രണ്ടാമത്തെ ഫലവും നെഗറ്റീവ്, പൃഥ്വിരാജ് അല്ലിക്കും സുപ്രിയയ്ക്കും അടുത്തേക്ക്...
ജോർദാനിൽ നിന്ന് തിരിച്ചെത്തി ഹോം ക്വാറന്റൈനിൽ കഴിയുന്ന നടൻ പൃഥ്വിരാജിന്റ രണ്ടാമത്തെ കൊറോണ ടെസ്റ്റ് ഫലവും നെഗറ്റീവ്. ഇതിനെ തുടർന്ന് 14 ദിവസത്തെ ഹോം ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി താരം സ്വന്തം ഫ്ളാറ്റിലേയ്ക്ക് മടങ്ങും. ജൂൺ 5 നാണ് താരം ഫ്ലാറ്റിലേയ്ക്ക് മടങ്ങുക. പൃഥ്വിയുടെ രണ്ടാമത്തെ കൊവിഡ് ഫലം ആരാധകർക്ക് ആശ്വാസമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആടുജീവിതം സിനിമ ചിത്രീകരണ സംഘത്തിലുണ്ടായിരുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇപ്പോൾ അത് ഒഴിഞ്ഞിരിക്കുകയാണ്. മകൾ അല്ലിയുടേയും സുപ്രിയയുടേയും അടുത്തേക്കാകും താരം പോകുക. മാസങ്ങൾ ശേഷമാണ് പൃഥ്വി കുടുംബത്തെ കാണുന്നത്.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലെത്തിയ പൃഥ്വി വിമാനത്താവളത്തിൽ നിന്ന് നേരെ മുൻക്കൂട്ടി തയ്യാറാക്കിയിരുന്ന ഹോം ക്വാറന്റൈനിലേയ്ക്ക് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ടെസ്റ്റ് റിസൾട്ട് ഫലം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിലും ക്വാറന്റീൻ പൂർത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ആടുജീവിതം ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷമാണ് പൃഥ്വിരാജും സംഘവും മെയ് 22നാണ് ജോർദാനിൽ നിന്ന് നാട്ടിലേയ്ക്ക് തിരികെ എത്തിയത്. മെയ് 29 നായിരുന്നു താരത്തിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പൂർത്തിയായത്. എന്നാൽ ഒരാഴ്ച ഹോം ക്വാറന്റൈൻ കഴിയാമെന്ന് താരം നേരത്തെ തന്നെ അറിയിക്കുകയായിരുന്നു.
ക്വാറന്റൈൻ കേന്ദ്രത്തിൽ പൃഥ്വിക്ക് ഒരു മിനി ജിം ഒരുക്കിയിരുന്നു.ജിം ഉപകരണങ്ങളുടെ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം വലുതാകുമ്പോൾ ക്വാറന്റീൻ കേന്ദ്രത്തിൽ എത്തും മുമ്പ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കും-പൃഥ്വി ചിത്രത്തിനൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഇത്തരത്തിൽ സൗകര്യമൊരുക്കിയവർക്ക് താരം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി പോയ പൃഥ്വിയും സംഘവും കൊവിഡിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു.ഏകദേശം രണ്ടര മാസത്തിനു ശേഷമാണ് കോരളത്തിൽ തിരികെ എത്തിയത്. പ്രത്യേക വിമാനത്തിലായിരുന്നു ഇവർ കൊച്ചിയിലെത്തിയത്. ജോർദ്ദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.
മാർച്ച് 16 ന് ആരംഭിച്ച ഷൂട്ടിങ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 1 വരെ നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് ഇളവുകൾ ലഭിച്ചപ്പോൾ ഷൂട്ടിങ് പൂർത്തിയാക്കുകയായിരുന്നു. ലോക്ക് ഡൗൺ നീണ്ടതോടെ സിനിമ ബജറ്റ് ആകെ താളം തെറ്റിയിരുന്നു. നാട്ടിൽ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണു ഷൂട്ടിങ്ങിനു വേണ്ടി വന്നത്.


Click it and Unblock the Notifications