ടിക്കുക'; നടൻ നെപ്പോളിയന്റെ ഭിന്നശേഷിക്കാരനായ മകൻ വിവാഹിതനാകുന്നു!
ദേവാസുരത്തിലേയും രാവണപ്രഭുവിലേയും ശക്തനായ പ്രതിനായകൻ മുണ്ടക്കൽ ശേഖരനാണ് എക്കാലത്തും മലയാളികൾക്ക് നെപ്പോളിയൻ എന്ന തമിഴ് നടൻ. മുണ്ടക്കൽ ശേഖരൻ അത്രമേൽ മലയാളി സ്വീകരിച്ച ഒരു കഥാപാത്രമാണ്. തമിഴിലും നിരവധി വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട് താരം. തമിഴ് സിനിമയിൽ വില്ലനായി അരങ്ങേറി നായകനായി മാറിയ ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് നെപ്പോളിയൻ.
ട്രിച്ചിയിൽ ജനിച്ച് അവിടെ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ നെപ്പോളിയൻ സിനിമയിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും പിന്നീട് സിനിമയിൽ അഭിനയിക്കാൻ അവസരം തേടി ചെന്നൈയിലെത്തുകയുമായിരുന്നു. അദ്ദേഹത്തിൻ്റെ ഉയരവും രൂപഭാവവും കണ്ട് സംവിധായകൻ ഭാരതി രാജ 1991ൽ പുറത്തിറങ്ങിയ പുതു നെൽ പുതു നാട് എന്ന ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ അവസരം നൽകി.

അവിടെ മുതലാണ് നെപ്പോളിയന്റെ ജീവിതം മാറാൻ തുടങ്ങിയത്. പതിയെ നെപ്പോളിയൻ വില്ലൻ വേഷങ്ങളിൽ നിന്ന് പുറത്ത് വന്ന് നായകനായി അഭിനയിക്കാനും കഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന വേഷങ്ങൾ തെരഞ്ഞെടുക്കാനും തുടങ്ങി. ശീവലപ്പേരി പാണ്ടി, എട്ടുപട്ടി രസം, കിഴക്കുശീമയിൽ, മിട്ട മിരാസു, പോക്കിരി, ദശാവതാരം തുടങ്ങിയ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ഇന്നും ആരാധകർ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ചിത്രങ്ങളാണ്.
വിവിധ ഭാഷകളിലായി നൂറിന് മുകളിൽ സിനിമകളിൽ നെപ്പോളിയൻ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ രാഷ്ട്രീയത്തിലും നെപ്പോളിയൻ താരമായിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയിലൂടെയാണ് നെപ്പോളിയൻ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 2001ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് എത്തി. 2006ൽ മൈലാപ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് 2009ൽ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച നെപ്പോളിയൻ മൻമോഹൻ സിങ് മന്ത്രിസഭയിൽ സാമൂഹികനീതി വകുപ്പിൽ സഹമന്ത്രി പദം അലങ്കരിച്ചു. അഴഗിരിയുടെ വിശ്വസ്തനായി ഡിഎംകെയിൽ അറിയിപ്പെട്ടിരുന്ന നെപ്പോളിയനെ ഉൾപാർട്ടിപ്പോരിൽ 2014ൽ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതോടെ 2014 ഡിസംബറിൽ ബിജെപിയിൽ ചേർന്ന് നെപ്പോളിയൻ തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്റായി.
നെപ്പോളിയന്‍റെ മൂത്ത മകൻ ധനുഷ് അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലാണ്. മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായ മകന്‍റെ ചികിത്സയും മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ടാണ് താരം യുഎസിലേക്ക് കുറച്ച് വർഷം മുമ്പ് താമസം മാറ്റിയത്. ധനുഷിനെ കൂടാതെ ഇളയ മകൻ ഗുണാൽ, ഭാര്യ ജയസുധ എന്നിവരും താരത്തിനൊപ്പം യുഎസിലാണ്.
എന്നാൽ ഇപ്പോൾ ഭിന്നശേഷിക്കാരനായ നെപ്പോളിയന്‍റെ മൂത്ത മകൻ ധനുഷ് വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ മാസം യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയ നെപ്പോളിയൻ തൻ്റെ മൂത്തമകൻ ധനുഷിൻ്റെ വിവാഹത്തിന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ള ചില പ്രമുഖരെ ക്ഷണിച്ചിരുന്നു.

ധനുഷും തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചു. പുറത്ത് നല്ലതായി തോന്നുന്ന ഒന്നല്ല ഉള്ളിൽ നല്ലതായി തോന്നുന്ന ഒരു ജീവിതം സൃഷ്ടിക്കുക. എന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്നാണ് എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ട് ധനുഷ് കുറിച്ചത്. ധനുഷ് പക്ഷെ ഭാവി വധു അക്ഷയയുടെ ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം അമേരിക്കയിൽ വെച്ച് വളരെ ലളിതമായിട്ടാണ് ധനുഷിൻ്റെയും അക്ഷയയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. നിരവധി പേരാണ് ധനുഷിനും അക്ഷയയ്ക്കും ആശംസകൾ നേർന്ന് എത്തുന്നത്. മൂത്ത മകന്റെ ജീവിതം കൂടുതൽ എളുപ്പമാക്കാൻ വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെയുള്ള കൊട്ടാരമാണ് യുഎസ്സിൽ നെപ്പോളിയൻ പണിതീർത്തിരിക്കുന്നത്.
മൂന്ന് നിലയിലുള്ള കൊട്ടാര സദൃശ്യമായ വീട്ടിലാണ് താരവും കുടുംബവും യുഎസിൽ താമസിക്കുന്നത്. ഹൈടെക് സംവിധാനങ്ങളുള്ള വീട്ടിൽ മൂത്ത മകന് എല്ലാ നിലകളിലും സുഖമായി സഞ്ചരിക്കാൻ ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്.
ഇതിന് പുറമെ സ്വിമ്മിങ് പൂളിൽ എത്തുന്നതിന് വേറെ ലിഫ്റ്റ് സൗകര്യവുമുണ്ട്. ബെൻസും ടെസ്‌ലയും ഉൾപ്പെടെയുള്ള വാഹനങ്ങളും കുടുംബത്തിനായി ലിഫ്റ്റ് സജ്ജീകരിച്ച പ്രത്യേക വാനുമുണ്ട്. വീടിനുള്ളിൽ ബാസ്കറ്റ്ബോൾ കോർട്ടും കായിക പ്രേമിയായ നെപ്പോളിയൻ നിർമിച്ചിട്ടുണ്ട്.


Click it and Unblock the Notifications