കഞ്ഞിയും ചമ്മന്തിയുമേ കഴിക്കൂ, വലിയ വീട്ടിലും നിലത്ത് കിടക്കും! മകനെ കുറിച്ച് നസീര്‍ സംക്രാന്തിയുടെ ഉമ്മ
നടനും മിമിക്രി താരവുമൊക്കെയായ നസീര്‍ സംക്രാന്തിയെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നത്. കടുത്ത ദാരിദ്ര്യത്തില്‍ നിന്നും ഇന്നത്തെ നിലയിലേക്ക് ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് താരം വളര്‍ന്നത്. എന്നാല്‍ ഇന്നും അതേ എളിമയും ലാളിത്യവും കൊണ്ട് ജീവിക്കുന്ന ആളാണ് അദ്ദേഹമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.
വലിയ വീട് ഉണ്ടാക്കിയെങ്കിലും നിലത്ത് ബെഡ് ഷീറ്റ് വിരിച്ച് കിടക്കുന്നതാണ് നസീറിന്റെ ശീലമെന്ന് പറയുകയാണ് നടന്റ ഉമ്മയായ ആയിഷ ബീവി. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന പരിപാടിയില്‍ നസീര്‍ അറിയാതെ സര്‍പ്രൈസായിട്ടാണ് ഉമ്മ എത്തിയത്. ശേഷം മകനെ കുറിച്ചുള്ള കഥകളൊക്കെ വെളിപ്പെടുത്തുകയായിരുന്നു.

ഒത്തിരി സ്റ്റേജുകളിലും അല്ലാതെയും പരിപാടി നടത്തുന്ന ഒരു താരത്തിന്റെ അമ്മയാണ് ഈ വേദിയിലേക്ക് വരുന്നത്. ഇതുവരെ മകന്റെ പരിപാടികളൊന്നും നേരില്‍ കണ്ടിട്ടില്ലാത്ത അമ്മയാണെന്നും അവതാരകന്‍ പറഞ്ഞിരുന്നു. എങ്കില്‍ അവരെ വിളിക്കാനാണ് നസീര്‍ അടക്കമുള്ളവര്‍ പറഞ്ഞത്. ശേഷം വേദിയിലേക്ക് തന്റെ ഉമ്മ നടന്ന് വരുന്നത് കണ്ട് നസീര്‍ സംക്രാന്തി ഞെട്ടി. കുറച്ച് നേരത്തേക്ക് കണ്ണുകള്‍ നിറഞ്ഞ് വികാരഭരിതനായി ഇരിക്കുകയാണ് താരം ചെയ്തത്.

എന്റെ മകന്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ആളാണ്. അവന്റെ പരിപാടിയൊന്ന് നേരില്‍ കാണമെന്ന് കരുതിയാണ് ആരോടും പറയാതെ ഇവിടെ വരെ വന്നതെന്നാണ് നസീറിന്റെ ഉമ്മ പറഞ്ഞത്. എന്റെ മകനെ ഒത്തിരി ഉയരങ്ങളിലേക്ക് പടച്ചവന്‍ വളര്‍ത്തി. അതിലൊത്തിരി അഭിമാനിക്കുന്ന ഉമ്മയാണ് ഞാന്‍.
നസീറിനെ കുറിച്ച് പറയാന്‍ ഉണ്ടെങ്കില്‍ ഒരുപാടുണ്ട്. ഒത്തിരി കഷ്ടപ്പെട്ട് വന്നതാണ് അവന്‍. പറഞ്ഞ് തുടങ്ങിയാല്‍ സങ്കടം വരും. ഇതുവരെ അവന്റെ ഒരു പരിപാടിയും നേരിട്ട് കാണാന്‍ പറ്റിയിട്ടില്ല. ആദ്യമായിട്ടാണ് ഇവിടെ വരുന്നത്.

നസീര്‍ ഷോയില്‍ അല്‍പം മസില്‍ പിടിച്ച് ചിരിക്കാതെ ഇരിക്കുന്ന ആളാണെങ്കിലും വീട്ടില്‍ അങ്ങനെയല്ലെന്നാണ് ഉമ്മ പറയുന്നത്. അവന്‍ ചിരിക്കാത്തത് കൊണ്ടാണ് എനിക്ക് ദേഷ്യം വരാറുള്ളതെന്ന് പറഞ്ഞ ഉമ്മ വീട്ടിലുള്ള മകന്റെ സ്വഭാവത്തെ കുറിച്ചും പറഞ്ഞു. വലിയൊരു വീടാണ് ഞങ്ങള്‍ക്കുള്ളത്.
എന്നാല്‍ 500 രൂപയുടെ ഒരു ബെഡ് ഷീറ്റ് വിരിച്ച് അവന്‍ നിലത്താണ് കിടക്കുന്നത്. വീട് വലുതും ആള് തറയിലുമാണെന്ന് ഉമ്മ തമാശരൂപേണ പറയുന്നു. നല്ല ഫുഡ് ഞങ്ങള്‍ക്ക് കൊണ്ട് വന്ന് തരും. പക്ഷേ അവന്‍ കഴിക്കുന്നത് കഞ്ഞിയും ചമ്മന്തിയുമാണ്.

അതെന്താണ് അങ്ങനെ എന്ന അവതാരകന്റെ ചോദ്യത്തിന് നടന്‍ മനസ് തുറന്നിരുന്നു. 'എന്റെ ചെറുപ്പത്തില്‍ ആഗ്രഹിച്ചത് പോലെ നല്ല ഭക്ഷണങ്ങളൊന്നും കിട്ടാതെ വളര്‍ന്ന ആളാണ് ഞാന്‍. അന്ന് മുതലേ ആഗ്രഹിച്ചത് ഈ കഞ്ഞിയും ചമ്മന്തിയുമാണ്. ഇപ്പോഴും അത് തന്നെ തുടരുന്നു. എനിക്ക് കഞ്ഞിയും കപ്പയും ചമ്മന്തിയുമൊക്കെ മാത്രം മതി. എല്ലാ ദിവസവും പഴയതിനെ കുറിച്ച് പറയാതെ അവനത് കഴിക്കത്തില്ലെന്നും ഉമ്മ പറയുന്നു.

എവിടെ പോയാലും അന്ന് തന്നെ അവന്‍ വീട്ടില്‍ വരും. വീട്ടില്‍ വന്നേ ഭക്ഷണം കഴിക്കൂ. മാത്രമല്ല ഒറ്റയ്ക്ക് കിടക്കാനും പേടിയാണെന്ന് ഉമ്മ പറഞ്ഞതോടെ സാബുമോനും മഞ്ജുവും കളിയാക്കി. എന്നാല്‍ അത് സത്യമാണ്. എനിക്ക് ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണെന്ന് നസീര്‍ പറയുന്നു.
ഉമ്മ എന്നെ കളിയാക്കാന്‍ വന്നതാണോന്ന് നസീര്‍ ചോദിക്കുമ്പോള്‍ അല്ല, എന്റെ മകന്‍ വളരെ പാവമാണെന്ന് ഉമ്മ സൂചിപ്പിക്കുന്നു. സംഗതി കുറച്ച് ഇമോഷണലായി തുടങ്ങിയതോടെ ഇതിവിടെ അവസാനിപ്പിക്കാമെന്ന് പറഞ്ഞാണ് നസീര്‍ സംഭാഷണം അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications