'മകൾക്ക് വേണ്ടി കണ്ടെത്തിയ പേര് കൊച്ചുമകൾക്ക് ഇട്ടു'; രാംചരണിന്റെ മാലാഖ കുഞ്ഞിന് പേര് ഇട്ടത് ഉപാസനയുടെ അമ്മ!
രാംചരൺ തേജയ്ക്കും ഉപാസന കാമിനേനിക്കും കുഞ്ഞ് പിറന്നതോടെ കൊനിഡേല കുടുംബം ആഘോഷത്തിലാണ്. പത്ത് വർഷത്തെ കാത്തിരിപ്പ് ശേഷം പിറന്ന കൺമണിയെ രാജകുമാരിയെപ്പോലെയാണ് താരദമ്പതികളും കുടുംബം നോക്കുന്നത്.
ഇക്കഴിഞ്ഞ ജൂൺ 20നാണ് രാംചരണിനും ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ ദിവസം ആഘോഷമായി മകളുടെ പേരിടൽ ചടങ്ങ് താരകുടുബം നടത്തി. ഹൈദരാബാദിലാണ് ആഡംബരമായി പേരിടലും ക്രാഡിൽ സെറിമണിയും നടത്തിയത്.
ഇതുവരെ കേട്ടിട്ടില്ലാത്തതും അർത്ഥവത്തായതുമായ ഒരു പേരാണ് കൊച്ചുരാജകുമാരിക്ക് വേണ്ടി കുടുംബം കണ്ടെത്തിയത്. ക്ലിൻ കാര കൊനിഡേല എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ പേര് പുറംലോകത്തെ അറിയിച്ചത് മുത്തച്ഛൻ മെഗാസ്റ്റാർ ചിരഞ്ജീവിയാണ്. ലളിതാസഹസ്രനാമത്തിൽ നിന്നാണ് കൊനിഡേല കുടുംബത്തിലെ കുഞ്ഞുതാരത്തിന് പേര് കണ്ടെത്തിയതെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തിരുന്നു.

ക്ലിൻ കാര എന്നാൽ പ്രകൃതിയുടെ മൂർത്തീഭാവമെന്ന് അർത്ഥം. പ്രപഞ്ച മാതാവായ ശക്തിയുടെ സൂക്ഷ്മരൂപമാണത്. ഞങ്ങളുടെ കൊച്ചുരാജകുമാരി വളരുമ്പോൾ ഈ ഗുണങ്ങളെല്ലാം അവളുടെ വ്യക്തിത്വത്തിൽ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എന്നും ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചിരുന്നു.
വ്യത്യസ്തവും വൈവിധ്യം നിറഞ്ഞതുമായ പേര് കുഞ്ഞിന് വേണ്ടി കണ്ടെത്തിയത് മറ്റാരുമല്ല ഉപാസനയുടെ അമ്മ ശോഭ കാമിനേനിയാണ്. കൊച്ചുമകളുടെ പേരിടൽ ചടങ്ങിൽ പങ്കെടുത്തതിന്റെ വിശേഷങ്ങളും ചിത്രവും പങ്കുവെച്ചുകൊണ്ട് തന്റെ ഐജി ഹാൻഡിലിൽ ശോഭന തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
യഥാർത്ഥത്തിൽ ഉപാസന ജനിച്ചപ്പോൾ അവൾക്കായി താൻ കണ്ടെത്തിവെച്ചിരുന്ന പേരാണ് ഇപ്പോൾ കൊച്ചുമകൾക്ക് താൻ ഇട്ടതെന്നാണ് ശോഭന കുറിച്ചത്. 'ഉപാസന.... നീ ജനിച്ചപ്പോൾ നിനക്ക് ക്ലിൻ കാര എന്ന് പേരിടാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇന്ന് നിങ്ങളുടെ സ്‌നേഹത്തിൽ പിറന്ന കുഞ്ഞിനും നിങ്ങൾക്കും നന്ദി. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു കാര...', എന്നാണ് ശോഭന കുറിച്ചത്.
മകളുടെ പേരിടൽ നിന്നുള്ള ചിത്രങ്ങൾ ഉപാസനയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും നടുവിൽ ശാന്തമായി ഉറങ്ങുന്ന ക്ലിൻകാരയാണ് ചിത്രങ്ങളിലുള്ളത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾക്ക് പുറമെ മകളുടെ പേരിടൽ ചടങ്ങിനായി ഒരുക്കിയ ആഡംബര അലങ്കാരത്തിന്റെ ദൃശ്യങ്ങളും ഉപാസന പങ്കുവെച്ചിരുന്നു.

പ്രകൃതിയോട് ഇണങ്ങിയുള്ള പുഷ്പ അലങ്കാരങ്ങൾ, ഓലയിൽ തീർത്ത പൂക്കുട്ടകൾ, ചെടികൾ, മരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വനം തീമിലാണ് ചടങ്ങിന്റെ വേദി ഒരുക്കിയത്. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി. 2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം.
അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പഴ്‌സൻ കൂടിയാണ് ഉപാസന. രാംചരണിന്റെ മകളെതേടി സെലിബ്രിറ്റികളുടെ നിരവധി സമ്മാനങ്ങളാണ് രാംചരണിന്റെ വസതിയിലേക്ക് എത്തുന്നത്. സ്വർണത്തൊട്ടിലാണ് അംബാനി കുടുംബം സമ്മാനിച്ചത്.
ബോളിവുഡ് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഒരു കോടിക്ക് മുകളിൽ വിലമതിക്കുന്ന തൊട്ടിൽ അംബാനി കുടുംബത്തില്‍ നിന്നുള്ള സ്നേഹ സമ്മാനമാണെന്നാണ് റിപ്പോർട്ട്. ചിരഞ്ജീവിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് മുകേഷ് അംബാനിക്കുള്ളത്.
മകളുടെ ജനനത്തോട് അനുബന്ധിച്ച് ഷൂട്ടിങ് തിരക്കുകളിൽ നിന്നെല്ലാം കുറച്ച് മാസത്തേക്ക് വിട്ടുനിൽക്കുകയാണ് രാംചരൺ. മകളേയും ഭാര്യേയയും ഒപ്പം നിന്ന് ശുശ്രൂഷിക്കുന്നതിന് വേണ്ടിയാണ് രാംചരൺ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്.
അതേസമയം ശങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചെയിഞ്ചറാണ് രാംചരണിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ഉപാസന ഹഗർഭിണിയാപ്പോൾ മുതൽ രാംചരണിനും കുടുംബത്തിനും നിരവധി ഉയർച്ചകൾ ഉണ്ടായിയെന്നും അതുകൊണ്ട് തന്നെ രാംചരണിന്റെ കുഞ്ഞ് തങ്ങളുടെ ഭാഗ്യമാണെന്നുമാണ് ചിരഞ്ജീവി അടുത്തിടെ പറഞ്ഞത്.


Click it and Unblock the Notifications