പ്രസവിച്ച് കിടക്കുന്ന മുറിയുടെ മുന്നിൽ പോയി നിന്നു, അവള്‍ക്ക് മനസിലായില്ല! ഭാര്യയെ പറ്റി പിഷാരടി
അവതാരകന്‍, നടന്‍, സംവിധായകന്‍, നിര്‍മാതാവ്, എന്നിങ്ങനെ രമേഷ് പിഷാരടിയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കുറേയുണ്ട്. വളരെ ചെറിയ പ്രായത്തില്‍ മിമിക്രി അവതരിപ്പിച്ച് കൊണ്ടാണ് പിഷാരടി കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് വളര്‍ന്ന് വലുതായി ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ്.
ഇതിനിടയില്‍ ഒരു ഹിന്ദിക്കാരിയെയാണ് പിഷാരടി വിവാഹം കഴിച്ചത്. ആദ്യമൊക്കെ ഭാര്യ സൗമ്യയെ പുറംലോകത്ത് കൊണ്ട് വരാറില്ലായിരുന്നു എങ്കിലും ഇപ്പോള്‍ പല പൊതുപരിപാടികളിലും താരദമ്പതിമാര്‍ ഒരുമിച്ചാണ് വരാറുള്ളത്. ഭാര്യയ്ക്ക് മലയാളം അറിയില്ലാത്തത് കൊണ്ട് ഉണ്ടായ മണ്ടത്തരങ്ങളെ പറ്റി മുന്‍പ് പലപ്പോഴും പിഷാരടി പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ സൗമ്യയ്ക്കുണ്ടായിരുന്ന കാഴ്ച പ്രശ്‌നത്തെ പറ്റി പറയുകയാണ് താരം. ഭാര്യ പ്രസവിച്ച് കിടക്കുമ്പോള്‍ സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടി പോയിട്ട് അത് പാളി പോയതിനെ പറ്റിയാണ് നടന്‍ വെളിപ്പെടുത്തിയത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
'ഭാര്യ പ്രസവിക്കുമ്പോള്‍ ഞാന്‍ ഇന്തോനേഷ്യയിലാണ്. അവിടെ നിന്നും സിംഗപൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയിട്ട് അവിടുത്തെ ഫ്രീ വൈഫൈ കണക്ട് ചെയ്തിട്ടാണ് മെയില്‍ തുറന്ന് കൊച്ചിന്റെ ഫോട്ടോ ആദ്യമായി കാണുന്നത്. അന്ന് പൂനൈയ്ക്ക് നേരിട്ട് ഫ്‌ളൈറ്റില്ല. ഭാര്യ പ്രസവിച്ച് കിടക്കുന്നത് പൂനൈയിലാണ്. അന്ന് മുംബൈയില്‍ ഇറങ്ങി നാല് മണിക്കൂര്‍ ബസിന് പോകണം പൂനൈയ്ക്ക്.
നാളെയേ വരികയുള്ളുവെന്ന് പറഞ്ഞിട്ട് ഞാന്‍ അന്ന് തന്നെ സര്‍പ്രൈസായി അവളെ കാണാന്‍ ചെന്നു. മുംബൈയില്‍ ഇറങ്ങി നാല് മണിക്കൂര്‍ ബസിലൊക്കെ ഇരുന്നിട്ടാണ് പോവുന്നത്. കല്യാണം കഴിക്കുന്ന സമയത്ത് ഭാര്യ നല്ല പവറുള്ള കണ്ണട വെക്കുന്നുണ്ട്. വീട്ടില്‍ ചെന്ന് ബെല്ലടിച്ച സമയത്ത് അവളുടെ അമ്മയാണ് വാതില്‍ തുറന്നത്.

അമ്മ വാതില്‍ തുറന്ന ഉടനെ മിണ്ടരുതെന്ന് ഞാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ട് സൗമ്യയ്ക്ക് സര്‍പ്രൈസ് കൊടുക്കാനായി അവള്‍ പ്രസവിച്ച് കിടക്കുന്ന മുറിയുടെ വാതില്‍ക്കല്‍ പോയി നിന്നു. ആരോ വന്ന് നില്‍ക്കുന്നത് മനസിലാക്കിയ ഉടനെ അവള്‍ എന്നെ ഒന്ന് നോക്കി.
എന്നിട്ട് അമ്മേ ആരോ വന്നിരിക്കുന്നു എന്ന് പറഞ്ഞു. ആ സമയത്ത് അവള്‍ കണ്ണട വെച്ചിട്ടില്ലായിരുന്നു. അതോടെ അവള്‍ക്ക് കൊടുക്കാന്‍ ഉദ്ദേശിച്ച സര്‍പ്രൈസ് പൊളിഞ്ഞ് പ്രയോജനമില്ലാതെയായി പോയെന്നും പിഷാരടി പറയുന്നു.
പിന്നീട് അവളുടെ കണ്ണട മാറ്റുന്നതിന് വേണ്ടയി ലാസിക് ലേസര്‍ ട്രീറ്റ്‌മെന്റ് നടത്താമെന്ന് തീരുമാനിച്ചു. അങ്ങനെ ഓപ്പറേഷന് കയറ്റുന്നതിന് മുന്‍പായി എന്നെ വിളിച്ചിട്ട് ഇന്നുവരെ ഇല്ലാത്തൊരു നോട്ടം നോക്കി. എന്താണ് ഇങ്ങനെ നോക്കുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അല്ല ഇനി ഓപ്പറേഷന്‍ ചെയ്ത് കണ്ണ് എങ്ങാനും അടിച്ച് പോയാല്‍ ഒരു ഫോട്ടോ പോലെ എടുത്ത് വെക്കാന്‍ വേണ്ടി നോക്കിയതാണെന്നാണ് അവള്‍ പറഞ്ഞത്. അപ്പോഴെനിക്ക് അത് വേണ്ടിയിരുന്നില്ലെന്ന് തോന്നിയെന്നും പിഷാരടി കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











