തോപ്പില്‍ ഭാസി വിളിച്ചു, കാസറ്റ് കേട്ട് നാടകം പഠിച്ചു; അഭിനയം തുടങ്ങിയതിനെക്കുറിച്ച് സായ് കുമാര്‍
മലയാളത്തില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടനാണ് സായ് കുമാര്‍. കെ.പി.എ.സി നാടകങ്ങളിലൂടെ അഭിനയ രംഗത്തേക്കെത്തിയ സായ് കുമാര്‍ നിരവധി വേഷങ്ങള്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കി. പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് സായ് കുമാര്‍. റാം ജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം ഇന്നും സിനിമകളില്‍ സജീവമാണ്.
എന്നാല്‍ തനിക്ക് ആദ്യം അഭിനയിക്കാനൊന്നും താത്പര്യമില്ലായിരുന്നുവെന്ന് പറയുകയാണ് സായ് കുമാര്‍. അവിചാരിതമായാണ് കെപിഎസിയിയലേക്ക് എത്തുന്നത്. പിന്നീട് അതുമായി തുടരുകയായിരുന്നെന്നും സായ് കുമാര്‍ പറയുന്നു. തോപ്പില്‍ ഭാസിയാണ് തന്നെ ആദ്യമായി നാടകത്തിലേക്ക് വിളിക്കുന്നത്. പിന്നീട് ഭഗവാന്‍ കാലുമാറുന്നു, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങി നിരവധി നാടകങ്ങള്‍ കളിച്ചിട്ടുണ്ടെന്നും നാലായിരത്തോളം വേദികളില്‍ നാടകം കളിച്ചിട്ടുണ്ടെന്നും സായ് കുമാര്‍ പറയുന്നു.

തോപ്പില്‍ ഭാസി ആദ്യം വിളിക്കുമ്പോള്‍ ആദ്യം അഭിനയിക്കില്ലെന്നാണ് താന്‍ പറഞ്ഞതെന്നും കാസറ്റ് കേട്ട് രണ്ട് ദിവസം കൊണ്ടാണ് ഡയലോഗ് പഠിച്ചതെന്നും സായ്കുമാര്‍ ഓര്‍ത്തെടുക്കുന്നു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സായ്കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
പാര്‍ട്ടിയില്‍പ്പെട്ടവര്‍ ആരെങ്കിലും അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ ഉണ്ടോ എന്ന് പാര്‍ട്ടി ഓഫീസില്‍ അറിയിക്കുകയായിരുന്നു. എന്നെ ഒരു ദിവസം പാര്‍ട്ടി ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്നും സായ് കുമാര്‍ പറയുന്നു. അത്യാവശ്യമായി കെപിഎസിയില്‍ വന്ന് തോപ്പില്‍ ഭാസി സഖാവിനെ കാണണം എന്ന് പറഞ്ഞു. ഞാന്‍ എന്തിന് എന്നാണ് ആദ്യം ചോദിച്ചത്. തോപ്പില്‍ ഭാസി സഖാവ് എത്താന്‍ പറഞ്ഞു എന്ന് മാത്രമാണ് വിളിച്ചയാള്‍ മറുപടി പറഞ്ഞത്. ഞാന്‍ വരില്ലെന്ന് മറുപടിയും പറഞ്ഞു.
അങ്ങനെ അച്ഛന്റെ അടുത്ത് പോയി കാര്യം പറഞ്ഞപ്പോള്‍ അച്ഛനും സംശയമായി എന്നെ എന്തിനാണ് വിളിക്കുന്നതെന്ന്. അച്ഛന്‍ എന്നോട് പോയി നോക്കാന്‍ പറഞ്ഞു, ഞാന്‍ പോകുന്നില്ല, എനിക്ക് പരിചയമില്ല എന്ന് പറഞ്ഞു. അങ്ങനെ അച്ഛന് ഫോണ്‍ വന്നു. ഫോണ്‍ കട്ട് ചെയ്തിട്ട് നേരെ എന്നോട് പറഞ്ഞത് 'നീ പോണം' എന്നായിരുന്നു എന്നും സായ്കുമാര്‍ ഓര്‍ത്തെടുക്കുന്നു.
അന്ന് ശോഭ കെപിഎസിയില്‍ അഭിനയിക്കുന്നുണ്ട്. അവള്‍ വിളിച്ചാല്‍ ഞാന്‍ വരില്ലാന്നോ മറ്റോ പറഞ്ഞിട്ടുണ്ടാകും. അങ്ങനെ അവിടെ ചെന്നു. അന്ന് എന്നോട് പറഞ്ഞു, 'ഭഗവാന്‍ കാലുമാറുന്നു' എന്ന് പറയുന്ന നാടകമാണ്. പ്രേംജി സാറിന്റെ മകന്‍ പ്രേമചന്ദ്രന്‍ പെട്ടെന്ന് അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് പോയി. ആ വേഷം ചെയ്യാന്‍ ആണ് ആളെ വേണ്ടിയിരുന്നത്.
മൂന്ന് ദിവസം കഴിയുമ്പോള്‍ സ്‌റ്റേജില്‍ കേറണം. എനിക്ക് നാടകം കണ്ടുള്ള പരിചയം മാത്രമേ ഉള്ളു.അഭിനയിച്ച് പരിചയമില്ല. കെപിഎസി പോലെയുള്ള പ്രൊഫഷണല്‍ നാടകത്തില്‍ എങ്ങനെ മൂന്ന് ദിവസംകൊണ്ട് കളിക്കും? അവിടെ ചെന്നപ്പോള്‍ നാടകം റെക്കോര്‍ഡ് ചെയ്ത കാസറ്റ് തന്ന് വിട്ടു.

