'കല്യാണം കഴിക്കാതെ ജീവിച്ചാൽ നല്ല പെട കൊടുക്കും, ലിവിങ് ടുഗെതറിന് മകളെ വിടില്ല'; മകളെ കുറിച്ച് സായ് കുമാർ!
ആദ്യത്തെ വിവാഹം പരാജയപ്പെട്ടതോടെയാണ് നടൻ സായ് കുമാർ ബിന്ദു പണിക്കരെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ബിന്ദുവിന്റെ ഏക മകൾ കല്യാണിയെ സ്വന്തം മകളെപ്പോലെയാണ് സായ് കുമാർ സ്നേഹിക്കുന്നത്.
ബിന്ദു പണിക്കരെ ജീവിതത്തിലേക്ക് കൂട്ടാനായെടുത്ത തീരുമാനം ശരിയായിരുന്നുവെന്നും അവരോടൊപ്പമുള്ള ജീവിതത്തില്‍ നൂറ്റൊന്ന് ശതമാനം തൃപ്തനാണ് താനെന്നുമായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ അടുത്തിടെ പറഞ്ഞത്. ആദ്യ ഭർത്താവിന്റെ വേർപാടിന് ശേഷമാണ് ബിന്ദു പണിക്കർ സായ് കുമാറിനെ വിവാഹം ചെയ്തത്.
ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന റീലുകളെല്ലാം സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. മകൾ കല്യാണിയാണ് അവയെല്ലാം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. വളരെ വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണെങ്കിലും വിരളമായി മാത്രമാണ് ഇരുവരും ഒരുമിച്ചുള്ള സിനിമകൾ സംഭവിച്ചിട്ടുള്ളത്. ഒരിടവേളയ്ക്ക് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന അനക്ക് എന്തിന്‍റെ കേടാ എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.

ജാതിവിവേചനം പ്രമേയമാക്കിയുള്ള സിനിമയിൽ സായ് കുമാറിനും ബിന്ദു പണിക്കർക്കും പുറമെ അഖിൽ പ്രഭാകരൻ, സ്നേഹ അജിത്, വീണ നായർ, ശിവജി ഗുരുവായൂർ, സുധീർ കരമന തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്.
ബാർബർ സമുദായത്തിൽ ജനിച്ച് വളർന്ന സൽമാൻ എന്ന യുവാവിന്‍റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തമെന്ന് സംവിധായകൻ ഷമീർ ഭരതന്നൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ജാതി വിവേചനമാണ് പ്രമേയം എന്നതുകൊണ്ട് തന്നെ സിനിമയുടെ ചിത്രീകരണം തടയാനുള്ള ശ്രമം വരെ ഷൂട്ടിങ് സമയത്ത് ഒരു വിഭാഗം ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.
ആദ്യം മറ്റൊരു നടിയെയായിരുന്നു ബിന്ദു പണിക്കരുടെ റോളിലേക്ക് കാസ്റ്റ് ചെയ്തിരുന്നത്. അവർ ഷൂട്ടിങിന് വരുന്നതിന് തടസം നേരിട്ടതോടെയാണ് ബിന്ദു പണിക്കർ സിനിമയുടെ ഭാഗമാകുന്നത്. ഷൂട്ടിങ് ഇല്ലാത്തപ്പോൾ മകൾക്കൊപ്പം യാത്രകൾ നടത്തിയും റീൽസുകൾ ചെയ്തുമാണ് ഇരുവരും സമയം ചിലവഴിക്കുന്നത്.
ഷൂട്ടിങ് തിരക്കുകൾ വരുമ്പോൾ മകൾക്കൊപ്പം ചിലവഴിക്കാനുള്ള സമയം കുറയുന്നതിൽ തങ്ങൾക്ക് സങ്കടമുണ്ടെന്നാണ് സായ് കുമാർ പറയാറുള്ളത്. അച്ഛനും അമ്മയും മകളും എന്ന രീതിയിലല്ല പെരുമാറുന്നതെന്നും സുഹൃത്തുക്കളെപ്പോലെയാണെന്നും സായ് കുമാർ പറയുന്നു.

മകൾ വിവാഹം കഴിക്കുന്നില്ലെന്ന തരത്തിൽ തീരുമാനം എടുത്താൽ എങ്ങനെ പ്രതികരിക്കുമെന്ന് അവതാരക ചോദിച്ചപ്പോൾ സായ് കുമാർ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിലാണ് സായ് കുമാർ പ്രതികരിച്ചത്.
ആദ്യം മറുപടി പറഞ്ഞത് ബിന്ദു പണിക്കർ ആയിരുന്നു. അവർക്ക് ഇഷ്ടമല്ലാതെ പിടിച്ച് കെട്ടിച്ച് കൊടുത്താൽ എന്ത് ലൈഫ് ഉണ്ടാകാനാണ്. അവർക്ക് തോന്നുമ്പോൾ അവർ കല്യാണം കഴിക്കണമെന്നാണ് ബിന്ദു പണിക്കർ പറഞ്ഞത്.
പിന്നാലെ സായ് കുമാറിന്റെ മറുപടിയുമെത്തി. 'കല്യാണം കഴിക്കാതെ ജീവിച്ച് കഴിഞ്ഞാൽ നല്ല ചൂരൽ വെച്ച് നല്ല പെടയങ്ങ് കൊടുക്കണം. കല്യാണം കഴിക്കാതെ ലിവിങ് ടുഗെതർ എന്ന രീതിയിൽ ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ല പെട കൊടുക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും', സായ് കുമാർ പറയുന്നു.


Click it and Unblock the Notifications











