'ആ കുഞ്ഞിന്റെ കണ്ണ് വരെ പുറത്ത് വന്നിരുന്നു, ആരും സഹായിക്കാനില്ല, ഞാനും അവഗണിച്ചിരുന്നുവെങ്കിൽ മരിച്ചുപോയേനെ'
കാര്യമായ വരുമാനമോ സമ്പാദ്യമോ ഇല്ലെങ്കിലും തന്നാൽ കഴിയും വിധം സഹജീവികളെ സഹായിക്കുന്ന ദമ്പതികളാണ് നടൻ പാഷണം ഷാജി എന്ന് അറിയപ്പെടുന്ന സാജു നവോദയയും ഭാര്യയും. കയ്യിൽ പണമില്ലെങ്കിലും കടം വാങ്ങിയിട്ടായാലും അപകടത്തിൽപ്പെട്ടവർക്ക് വേണ്ട ചികിത്സ നൽകാൻ ശ്രമിക്കാറുണ്ടെന്ന് പറയുകയാണ് സാജുവും ഭാര്യയും ലൈഫ് നെറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ. മരണത്തോട് മല്ലിട്ട് കിടന്നിരുന്ന ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച സംഭവവും സാജു വെളിപ്പെടുത്തി.
ഞാൻ വെറുതെ വഴക്കുണ്ടാക്കാറില്ല. ചെറിയ പ്രായത്തിൽ അടിയുണ്ടാക്കിയാൽ മാത്രം തീരുന്ന പ്രശ്നങ്ങളായിരുന്നു. പക്ഷെ ഇപ്പോൾ നാക്ക് കൊണ്ട് അടിച്ചാൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഞാൻ ഒരു വഴിക്ക് പോകുമ്പോൾ എന്റെ അമ്മയ്ക്കോ പെങ്ങൾക്കോ ഭാര്യയ്ക്കോ മോശം അനുഭവമുണ്ടായാൽ മാത്രമല്ല ആർക്ക് സംഭവിച്ചാലും ഞാൻ അതിൽ ഇടപെടും.

അതിപ്പോൾ ആണുങ്ങളാണെങ്കിലും. തല്ല് പിടിക്കാൻ വേണ്ടി നടക്കുന്നയാളല്ല ഞാൻ. ആരെങ്കിലും വണ്ടിയിടിച്ച് കിടക്കുന്നത് കണ്ടാലും അയാൾ എത്ര രക്തത്തിൽ കുളിച്ച് കിടക്കുകയാണെങ്കിലും ഞാൻ എടുത്തുകൊണ്ട് പോകും. അതും ഞാൻ ചെയ്തിട്ടുണ്ട്. ഒരു സംഭവം പറയാം. ഞാൻ ഒരു ശനിയാഴ്ച ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.
റോഡിൽ രണ്ട് പിള്ളേർ അപകടം സംഭവിച്ച് കിടക്കുന്നുണ്ടായിരുന്നു. കണ്ണ് വരെ പുറത്ത് വന്നിട്ടുണ്ട്. കുറച്ച് ചേട്ടന്മാർ കൂടി നിൽപ്പുണ്ട്. പിള്ളേരെ എടുത്ത് ആശുപത്രിയിൽ എത്തിക്കണമെന്ന് എനിക്കുണ്ട്. ഒന്ന് സഹായിക്കാൻ അവരോട് ആവശ്യപ്പെട്ടു. അത് കഴിഞ്ഞുവെന്നായിരുന്നു അവരുടെ മറുപടി. പിടിക്കാൻ പറഞ്ഞിട്ട് പിടിച്ചില്ല. കുട്ടിയുടെ വീട് റോഡിന് സമീപം തന്നെയാണ്.
ഞാൻ ഉടനെ കുഞ്ഞിനെ എടുത്ത് ആശുപത്രിയിൽ എത്തിച്ചു. അഞ്ച് മിനിറ്റ് കൂടി വൈകിയിരുന്നുവെങ്കിൽ കിട്ടില്ലായിരുന്നു എന്നാണ് ആ കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. അവരുടെ വാക്ക് കേട്ട് ഞാൻ ആ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് ആ കുഞ്ഞ് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഒരേയൊരു മോനാണ് മാതാപിതാക്കൾക്ക്.
ഇന്നും ആ കുടുംബവുമായി എനിക്ക് സൗഹൃദമുണ്ട്. കുഞ്ഞിന്റെ പിറന്നാളിന് ക്ഷണിച്ച് എനിക്ക് അവർ ഷർട്ടൊക്കെ വാങ്ങി തരാറുണ്ട്. അതുപോലൊരു വേറൊരു അപകടം സംഭവിച്ചയാളെയും ഞാൻ സമയോചിതമായി ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. എവിടെ അപകടം കണ്ടാലും ഞാൻ ഇറങ്ങി ചെല്ലും.

അതുപോലെ ഒരു ദിവസം ഞാൻ ഷൂട്ടിങ് സ്ഥലത്തായിരുന്നപ്പോൾ ഭാര്യ വിളിച്ചു. വെൽ കെയർ വരെ വരാൻ പറഞ്ഞു. ഞാൻ ഓടി അവിടെ ചെന്നു. ഭാര്യ ഒരു ബില്ലുമായി നിൽക്കുന്നു. അന്ന് എനിക്കുള്ള വരുമാനം ആയിരം രൂപയാണ്. പക്ഷെ അവൾ നിൽക്കുന്നത് 12000 രൂപയുടെ ബില്ലുമായി. എങ്ങനെ എങ്കിലും ഒന്ന് അടയ്ക്കാനാണ് ഭാര്യ പറഞ്ഞത്. കാര്യം തിരക്കിയപ്പോഴാണ് അറിഞ്ഞത് വൈറ്റിലയിൽ ഒരു ചേച്ചി വണ്ടി ഇടിച്ച് കിടന്നിട്ട് ആരും സഹായിക്കുന്നില്ല.
അത് കണ്ടിട്ട് ഇവൾ ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ്. ചികിത്സ നൽകിയശേഷം അവരെ ഞങ്ങൾ വീട്ടിൽ കൊണ്ടുചെന്നാക്കി. ആരെ സഹായിച്ചാലും ആ സഹായിച്ചതോടെ ആ വശം ക്ലോസ് ചെയ്യും. തിരിച്ച് ഒന്നും അവരിൽ നിന്നും പ്രതീക്ഷിക്കാറില്ല. അതിനുള്ള പ്രതിഫലം വർക്കായും മറ്റും ഞങ്ങൾക്ക് കിട്ടാറുണ്ട്.
ഞങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരുണ്ട്. ഞാൻ റേഷനരി കഴിച്ചാണ് വളർന്നത്. ഇപ്പോഴും അത് തന്നെയാണ് കഴിക്കുന്നതും വാങ്ങുന്നതും. അതുകൊണ്ട് തന്നെ ആളുകളുടെ വിഷമം മനസിലാകും. ഞങ്ങൾക്ക് ഇപ്പോൾ എന്നും സന്തോഷം തന്നെയാണെന്നും സാജു നവോദയ പറയുന്നു.


Click it and Unblock the Notifications











