'വീട് പണി തുടങ്ങിക്കോളാൻ അച്ഛൻ സ്വപ്നത്തിൽ വന്ന് പറഞ്ഞു, അച്ഛനെ അടക്കിയ മണ്ണായതുകൊണ്ട് ഉപേക്ഷിച്ച് പോവില്ല'
നാടക വേദികളിൽ മിന്നിനിൽക്കുന്നതിനിടെയാണ് പ്രമോദ് വെളിയനാട് എന്ന നടൻ സിനിമയിലേക്ക് എത്തിയത്. കള എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രമോദ് വെളിയനാട് മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കളിൽ ഒരാളായി വളരെ വേഗത്തിലാണ് മാറിയത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ വെബ് സീരിസിൽ അഭിനയിച്ച നടൻ കൂടിയായ പ്രമോദിന് മലയാളത്തിൽ നിന്നും മാത്രമല്ല തമിഴിൽ നിന്നും അവസരങ്ങൾ ലഭിക്കുന്നുണ്ട്. നാടകത്തില്‍ അഭിനയിക്കുമ്പോൾ തന്നെ പ്രമോദിന്റെ മനസിൽ സിനിമയായിരുന്നു.
തന്നെക്കൊണ്ട് ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആരെങ്കിലുമൊക്കെ തിരിച്ചറിയും എന്ന പ്രതീക്ഷയിലുള്ള പ്രദര്‍ശനങ്ങളായിരുന്നു അതെല്ലാം. ഒടുവില്‍ ആ ആഗ്രഹം സ്വര്‍ണക്കടുവ എന്ന ചിത്രത്തിലൂടെ സാധിച്ചു. പ്രമോദ് ഇതുവരെ കിങ് ഓഫ് കൊത്ത, കള, വെള്ളരിപ്പട്ടണം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. വിലായത്ത് ബുദ്ധ പോലെ ഉള്ള വലിയ സിനിമകളിൽ അഭിനയിക്കുന്നുമുണ്ട്.

ആലപ്പുഴക്കാരനായ പ്രമോദ് ഒന്നര വർഷം മുമ്പ് വീട് പുതുക്കി പണിതിരുന്നു. ശേഷം നടന്ന ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ ടൊവിനോ തോമസ്, ആഷിക് അബു, റോഷൻ മാത്യു തുടങ്ങി മലയാള സിനിമയിലെ നിരവധി താരങ്ങൾ എത്തിയിരുന്നു. ഗൃഹപ്രവേശനത്തിന് എത്തിയ താരങ്ങൾക്ക് വലിയ സ്വീകരണമായിരുന്നു പ്രമോദ് ഒരുക്കിയത്. ചെണ്ടമേളത്തിന്റെ അടമ്പടിയോടെ വൻ ജനാവലിയോടെ താരങ്ങളെ വീട്ടിലേക്ക് കൊണ്ടുവന്നതിന്റെ വീഡിയോയും വൈറലായിരുന്നു.
താരങ്ങളെ കാണാൻ നാട്ടുകാർ വഴികളിൽ കാത്തുനിൽക്കുന്നതെല്ലാം വീഡിയോയിൽ കാണാമായിരുന്നു. വീടിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ടൊവിനോയായിരുന്നു. കള പുര എന്നാണ് വീടിന് പേരിട്ടിരുന്നത്. ഇപ്പോഴിതാ സൈന സൗത്ത് പ്ലസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ വീട് പുതുക്കി പണിയാനുണ്ടായ കാരണവും തന്റെ സ്വപ്നങ്ങളുമെല്ലാം പ്രമോദ് പങ്കുവെച്ചു.
കളയുടെ ഷൂട്ടിങ് സമയത്ത് തന്റെ അച്ഛൻ സ്വപ്നത്തിൽ വന്ന് വീട് പണി തുടങ്ങിക്കോളാൻ പറഞ്ഞുവെന്നും അന്ന് കിട്ടിയ ധൈര്യത്തിന്റെ പുറത്താണ് വീട് പുതുക്കി പണിതതെന്നുമാണ് പ്രമോദ് പറഞ്ഞത്. അച്ഛൻ പണിത വീടിന്റെ ചില ഭാഗങ്ങൾ അതുപോലെ നിലനിർത്തിക്കൊണ്ടാണ് പ്രമോദ് വീടിന് മോടി കൂട്ടിയത്. ഒന്നര വർഷം മുമ്പായിരുന്നു വീടിന്റെ പാല് കാച്ചൽ. അച്ഛൻ പണിത വീടാണ്. അത് പിന്നീട് ഞാൻ പുതുക്കി പണിതു. അച്ഛന്റെ അദ്വാനത്തിന്റെ വിയർപ്പുള്ളതുകൊണ്ടാണ് പലതും കളയാതെ നിലനിർത്തിയിരിക്കുന്നത്. മുമ്പ് ഷീറ്റിട്ട വീടായിരുന്നു.
പിന്നീടാണ് വാർത്തത്. അച്ഛനെ സ്വപ്നം കണ്ടശേഷമാണ് വീട് പണിതത്. കള സിനിമ ചെയ്ത സമയമായിരുന്നു അത്. അച്ഛൻ സ്വപ്നത്തിൽ വന്ന് വീട് പണി തുടങ്ങിക്കോളാൻ പറഞ്ഞു. കുറ്റിയും ചുറ്റികയുമായി നിൽക്കുന്ന അച്ഛനെയാണ് അന്ന് ഞാൻ സ്വപ്നം കണ്ടത് പ്രമോദ് പറയുന്നു. കലയുടെ ഭാഗമാണെങ്കിലും സിനിമയിൽ എത്താൻ എവിടെ എങ്ങനെ തുടങ്ങണമെന്ന് അറിയില്ലായിരുന്നുവെന്നും പ്രമോദ് പറയുന്നു.

