സിദ്ദിഖ് ഉദ്ദേശിച്ചത് എന്നെ, മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും, നടനെതിരെ നാസർ ലത്തീഫ്
വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് നടന്നത്. ഇതിന് ശേഷവും പ്രശ്നങ്ങൾ തുടരുകയാണ്. നടൻ സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് അടിസ്ഥാനം. ഇതിനെതിരെ താരങ്ങളായ മണിയൻപിള്ള രാജുവും ഷമ്മി തിലകനും രംഗത്ത് എത്തിയിരുന്നു. ഏഷ്യാനെറ്റിനോടാണ് തങ്ങളുടെ വിയോജിപ്പ് പങ്കുവെച്ചത്. പിന്നീട് തിരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളെ കാണുമ്പോൾ സിദ്ദിഖ് ഇതിനെ കുറിച്ച് പങ്കുവെച്ചിരുന്നു. ആരേയും ഉദ്ദ്യേശിച്ചല്ല താൻ ഇത് പറഞ്ഞതെന്നായിരുന്നു നടൻ മാധ്യമങ്ങളോട് പറഞ്ഞത്.

നടന്റെ വാക്കുകൾ ഇങ്ങനെ'' 'ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണമെന്ന് നമുക്ക് ആഗ്രഹം കാണും. പ്രചാരണത്തോടനുബന്ധിച്ച് കുറച്ച് ആളുകളില്‍ ശ്രദ്ധ കൊടുക്കണം. ഔദ്യോഗിക പാനല്‍ എന്നൊന്നുമില്ല. ആകെ കുറച്ച് പേരുമായി ഇത് ആലോചിച്ചു. അമ്മയുടെ ഒരുപാട് മെമ്പേഴ്‌സുമായി ആലോചിച്ചതിന് ശേഷമാണ് ഇന്നയാളുകള്‍ വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് അവരെ അപ്രോച്ച് ചെയ്യുന്നത്. അതിനു ശേഷം വേറെ ചിലര്‍ മത്സരരംഗത്തേക്ക് വന്നു. അവരെ മറുപാനലായൊന്നും കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ ഇന്നയിന്നയാളെ പ്രസന്റ് ചെയ്യുന്നു. അവരെ വിജയിപ്പിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ചില കാര്യങ്ങള്‍ ഇലക്ഷന്റെ പ്രചരണത്തിനായി ചെയ്തു എന്നല്ലാതെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചും ചെയ്തതല്ലെന്നായിരുന്നു,' സിദ്ദിഖ് പറഞ്ഞത്.
ഇപ്പോഴിത സിദ്ദിഖിന്റെ പോസ്റ്റിനെതിരെ നടനും നിര്‍മാതാവുമായ നാസര്‍ ലത്തീഫ് രംഗത്ത് എത്തിയിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദീഖ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരെയായിരുന്നെന്നും ഇത്തരം പരാമര്‍ശത്തിലൂടെ തന്നെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും നാസര്‍ ലത്തീഫ് പറയുന്നു.
കഴിഞ്ഞ 48 വർഷമായി സിനിമ ഇൻഡസ്ട്രിയിൽ നടൻ, നിര്‍മ്മാതാവ് നിലകളിൽ പ്രവർത്തിച്ചയാളാണ് താനെന്ന് നാസർ ലത്തീഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നൂറോളം സിനിമകള്‍ അഭിനയിച്ചു. 2 സിനിമ പ്രൊഡ്യൂസ് ചെയ്തു. ഇപ്പോള്‍ എന്‍റെ വ്യക്തിത്വത്തെ ബാധിച്ച ഒരു കാര്യം ക്ലിയര്‍ ചെയ്യാനായാണ് ഈ വാർത്താ സമ്മേളനം, അദ്ദേഹം പറഞ്ഞു.
അമ്മയിലെ അംഗമാണ് ഞാൻ. ഇലക്ഷനിൽ തോറ്റതിൽ വിഷമമില്ല. നന്നായി ജനാധിപത്യ രീതിയിൽ നടന്ന ഇലക്ഷനാണ്. എന്നാൽ ഇലക്ഷൻ സ്റ്റണ്ടെന്ന രീതിയിൽ സുഹൃത്ത് സിദ്ധിഖ് തെറ്റായ പ്രസ്താവന പൊതു ജന മധ്യത്തിൽ നടത്തുകയുണ്ടായി. ഇല്ലാത്ത ഭൂമി അമ്മയ്ക്ക് നൽകാമെന്ന് പറഞ്ഞ് അമ്മയെ കബളിപ്പിച്ചു എന്നാണത്. ഇത് അദ്ദേഹം പിൻവലിക്കണം, നാസർ ലത്തീഫ് ആവശ്യപ്പെട്ടു.
ഞാൻ ആരേയും കബിളിപ്പിച്ചിട്ടില്ല. സാധാരണ മനുഷ്യനാണ്. എഴുപുന്നയിലെ എന്‍റെ 20 സെന്‍റ് സ്ഥലം അമ്മയ്ക്ക നൽകാൻ തീരുമാനിച്ചിരുന്നു. അവശ കലാകാരന്മാര്‍ക്ക് വീടുപണിയാനായിരുന്നു. ഡോക്യുമെന്‍റ്സ് ഇടവേള ബാബുവിന് നൽകിയിരുന്നു. അവിടെ സ്റ്റുഡിയോ അപാര്‍ട്ട്മെന്‍റ് പണിയാമെന്ന് ഞാൻ പറഞ്ഞിരുന്നു. അത് ഞാൻ ഫ്ലാറ്റ് പണിയാൻ ആവശ്യപ്പെട്ടുവെന്ന് ചിലർ പറഞ്ഞുപരത്തി. രണ്ട് വർഷമായിട്ടും അവര്‍ ഏറ്റെടുക്കാതായപ്പോള്‍ ഞാനത് വേറെ ചില കലാകാരന്മാർക്കായി നൽകി. സീറോ ബാബുവിനും പാട്ടുകാരൻ ഇബ്രാഹിമിനും ഉള്‍പ്പെടെയുള്ള ചിലർക്കായിരുന്നു അത്. ഇപ്പോഴിതാ ഇല്ലാത്ത കാര്യം പറഞ്ഞ് എന്നെ കരിവാരി തേച്ചു.. ഇലക്ഷന് തോൽക്കാൻ മുഖ്യ വിഷയം ഇതാണ് കാരണമായത്. ഇത് വലിയൊരു ഇൻസള്‍ട്ടാണ്. 'അമ്മ'യ്ക്ക് ഞാൻ പരാതി നൽകും. നടപടിയില്ലെങ്കിൽ നിയമപരമായി നേരിടും, നാസർ ലത്തീഫ് പത്രസമ്മേളനത്തിൽ പറഞ്ഞു
'ആരെ തെരഞ്ഞെടുക്കണമെന്ന് അമ്മയിലെ അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിയത്തറ ഇളക്കുമെന്ന് ഇവരാരും വീരവാദം മുഴക്കിയിട്ടുമില്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാനായി നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല', എന്നായിരുന്നു സിദ്ധിഖ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്.


Click it and Unblock the Notifications