എന്റെ വീട്ടിലേക്ക് ടൊവിനോ വരുമ്പോള്‍ നാടറിയണമെന്ന് കരുതി ചെയ്തതാണ്! പിന്നെ നടന്നതിനെ പറ്റി പ്രമോദ് വെളിയനാട്
ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രമോദ് വെളിയനാട്. സിനിമയ്ക്ക് പുറമേ മിമിക്രി വേദികളിലും സജീവമായ താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചുരുള്‍ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്.
ഈ സിനിമയുടെ വിശേഷങ്ങളുമായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ രസകരമായ ചില കഥകളും പങ്കുവെച്ചു. തന്റെ വീടിന്റെ പാലുകാച്ചലിന് ടൊവിനോയാണ് ഡേറ്റ് തീരുമാനിച്ചതെന്നും നടന് വേണ്ടി നാട്ടില്‍ ചെണ്ടമേളം പോലും സംഘടിപ്പിച്ചിരുന്നതായിട്ടുമാണ് പ്രമോദ് പറയുന്നത്.

'നാടകത്തില്‍ അഭിനയിക്കുന്ന സമയത്ത് പോലും എനിക്കൊരു വീടില്ലായിരുന്നു. ഒരാള്‍ വീട്ടിലേക്ക് വന്നാല്‍ ഇരിക്കാന്‍ കൊടുക്കാന്‍ കസേര പോലും അന്നില്ല. ആ സമയത്ത് വീടിനടുത്ത് വച്ച് നാടകം ഉണ്ടായിരുന്നു. കൂടെ അഭിനയിക്കുന്ന ആരെങ്കിലും എന്റെ വീട്ടിലേക്ക് പോകാമെന്നോ മറ്റോ പറഞ്ഞെങ്കില്‍ എന്ത് ചെയ്യുമെന്ന് ഓര്‍ത്ത് പേടിച്ചാണ് ഞാനന്ന് നിന്നത്. അന്ന് അങ്ങനൊരു ചിന്തയായിരുന്നു എനിക്ക്.
പിന്നീട് നാടകവും സിനിമയുമൊക്കെ അഭിനയിച്ച് ഞാനൊരു വീട് വെച്ചു. സിനിമയുടെ ലൊക്കേഷനിലാണ് അന്നേരം. കള എന്ന സിനിമ മുതല്‍ ടൊവിനോയും ഞാനും തമ്മില്‍ നല്ല സൗഹൃദത്തിലാവുന്നത്. ആശാനെ എന്നാണ് ടൊവിനോ എന്നെ ആദ്യം വിളിച്ചിരുന്നത്. എന്നെക്കാളും ഒത്തിരി പ്രായം ഇളയതാണെങ്കിലും ഞാന്‍ ബ്രോ എന്നാണ് വിളിക്കുന്നത്.
അങ്ങനെ ടൊവിയോട് എന്റെ വീടിന്റെ പാലുകാച്ചലാണ്, വരാന്‍ പറ്റുമോന്ന് ചോദിച്ചു. എന്നാണെന്ന് പുള്ളി ചോദിച്ചപ്പോള്‍ ബ്രോ എന്ന് പറയുന്നു അന്ന് വെക്കാമെന്ന് ഞാനും പറഞ്ഞു. അങ്ങനെ മാനേജരോട് ഡേറ്റ് ചോദിച്ചാല്‍ ഒരു പത്തൊന്‍പതാം തീയ്യതി ഓക്കെയാണെന്ന് പറഞ്ഞു. ആരോടും ഞാന്‍ പറഞ്ഞിട്ടില്ലായിരുന്നു. പക്ഷേ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നത് പോലെയായി.
ഭാര്യയോടും അമ്മയോടും മക്കളോടും മാത്രമാണ് ഇക്കാര്യം പറഞ്ഞത്. പക്ഷേ എങ്ങനെയോ അറിഞ്ഞിട്ട് എവിടുന്നാണെന്ന്് അറിയില്ല. അന്നേ ദിവസം പത്ത് അറുപത് ക്യാമറയാണ് വീടിന് മുന്നില്‍ വന്നത്. അതുപോലെ നാട്ടുകാരൊക്കെ കൂടി വീട് തിങ്ങി നിറഞ്ഞു.

രാവിലെ ഒരു എട്ടരയാവുമ്പോള്‍ വരാമെന്ന് ടെവിനോ പറഞ്ഞെങ്കിലും പത്തരയായി എത്തുമ്പോള്‍. ടൊവിനോയെ പോലൊരാള്‍ എന്റെ വീട്ടിലേക്ക് വരുമ്പോള്‍ നാടറിയണമെന്ന് കരുതി. അങ്ങനെ ചെണ്ടമേളം ഞാന്‍ തന്നെ അറേഞ്ച് ചെയ്തിരുന്നു. പിന്നെ ടൊവിനോ വന്നിറങ്ങിയതിന് ശേഷം നടക്കാന്‍ പോലും പറ്റാത്ത അത്രയും തിരക്കായി.
ജനങ്ങള്‍ മൊത്തം വന്ന് റോഡ് തിങ്ങി നിറഞ്ഞു. കൈയ്യില്‍ നിന്നും പോയത് പോലൊരു അവസ്ഥയായി പോയി. അവസാനം പോകുന്നത് പോലെ പോവട്ടെ എന്ന് കരുതി. ബൈക്കില്‍ കയറ്റിയാണ് ടൊവിനോയെ അവസാനം വീട്ടില്‍ എത്തിച്ചത്. എന്നിട്ട് റൂമിനകത്ത് കയറ്റി വാതില്‍ അടച്ചു. ശേഷം ഞാന്‍ തന്നെ പോയിട്ട്, വാതില്‍ തുറക്കാമോ പ്രമോദ് ആണെന്ന് പറഞ്ഞ് വിളിക്കേണ്ട അവസ്ഥയായിരുന്നു എന്നും നടന്‍ പറയുന്നു.
മോന്‍ ജനിച്ചപ്പോഴാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. അതുപോലെ തന്നെ വലിയൊരു സന്തോഷം നല്‍കിയ സംഭവമായിരുന്നു ഇത്. ഇത് കഴിഞ്ഞിട്ട്. ഇപ്പോള്‍ ഒന്നര വര്‍ഷമായി. ഇന്നും ആളുകള്‍ ഇതിനെ പറ്റി ചോദിക്കാറുണ്ടെന്നും' നടന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications