ജീവിതത്തിന് പൂർണത നൽകിയവൾ; ഇനി കുറ്റപ്പെടുത്താനാവില്ല, കൃത്യമായ ഇടവേളകളിൽ മകളുമായി പ്രഭുദേവ തിരുപ്പതിയിലെത്തും
ഇന്ത്യൻ സിനിമയുടെ മൈക്കിൾ ജാക്സണാണ് നടനും സംവിധായകനും നിർമാതാവും കൊറിയോഗ്രാഫറും നർത്തകനുമെല്ലാമായ പ്രഭുദേവ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ നൃത്തസംവിധായകരിൽ ഒരാളുമാണ് താരം. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് നൃത്തസംവിധാനം നിർവഹിച്ച പ്രഭുദേവ മികച്ച കൊറിയോഗ്രാഫർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രണ്ട് തവണ നേടിയിട്ടുണ്ട്. തമിഴും കടന്ന് ബോളിവുഡിൽ വരെ എത്തിനിൽക്കുകയാണ് പ്രഭുദേവ.
വിജയ് നായകനായ പോക്കിരി, വില്ല്, രവി മോഹന്റെ എങ്കേയും കാതൽ, വിശാലിന്റെ വെടി എന്നീ ചിത്രങ്ങൾ പ്രഭദേവ സംവിധാനം ചെയ്തവയാണ്. സൽമാൻ ഖാൻ നായകനായ വാണ്ടഡ് എന്ന ചിത്രത്തിലൂടെയാണ് നടൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആ ചിത്രം വൻ വിജയമായിരുന്നു. പിന്നീട് റൗഡി റാത്തോഡ് അടക്കം നിരവധി സിനിമകൾ സംവിധാനം ചെയ്തു.

മലയാളത്തിൽ മഞ്ജു വാര്യർ, ദിലീപ് സിനിമകളിലെ ഗാനങ്ങൾക്ക് വേണ്ടിയും പ്രഭുദേവ സംഗീതം ഒരുക്കിയിട്ടുണ്ട്. നൃത്തം നടന്റെ രക്തത്തിൽ ഉള്ള ഒന്നാണ്. പിതാവിനൊപ്പം പ്രഭുദേവ നൃത്തം ചെയ്യുന്ന വീഡിയോ മുമ്പ് പലപ്പോഴായി വൈറലായിട്ടുണ്ട്. സംവിധാനത്തിൽ നിന്നെല്ലാം ഇടവേളയെടുത്ത് അഭിനയത്തിലാണ് താരമിപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത്. താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാർത്തകളിൽ നിറഞ്ഞിട്ടുള്ള ഒന്നാണ്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം രണ്ടാം ഭാര്യയ്ക്കും മകൾക്കും ഒപ്പം തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയ പ്രഭുദേവയുടെ വീഡിയോയാണ് വൈറലാകുന്നത്. കടുത്ത ഈശ്വര വിശ്വാസിയാണ് താരം. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ താരം കുടുംബസമേതം എത്തിയാണ് പ്രാർത്ഥന നടത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ദർശനത്തിന് എത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം.
വർഷം തോറും ദശലക്ഷക്കണക്കിന് ഭക്തരാണ് ഇവിടേക്ക് എത്തുന്നത്. വെളുത്ത നിറത്തിലുള്ള ഷർട്ടും മുണ്ടും ചുവന്ന നിറത്തിലുള്ള ഷാളും ധരിച്ചാണ് നടൻ എത്തിയത്. സിംപിൾ കോട്ടൺ ചുരിദാറിൽ സിംപിൾ ലുക്കിലാണ് ഭാര്യ എത്തിയത്. രണ്ട് വയസുകാരി മകളും ദമ്പതികൾക്കൊപ്പം ഉണ്ടായിരുന്നു. പ്രാർത്ഥനകൾക്കുശേഷം മടങ്ങവെ തന്നെ കാണാൻ തടിച്ച് കൂടിയവർക്കൊപ്പം നടൻ സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തു.
മകൾ പിറന്നശേഷം കൃത്യമായ ഇടവേളകളിൽ കുഞ്ഞുമായി പ്രഭുദേവയും ഭാര്യയും തിരുപ്പതിയിൽ എത്താറുണ്ട്. ജീവിതത്തിന് പൂർണത നൽകിയവൾ എന്നാണ് മകളെ നടൻ വിശേഷിപ്പിക്കാറുള്ളത്. അമ്പതാം വയസിലാണ് നടൻ വീണ്ടും അച്ഛനായത്. പ്രഭുദേവയുടെയും ഭാര്യ ഹിമാനിയുടെയും ആദ്യത്തെ കുഞ്ഞാണിത്. 2020 ലോക്ഡൗൺ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനി സിങ്ങും വിവാഹിതരായത്.

വാർത്ത സത്യമാണെന്നും അമ്പതാം വയസില്‍ ഒരു കുഞ്ഞിന്റെ അച്ഛനായതിൽ സന്തോഷമുണ്ടെന്നും പ്രഭുദേവ ഒരിക്കൽ മീഡിയയോട് സംസാരിക്കവെ പറഞ്ഞിരുന്നു. ഇത് സത്യമാണ്. ഈ പ്രായത്തിൽ ഞാൻ വീണ്ടും അച്ഛനായി. ഇപ്പോൾ ജീവിതത്തിന് ഒരു പൂർണത വന്നതുപോലെ തോന്നുന്നു. മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽത്തന്നെ എന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ഞാൻ വളരെയധികം ജോലി ചെയ്യുന്നതായി എനിക്ക് തോന്നി.
എന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് എന്നാണ് താരം പറഞ്ഞത്. 2011ൽ ആദ്യ ഭാര്യ റംലത്തുമായി പ്രഭുദേവ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് മൂന്ന് ആൺമക്കളുണ്ട്. മൂത്ത മകൻ അര്‍ബുദ രോഗത്തെ തുടർന്ന് പതിമൂന്നാം വയസില്‍ മരിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഭുദേവ തന്റെ മകൻ ഋഷി രാഘവേന്ദ്ര ദേവയെ നൃത്തത്തിന്റെയും അഭിനയത്തിന്റേയും ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നിട്ടുണ്ട്.
ഒരു സംഗീത പരിപാടിയിൽ മകനൊപ്പം നൃത്തം ചെയ്യുന്ന പ്രഭുദേവയുടെ വീഡിയോ വൈറലായിരുന്നു. കുടുംബ ബന്ധങ്ങൾക്ക് വില നൽക്കാത്ത നടനെന്ന് പറഞ്ഞ് ഇനി താരത്തെ കുറ്റപ്പെടുത്താനാവില്ല. പലപ്പോഴും പ്രഭുദേവയെ ആളുകൾ വെറുത്തിരുന്നത് നടന്റെ സ്വകാര്യ ജീവിതത്തിലെ പാളിച്ചകളുടെ പേരിലായിരുന്നു.


Click it and Unblock the Notifications