'വീട്ടില്‍ ചെന്നപ്പോള്‍ അച്ഛനോട് കാര്യം പറഞ്ഞു. അച്ഛന്‍ പറഞ്ഞു, ഒന്നുകില്‍ പറ്റില്ലെന്ന് പറയണം. ഇല്ലെങ്കില്‍ നീ അഭിനയിക്കണം. ചീത്തപ്പേര് ഉണ്ടാക്കരുതെന്ന് പറഞ്ഞു. ഈ നാടകം ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. അങ്ങനെ കാസറ്റ് കേട്ട് ഡയലോഗുകള്‍ ഒക്കെ ഏകദേശം പഠിച്ചു. അങ്ങനെ ഞാന്‍ പോയി. ഡയലോഗ് ഒക്കെ ഓര്‍മയുണ്ട്. പക്ഷെ എന്ത് എങ്ങനാ എന്നൊന്നും അറിയില്ല എന്ന് പറഞ്ഞു. അങ്ങനെ അവര്‍ റിഹേഴ്‌സല്‍ വെച്ചു. അത്യാവശ്യം ഒക്കെ ചെയ്തു. അങ്ങനെ മൂന്നാം ദിവസം ഭഗവാന്‍ കാലുമാറുന്നു എന്ന നാടകം തട്ടില്‍ കയറി. അന്ന് വല്യ കുഴപ്പമൊന്നുമില്ലാതെ അങ്ങോട്ട് പോയി. പിന്നെ ഇതിന്റെ കൂടെ തന്നെ ആയിരുന്നു,' സായ് കുമാര്‍ പറഞ്ഞു.
അഭിനയമായിരുന്നില്ല, മെക്കാനിക്കല്‍ സെക്ഷനോട് ആയിരുന്നു എനിക്ക് ഇഷ്ടം. അന്നൊക്കെ ധാരാളം പേര്‍ സിനിമയില്‍ കയറികൂടെ എന്ന് ചോദിക്കുമായിരുന്നു. അച്ഛന്റെ പേര് പറഞ്ഞ് സിനിമയില്‍ കയറരുതെന്ന് അച്ഛന്‍ നേരത്തെ പറയുമായിരുന്നു. ആദ്യം അച്ഛന്‍ ഒരു സ്വാര്‍ത്ഥനാണോ എന്നൊക്കെ തോന്നയിരുന്നെങ്കിലും പിന്നീട് മനസില്‍ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. നാടകം മാത്രമായിരുന്നു. നാടകം തരുന്ന എനര്‍ജി ഒന്നും സിനിമ തരുന്നില്ലെന്നും സായ് കുമാര്‍ പറയുന്നു.


Click it and Unblock the Notifications