'തിലകൻ ചേട്ടനോട് മിണ്ടാതിരുന്നത് ചേട്ടനെ വിഷമിപ്പിച്ചു, ഇന്നസെന്റിന്റെ മരണം ആലീസിന് താങ്ങാൻ പറ്റിയിട്ടില്ല'
മലയാള സിനിമയ്ക്കുണ്ടായ രണ്ട് തീരാനഷ്ടങ്ങളാണ് നെടുമുടി വേണുവിന്റെയും ഇന്നസെന്റിന്റെയും വേർപാട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലാണ് ഈ രണ്ടുപേരെയും മലയാള സിനിമയ്ക്ക് നഷ്ടമായത്. നെടുമുടി വേണുവിന് പിന്നാലെ ഇന്നസെന്റിനെയും നഷ്ടമായതിന്റെ ദുഖം സിനിമാ ലോകത്തെയും ആരാധകരേയും വല്ലാതെ ബാധിച്ചിരുന്നു. പകരം വയ്ക്കാനില്ലാത്ത അസാമാന്യ പ്രതിഭകളെ ഓർത്ത് ആരാധകർ ഇപ്പോഴും സങ്കടപ്പെടാറുണ്ട്. ഒട്ടനവധി ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും നല്ലൊരു ആത്മബന്ധമുണ്ടായിരുന്നു.
മലയാള സിനിമയിലെ മുതിർന്ന കലാകാരനായിരുന്നുവെങ്കിലും യുവ താരങ്ങളുമായി പോലും നല്ലൊരു സൗഹൃദം നെടുമുടി വേണുവിന് ഉണ്ടായിരുന്നു. അജു വർഗീസ് അടക്കമുള്ളവർ അദ്ദേഹത്തിന്റെ തിരുവനന്തപുരത്ത് തമ്പ് എന്ന വസതിയിലെ സ്ഥിരം സന്ദർശകരായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യ സുശീല നെടുമുടി വേണുവിന്റെ സിനിമാ സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരപത്നി. ഷൂട്ടിങ് ഡേറ്റ്സൊക്കെ ഒറ്റയ്ക്കാണ് വേണു ചേട്ടൻ മാനേജ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ സത്യൻ അന്തിക്കാട് അദ്ദേഹത്തോട് ഒരിക്കൽ പിണങ്ങി. അവർ തമ്മിൽ വഴക്കിട്ടതല്ല. അത് സത്യന്റെ കുഴപ്പംകൊണ്ട് ഉണ്ടായ പിണക്കവുമല്ല. അദ്ദേഹം തന്നെ അത് പറയാറുണ്ട്. ഒരു സിനിമയുടെ ഷൂട്ട് പ്രതീക്ഷിച്ചതുപോലെ തീർന്നില്ല.
അപ്പോൾ വേണു ചേട്ടൻ ആശയകുഴപ്പത്തിലായി. സത്യന്റെ പടമായിരുന്നു പിന്നീട് ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം വിഷമിച്ചിരിക്കുന്നത് കണ്ട് ആരോ വേണുചേട്ടനോട് വിഷയം തിരക്കി. എന്നിട്ട് ഏതെങ്കിലും ഒരെണ്ണം ചെയ്യാമെന്ന തീരുമാനത്തിൽ എത്താൻ പറഞ്ഞു.
അതോടെ വേണു ചേട്ടൻ സത്യന്റെ ആ സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു. അത് സത്യന് വിഷമമായി. സത്യന്റെ സിനിമയുടെ ഷൂട്ട് ഇന്ത്യയ്ക്ക് പുറത്തായിരുന്നു. പിണങ്ങിയശേഷം സത്യനും വേണു ചേട്ടനും പരസ്പരം കാണാതിരിക്കാൻ ശ്രമിക്കുമായിരുന്നു.
മാത്രമല്ല സത്യന്റെ പടങ്ങളും ചെയ്യാതെയായി. ആറ്, ഏഴ് വർഷത്തോളം പിണങ്ങിയിരുന്നു. ശേഷം ഇരുവരും തന്നെ ഏതോ ഒരു മീറ്റിങ്ങിൽ വെച്ച് അവിചാരിതമായി കണ്ടപ്പോൾ സംസാരിച്ച് പിണക്കം തീർത്തു. അങ്ങനെ പിണങ്ങിയിരിക്കുന്നത് ഇഷ്ടമല്ലാത്തയാളാണ് വേണു ചേട്ടൻ. അതുപോലെ തിലകൻ ചേട്ടനോട് മിണ്ടാതിരുന്നതും പുള്ളിയെ വിഷമിപ്പിച്ചു. ആശുപത്രിയിൽ പോയി തിലകൻ ചേട്ടനെ കാണണമെന്ന ആഗ്രഹം വേണു ചേട്ടനുണ്ടായിരുന്നു.
പക്ഷെ അത് നടന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം ഒന്ന് പോയി കാണേണ്ടതായിരുന്നുവെന്ന് വേണു ചേട്ടൻ പറയുമായിരുന്നു. പുതിയ തലമുറയുമായും നല്ല സൗഹൃദം അദ്ദേഹത്തിനുണ്ട്. അജു, നീരജ് മാധവ്, സണ്ണി വെയ്ൻ, ഗ്രിഗറി ഇവരൊക്കെ വേണു ചേട്ടനെ കാണാൻ വരുമായിരുന്നു. പെൺകുട്ടികളോടും അങ്ങനെ തന്നെ.

നടിയായ ഒരു പെൺകുട്ടി അദ്ദേഹത്തെ അച്ഛൻ എന്നാണ് വിളിച്ചിരുന്നത്. മോഹൻലാലുമായി നല്ല സൗഹൃദമായിരുന്നു വേണു ചേട്ടന്. രണ്ടുപേരും തമാശക്കാരണല്ലോ. ഷൂട്ടിന് പോകുമ്പോൾ ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. ചേട്ടന്റെ മരണശേഷവും മോഹൻലാൽ എന്നെ വിളിച്ച് സംസാരിക്കാറുണ്ട്. മമ്മൂട്ടിയുമായും നല്ല സൗഹൃദമായിരുന്നു.
ഇരുവരും ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഇന്നസെന്റുമായും നല്ല സൗഹൃദമാണ്. കൊവിഡ് സമയത്ത് ഇരുവരും ഫോൺ വിളിച്ച് മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഇന്നസെന്റിന്റെ ഭാര്യ ആലീസുമായും നല്ല സൗഹൃദമാണ്. ഇന്നസെന്റ് പോയത് ആലീസിന് സഹിക്കാൻ പറ്റാത്ത വിഷമമാണ്. ആ സമയത്ത് ഞാൻ ആലീസിനെ പോയി കണ്ട് അവിടെ ഒരു ദിവസം താമസിച്ചിരുന്നു. ഇന്നസെന്റിന്റെ മരണം ആലീസിന് താങ്ങാൻ പറ്റിയിട്ടില്ല.
അത്ര അടുപ്പമായിരുന്നുവല്ലോ അവർ തമ്മിൽ. ഇപ്പോഴും ആലീസിന് സഹിക്കാൻ പറ്റത്തില്ല. സംസാരിക്കുമ്പോൾ കരയും. ഞാനും അനുഭവിച്ചിട്ടുള്ള അവസ്ഥയായതുകൊണ്ട് ആലീസിന്റെ സങ്കടം എനിക്ക് മനസിലാകും എന്നും സുശീല വേണു പറയുന്നു.


Click it and Unblock the Notifications