ആരും കൈപിടിച്ച് ഉയർത്താൻ എനിക്കില്ലായിരുന്നു. പാട്ട് പാടാനും മറ്റും അറിയാമെങ്കിലും ഒന്നും പഠിച്ചിട്ടില്ല. ഇതുവരെ നാല് സിനിമയിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമ റിലീസ് ചെയ്തു. രണ്ടെണ്ണം റിലീസ് ചെയ്യാനുണ്ട്. നമ്മൾ തന്നെ നമ്മളെ ഡിസ്പ്ലെ ചെയ്യണം എങ്കിലെ കാര്യമുള്ളുവെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അച്ഛനെ അടക്കിയിരിക്കുന്ന മണ്ണായതുകൊണ്ട് കുട്ടനാട്ടിലെ ഈ വീട് ഉപേക്ഷിച്ച് പോകാൻ മനസില്ലാത്തത്.
സൗഹൃദങ്ങൾ ഏറെയും ഇവിടെയാണ്. ഒരു വീട് പോലും ഇല്ലാതെ ഇവിടെ ജീവിച്ചിട്ടുണ്ട് ഞാൻ. ആലപ്പുഴയായതുകൊണ്ട് വെള്ളം കയറാറുണ്ട്. പക്ഷെ അങ്ങനെയുള്ള സമയങ്ങൾ നമുക്ക് അറിയാം. അപ്പോൾ അതിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യും. ആറിന്റെയും തോടിന്റെയും ആഴം കൂട്ടിയാൽ തന്നെ കുട്ടനാട്ടിലെ വെള്ളപൊക്കത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നും പ്രമോദ് പറയുന്നു.
പ്രമോദിനെപോലെ തന്നെ മകനും കലാകാരനാണ്. എല്ലാ വാദ്യോപകരണങ്ങളും കൈകാര്യം ചെയ്യാൻ അറിയാം. എനിക്ക് തൊടാൻ പോലും കിട്ടാതിരുന്ന എല്ലാ വാദ്യോപകരണങ്ങളും മകന് ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്. അവൻ ഒന്നിന് വേണ്ടിയും ആരുടെയും മുമ്പിൽ കൈ നീട്ടരുതെന്ന് എനിക്കുണ്ട്. അതുപോലെ വീടിന് സമീപത്തായി കുറച്ച് സ്ഥലം കൂടി ഞാൻ വാങ്ങിയിട്ടുണ്ട്.
അവിടെ ഒരു ഹാൾ പണിത് കുട്ടികൾക്ക് സായാഹ്ന കലാപരിശീലന പരിപാടി നടത്താൻ ആഗ്രഹമുണ്ട്. കുട്ടികൾക്ക് കലയുമായി ബന്ധപ്പെട്ട് ക്ലാസ് എടുത്ത് കൊടുക്കണം. എല്ലാം സൗജന്യമായിരിക്കും. കുട്ടികളുടെ നാടകവേദിയും തന്റെ ഒരു സ്വപ്നമാണെന്നും പ്രമോദ് പറയുന്നു.


Click it and Unblock the Notifications