ഒറ്റയ്ക്ക് പോയി രക്തം മാറ്റി വന്ന സത്യൻ സർ, വർഷങ്ങൾക്ക് ശേഷം ശാരദ എന്നെ വിളിച്ചു: രാഘവൻ
പഴയ കാല സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു അന്തരിച്ച നടൻ സത്യൻ. 58ാം വയസിലായിരുന്നു സത്യന്റെ മരണം. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്ന സത്യൻ പിന്നീട് അന്നത്തെ ട്രാവൻകൂർ സ്റ്റേറ്റ് പൊലീസിൽ പൊലീസ് ഓഫീസറുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായിരിക്കെയാണ് സത്യൻ അഭിനയ രംഗത്തേക്ക് വരുന്നത്. ഇപ്പോഴിതാ സത്യനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടൻ രാഘവൻ. കാൻ ചാനൽ മീഡിയയിൽ സംസാരിക്കുകയായിരുന്നു നടൻ.
അദ്ദേഹം ഒറ്റയ്ക്ക് കാറിൽ ആശുപത്രിയിൽ പോയി രക്തം മുഴുവൻ മാറ്റി തിരിച്ച് വരുന്നത്. ഹെൽപ്പിന് ആരുമില്ല. അത്ഭുത ജീവിയാണ് അദ്ദേഹം. നമുക്ക് ഇമേജിൻ ചെയ്യാൻ പറ്റില്ല. രക്തം മാറ്റി പുതിയ രക്തവുമായി സ്വയം ഡ്രെെവ് ചെയ്ത് വരുന്നു. അവരെയൊന്നും പകരം വെക്കാൻ ആരുമില്ല. അദ്ദേഹത്തെ വേദികളിൽ അനുകരിക്കുന്നത് കാണുമ്പോൾ എനിക്ക് വെറുപ്പ് തോന്നും. അദ്ദേഹത്തെയൊന്നും അനുകരിക്കാൻ പറ്റില്ല. എന്നെ ആരും അനുകരിക്കുന്നില്ല. ഞാൻ രക്ഷപ്പെട്ടു. പറ്റാത്തത് കൊണ്ടായിരിക്കില്ല. എന്തിന് സത്യൻ മാഷെ അനുകരിക്കുന്നു. വല്ല കാര്യവുമുണ്ടോ. അനുകരിച്ച് വികൃതമാക്കുന്നു. അദ്ദേഹമല്ല അത്. അദ്ദേഹത്തിന്റെ എന്തെങ്കിലും ഒരു ലാഞ്ചന വേണ്ടേ. അതില്ല. എന്തോ കാട്ടിക്കൂട്ടുന്നു. എനിക്കേറ്റവും പ്രിയപ്പെട്ട നടനായിരുന്നു. മരണം വലിയ ഞെട്ടലായിരുന്നെന്നും രാഘവൻ പറഞ്ഞു.
ഒരുമിച്ച് അഭിനയിച്ച ഷീല, ശാരദ, ജയഭാരതി എന്നിവരുമായി ഒരു ബന്ധവും ഇപ്പോഴില്ല. ഇതിനിടെ ശാരദ എന്നെ വിളിച്ചു. അവരെന്നേക്കാളും ഇളയതാണ്. എനിക്ക് 84 വയസായി. ആദ്യം സിനിമയിൽ അവരെന്റെ അമ്മയായിരുന്നു. അടുത്ത സിനിമയിൽ ജേഷ്ഠനായി അഭിനയിച്ചു. പിന്നീട് കാമുകനായും മറ്റുമെല്ലാം അഭിനയിച്ചു. വർഷങ്ങൾക്ക് ശേഷം സ്റ്റേജിൽ വെച്ച് കണ്ടപ്പോൾ അവർക്കെന്നെ മനസിലായില്ല.
ആ ഇരിക്കുന്നതാണ് രാഘവൻ എന്ന് പറഞ്ഞപ്പോൾ എന്നെ നോക്കി. എന്നെ മനസിലായില്ല. പിന്നെ എന്റെ അടുത്ത് വന്ന് എനിക്ക് മനസിസായില്ല കേട്ടോ എന്ന് പറഞ്ഞു. അത് കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്ക് ശേഷം അവരെന്നെ വിളിച്ചു. ഞാൻ ശാരദയാണെന്ന് പറഞ്ഞു. ഞാൻ കുറച്ച് നേരം മിണ്ടിയില്ല. എന്നിട്ട് വളരെ സന്തേഷം, ഈ ശബ്ദം കേൾക്കാൻ എന്താ സുഖം, എത്ര കാലമായി ശബ്ദം കേട്ടിട്ട് എന്ന് പറഞ്ഞു.

ശരിയാണ്, ഞാനിങ്ങനെ വിശ്രമത്തിലാണ്, കണ്ണിന് മങ്ങലേറ്റു, ഇങ്ങനെ ഇരിക്കുമ്പോൾ വിളിക്കണമെന്ന് തോന്നിയെന്ന് അവർ പറഞ്ഞു. ജയഭാരതി എന്റെ അനിയത്തിയായി അഭിനയിച്ചിട്ടുണ്ട്. അന്ന് മുതൽ അവളെന്റെ അനിയത്തിയാണ്. എന്നെ അണ്ണാ എന്നാണ് വിളിക്കുക. അഭിനയിക്കുന്ന സമയത്തല്ലാതെ തനിക്ക് സിനിമാ രംഗത്തെ ആരുമായും ബന്ധമില്ലെന്നും രാഘവൻ പറഞ്ഞു. സിനിമാ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ രാഘവൻ. പഴയ കാല സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ രാഘവൻ ചെയ്തിട്ടുണ്ട്.
പഴയ കാല നായിക നടിമാരായിരുന്ന ഷീല, ശാരദ, ജയഭാരതി എന്നീ മൂന്ന് നടിമാരും അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. ഷീല ഇന്നും ലെെം ലെെറ്റിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. എന്നാൽ ജയഭാരതിയെ ആരാധകർ കാണാറേയില്ല. പൂർണമായും സ്വകാര്യ ജീവിതം നയിക്കാനാണ് ജയഭാരതി ഇന്ന് ആഗ്രഹിക്കുന്നത്. ശാരദ ഇടയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കാറുണ്ട്.


Click it and Unblock the Notifications











