അഭിനയിക്കാൻ കിട്ടിയാൽ അഭിനയിക്കും; ഭാര്യ തലകറങ്ങി വീണിട്ടും നെഗറ്റീവ് വേഷങ്ങളോട് മുഖം തിരിക്കാതെ രവീന്ദ്രൻ!
നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രങ്ങൾ താരങ്ങൾ മടി കൂടാതെ ചെയ്ത് തുടങ്ങിയിട്ട് വളരെ കുറച്ച് വർഷങ്ങളെയാകുന്നുള്ളു. മുമ്പൊക്കെ നന്മ നിറഞ്ഞ കഥാപാത്രങ്ങൾ മാത്രമെ താരങ്ങൾ പൊതുവെ തെരഞ്ഞെടുക്കാറുണ്ടായിരുന്നുള്ളു. നെഗറ്റീവ് ഇമേജ് നൽകുന്ന കഥാപാത്രങ്ങൾ ചെയ്താൽ ആരാധകർ നഷ്ടപ്പെടുമോ എന്നതായിരുന്നു ഭയം. എന്നാൽ അത്തരം സമയങ്ങളിലും മടി കൂടാതെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടനാണ് ഡിസ്കോ രവീന്ദ്രൻ.
അഭിനയിക്കാൻ ഏത് വേഷം കിട്ടിയാലും അഭിനയിക്കും എന്നല്ലാതെ കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോയെന്ന് വിലയിരുത്താറില്ലെന്നും പെർഫോം ചെയ്യാനുള്ള സാധ്യതയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും രവീന്ദ്രൻ പറയുന്നു. മദ്രാസിലെ മോൻ എന്ന സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ മോഹൻലാൽ, രവികുമാർ, തമ്പി കണ്ണന്താനം തുടങ്ങിയവരാണ് രവീന്ദ്രന് പുറമെ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. കരിക്കൻവില്ല കൊലപാതകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു യഥാർത്ഥ കൊലപാതകത്തെ അടിസ്ഥാനമാക്കിയാണ് മദ്രാസിലെ മോൻ ഒരുക്കിയത്. മദ്രാസിലെ മോൻ എന്ന സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടില്ല.
ഞാൻ ചെയ്ത സിനിമകളിൽ ഒന്നിനെ കുറിച്ച് പോലും അങ്ങനൊരു തോന്നൽ വന്നിട്ടില്ല. അഭിനയിക്കാൻ കിട്ടിയാൽ ഞാൻ അഭിനയിക്കും. കാരണം എനിക്ക് പെർഫോം ചെയ്യാൻ കിട്ടുന്ന സ്പേസ് അല്ലേ. അഭിനയത്തിനെ അഭിനയമായും പഠിപ്പിക്കുന്നതിനെ പഠിപ്പിക്കുന്നതായും ഞാൻ കാണും. ഓരോ സമയത്തും എന്ത് പ്രവൃത്തി ചെയ്യുന്നുവോ അതിനോട് നീതി പുലർത്തി മുന്നോട്ട് പോകും.
അഭിനയിക്കുമ്പോൾ ബോഡി ലാഗ്വേജും സ്റ്റൈലും യൂസ് ചെയ്യാൻ പറ്റും. അങ്ങനൊരു സ്പേസിനെ ഞാൻ എന്തിനാണ് വിട്ടുകളയുന്നത്. അതിലാണ് എനിക്ക് പ്ലഷർ കിട്ടുന്നത്. എന്താണ് ഇഷ്ടമെന്ന് ചോദിച്ചാൽ തന്നെ എല്ലാവരും പറയുക ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുക എന്നതായിരിക്കും. അത് തന്നെയാണ് എനിക്കും. ആഗ്രങ്ങൾ അടക്കം എല്ലാം അതിൽ ഉൾപ്പെട്ട് കഴിഞ്ഞു.
നെഗറ്റീവ്, പോസിറ്റീവ് റോളുകൾ എന്നൊന്നുമില്ല. അഭിനയം അഭിനയമാണ്. അതിൽ ചിലപ്പോൾ ക്യാരക്ടർ റോളുകൾ അടക്കം വരും. ഫിലിം ഇൻസ്റ്റ്യൂട്ടിൽ പഠിക്കുന്ന സമയം മുതൽ ഇഷ്ടപ്പെട്ടത് ഏറെയും നെഗറ്റീവ് റോളുകൾ ചെയ്യാനാണ് എന്നാണ് മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ രവീന്ദ്രൻ പറഞ്ഞത്. തന്റെ അഭിനയം കണ്ട് ഭാര്യ തലകറങ്ങി വീണ സംഭവവും അമ്മ അഭിനയം നിർത്താൻ ആവശ്യപ്പെട്ട സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് മുമ്പ് നടൻ പറഞ്ഞിട്ടുണ്ട്.

അഭിനേതാക്കൾ തമ്മിൽ മത്സരിക്കുന്നുവെന്ന തരത്തിൽ പ്രകടനത്തെ കാണേണ്ടതില്ലെന്നും രവീന്ദ്രൻ പറയുന്നു. മോഹൻലാലും മമ്മൂട്ടിയുമായെല്ലാം ഇപ്പോഴും സൗഹൃദമുണ്ട്. എന്റെ ആഗ്രഹങ്ങളൊക്കെ അറിയാവുന്നയാളാണ് മോഹൻലാൽ. ഒരുപാട് കാര്യങ്ങൾ അക്കാദമിക്കലായി ചെയ്യാൻ എനിക്ക് മോഹൻലാൽ സഹായം ചെയ്ത് തന്നിട്ടുണ്ട്.
ലാലിനെപ്പോലൊരാളുടെ പിൻബലമുള്ളതുകൊണ്ടാണ് പല കാര്യങ്ങളും എനിക്ക് ചെയ്യാൻ സാധിക്കുന്നത്. അഭിനയിക്കുമ്പോൾ മോഹൻലാലോ രവീന്ദ്രനോ ഇല്ല. കഥാപാത്രങ്ങൾ മാത്രം. പിന്നെ പരസ്പരം മത്സരത്തിന്റെ ആവശ്യമില്ല. കാരണം നടക്കുന്നത് സ്പോർട്സ് അല്ല. കലയേയും സ്പോർട്സിനേയും കൂട്ടി കുഴക്കരുത്. സംസ്ഥാന അവാർഡും ദേശീയ അവാർഡും വ്യത്യസ്തമായ ആളുകൾക്ക് അല്ലേ ലഭിക്കുന്നത്.
എന്ന് കരുതി സംസ്ഥാന അവാർഡുകൾ തെരഞ്ഞെടുത്ത ജൂറി മോശമാണെന്ന് അർത്ഥമുണ്ടോ? എന്നും രവീന്ദ്രൻ ചോദിക്കുന്നു. മലയാളത്തിൽ താരമാകും മുമ്പ് തന്നെ നടൻ തമിഴിലും ആരാധകരുള്ള താരമായി വളർന്ന് കഴിഞ്ഞിരുന്നു. ചെറുപ്പം മുതൽ സിനിമയും അഭിനയവും തന്നെയായിരുന്നു രവീന്ദ്രന്റെ ലക്ഷ്യം. ഇപ്പോഴും സിനിമ തന്നെയാണ് നടന്റെ ലഹരി.


Click it and Unblock the Notifications











