'ദുൽഖർ കരഞ്ഞുകൊണ്ടാണ് കയറി വന്നത്... ഞങ്ങൾ ഞെട്ടിപ്പോയി, വളരെ ഡെഡിക്കേറ്റഡായ ആക്ടറാണ്'; രൂപേഷ് പീതാംബരൻ
മെഗാസ്റ്റാറിന്റെ മകനായതുകൊണ്ട് തന്നെ തുടക്കം മുതൽ തന്നെ പരിഹാസവും പുച്ഛവും അനുഭവിച്ചാണ് ദുൽഖർ സൽമാൻ സിനിമയിൽ വളർന്ന് ഇന്ന് കാണുന്ന തരത്തിൽ പാൻ ഇന്ത്യൻ താരമായി മാറിയത്. സെക്കന്റ് ഷോ ഇറങ്ങിയ ശേഷം പലരും ദുൽഖറിനെ മമ്മൂട്ടിയുടെ പേര് കളയാനുണ്ടായ മകനെന്ന് വിളിച്ചാണ് കളിയാക്കിയിരുന്നത്.
അന്ന് താൻ അനുഭവിച്ചതിനെ കുറിച്ച് ദുൽഖർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത സംവിധായകനും സ്ഫടികം സിനിമയിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച നടനുമായ രൂപേഷ് പീതാംബരൻ ദുൽഖറിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
രൂപേഷിന്റെ തീവ്രം എന്ന ത്രില്ലർ ഡാർക്ക് സിനിമയിൽ നായകൻ ദുൽഖർ സൽമാനായിരുന്നു. തീവ്രം സിനിമയിൽ ദുൽഖർ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് രൂപേഷ് പീതാംബരൻ പങ്കുവെച്ചത്. 'ഇന്നലെ സിനിമ കണ്ടപ്പോഴും തിലകൻ അങ്കിളും ലളിതാന്റിയും നമ്മളെ വിട്ട് ഈ ലോകത്ത് നിന്ന് പോയിട്ടില്ലായെന്നൊരു തോന്നലാണ് എനിക്കുണ്ടായത്.'
'അവർക്ക് പകരം വെക്കാൻ വേറെ ആരുമില്ല. സ്ഫടികം ഷൂട്ടിങിന് പോയപ്പോൾ തിലകൻ അങ്കിളിനെ കാണുന്നത് തന്നെ എനിക്ക് പേടിയായിരുന്നു.'

'അന്ന് അദ്ദേഹത്തിന്റെ നോട്ടവും ശബ്ദവുമൊക്കെ അങ്ങനെയായിരുന്നു. പക്ഷെ അത് ദേഷ്യം കൊണ്ടായിരുന്നില്ല. ഞാൻ തോമസ് ചാക്കോയെന്ന കഥാപാത്രത്തെ ഉൾക്കൊള്ളാൻ അദ്ദേഹം എന്നെ സപ്പോർട്ട് ചെയ്തതാണ്.'
'തിലകൻ അങ്കിൾ തന്നെ എന്നോട് പിന്നീട് വർഷങ്ങൾക്ക് ശേഷം പറഞ്ഞിട്ടുണ്ട്. തിലകൻ അങ്കിളൊക്കെ ആക്ഷനും കട്ടിനും ഇടയിൽ അഭിനയിക്കുന്നയാളാണ്. ദുൽഖർ സൽമാൻ വളരെ ഡെഡിക്കേറ്റഡായ ആക്ടറാണ്. ദുൽഖറിന്റെ മൂന്നാമത്തെ സിനിമയായിരുന്നു തീവ്രം.'

'സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടൽ എന്നിവയ്ക്ക് ശേഷമാണ് ദുൽഖർ തീവ്രം ചെയ്തത്. ഞാൻ കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം എന്നോട് നമ്മൾ ഇത് ചെയ്യുന്നുവെന്നാണ് പറഞ്ഞത്. സെക്കന്റ് ഷോ ത്രില്ലർ ഡാർക്ക് മൂവിയായിരുന്നു. ഉസ്താദ് ഹോട്ടൽ കുറച്ച് ലൈറ്റായിരുന്നു.'
'എന്റെ തീവ്രം സിനിമ എക്സ്ട്രീം ഡാർക്കും ത്രില്ലറുമെല്ലാമായി കുറച്ച് ഹെവിയായിരുന്നു. ദുൽഖറിനും മനസിലായി ഇത് കുറച്ച് ഹെവിയാണെന്ന്. അതുകൊണ്ട് നല്ല പ്രിപ്പറേഷൻ നടത്തിയിരുന്നു അദ്ദേഹം.'

'ഫസ്റ്റ് ഹാഫ് ഷൂട്ട് ചെയ്യുന്ന സമയത്ത് ആരോടും ദുൽഖർ മിണ്ടില്ലായിരുന്നു. എവിടെയെങ്കിലും മാറിയിരിക്കും. അതിനുവേണ്ടി നന്നായി എഫേർട്ട് ഇട്ടിരുന്നു. തീവ്രത്തിൽ ദുൽഖറിന്റെ ഭാര്യ മരിച്ച ശേഷം അദ്ദേഹം ബ്രേക്ക് ഡൗൺ ആകുന്ന ഒരു സീനുണ്ടായിരുന്നു.'
'അത് ഷൂട്ട് ചെയ്യുന്ന സമയത്ത് മറ്റുള്ള ക്രൂ മെമ്പേഴ്സിനെ ഒഴിവാക്കി ഞാനും ദുൽഖറും ക്യാമറമാനും മാത്രമായിരുന്നു ആ സീൻ എടുക്കുമ്പോൾ ഉണ്ടായിരുന്നത്. സീൻ ഞാൻ ദുൽഖറിന് പറഞ്ഞ് കൊടുത്തു. ശേഷം അദ്ദേഹം ഒരു അരമണിക്കൂർ സമയം ചോദിച്ചു.'

പിന്നീട് ദുൽഖർ കുറച്ച് നേരം ആരും കാണാതെ മാറിയിരുന്നു. പിന്നീട് തിരികെ കയറി വന്നപ്പോൾ ഗ്ലിസറിനില്ലാതെ കരഞ്ഞുകൊണ്ടാണ് വന്നത്. ഉടൻ തന്നെ എനിക്ക് മനസിലായി അദ്ദേഹം ഷോട്ടിന് ഓക്കെയാണെന്ന്. ഉടൻ തന്നെ ആക്ഷൻപോലും പറയാതെ ഞങ്ങൾ ഷൂട്ട് ചെയ്ത് തുടങ്ങി.'
'അദ്ദേഹം അസാദ്യമായി പെർഫോം ചെയ്തു. കട്ട് പറയാനും എനിക്ക് തോന്നിയിലില്ല. അദ്ദേഹത്തെ ഡിസ്ട്രാക്ട് ചെയ്യാതെയാണ് ഞാനും ക്യാമറമാനും കൂടി ലെൻസ് വരെ മാറ്റിയിട്ടത്. ആ സീൻ അത്രത്തോളം ഉഗ്രനായി അദ്ദേഹം അഭിനയിച്ചു.'

'ദുൽഖറിന്റെ ബെസ്റ്റ് മൂവിയാണ് തീവ്രമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ദുൽഖറിനേയും മമ്മൂട്ടിയേയും ഒരിക്കലും താരതമ്യപ്പെടുത്തി സംസാരിക്കരുത്' രൂപേഷ് പീതാംബരൻ പറഞ്ഞു.
സ്ഫടിക്കം 28 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്തിരുന്നു. വലിയൊരു തുക മുതൽ മുടക്കിയാണ് സിനിമ റീ റിലീസ് ചെയ്തത്.


Click it and Unblock the Notifications