'ലാലേട്ടൻ വരെ രാജിവെച്ചു... ഒരു പ്രശ്നവുമായി വീട്ടിൽ ചെന്നപ്പോൾ അച്ഛൻ ഒളിച്ചോടി പോയാൽ ഞാൻ എന്ത് ചെയ്യും...?'
പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചതോടെ അമ്മ സംഘടന നേരിടുന്നത് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ്. സംഘടന രൂപീകരിച്ചശേഷം ഇത് ആദ്യമായാണ് ഭരണസമിതിയിൽ ഒരു കൂട്ടരാജി ഉണ്ടാകുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദീഖ് രാജി വെച്ചതിന് പിന്നാലെയാണ് പതിനേഴംഗ എക്സിക്യൂട്ടീവ് ഒന്നടങ്കം ഒഴിഞ്ഞത്. വലിയ തീരുമാനം എടുക്കും മുമ്പ് മോഹൻലാൽ മമ്മൂട്ടിയുമായും ആലോചിച്ചു. രാജിയാണ് നല്ലതെന്ന അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് തീരുമാനം.
ഇനി ജനറൽ ബോഡി കൂടിയാകും മുന്നോട്ടുള്ള സംഘടനയുടെ കാര്യങ്ങളിൽ തീരുമാനം വരിക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കൂട്ടരാജിയുണ്ടായത്. ഇപ്പോഴിതാ അമ്മ സംഘടനയിലെ കൂട്ടരാജി അടക്കമുള്ള വിഷയങ്ങളിൽ സംഘടനയിലെ അംഗങ്ങളിൽ ഒരാളായ നടൻ സാജു നവോദയ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

താൻ ഒരു പ്രശ്നവുമായി ഓടി വീട്ടിൽ ചെന്നപ്പോൾ അച്ഛൻ ഒളിച്ചോടി പോയാൽ എന്ത് ചെയ്യും...? അതേ അവസ്ഥയാണ് ഇപ്പോഴെന്നാണ് കൂട്ടരാജിയെ കുറിച്ച് സാജു നവോദയ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സിനിമകളേയും സിനിമാ ഇന്റസ്ട്രിയേയും ഇപ്പോഴത്തെ പ്രശ്നങ്ങൾ ബാധിക്കില്ലെന്ന് പറയാൻ പറ്റില്ല. എല്ലാ മേഖലയിലും ഇതുപോലുള്ള പ്രശ്നങ്ങളുണ്ട്. പിന്നെ ഏത് മേഖലയിലാണെങ്കിലും വരാൻ പാടില്ലാത്ത തരത്തിലുള്ള ബുദ്ധിമുട്ടാണ് ഇപ്പോഴത്തേത്.
ഒരു മനുഷ്യനും ഇഷ്ടപ്പെടാത്ത രീതിയിലുള്ള കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടെങ്കിൽ കോടതി അത് കണ്ടെത്തി മാക്സിമം അവർക്ക് ശിക്ഷ കൊടുക്കുക. മോശം അനുഭവം നേരിടേണ്ടി വന്നിട്ടുള്ളവർക്ക് സത്യസന്ധമായ ന്യായം കിട്ടണം. ഇപ്പോൾ വന്നിരിക്കുന്നതിൽ ജെനുവിൻ അല്ലാത്ത കേസുണ്ടെങ്കിൽ ആരോപണ വിധേയരായവർക്കും ന്യായം കിട്ടണം.
തെറ്റ് ആരുടെ ഭാഗത്ത് സംഭവിച്ചുവോ അവർക്ക് മാക്സിമം കിട്ടുന്ന ശിക്ഷ കൊടുക്കണമെന്ന് സാജു പറയുന്നു. ജൂനിയർ ആർട്ടിസ്റ്റ് സീനിയർ ആർട്ടിസ്റ്റ് എന്നുള്ള രീതി മാറി ആർട്ടിസ്റ്റുകൾ എന്നായി മാറണം. പല ലൊക്കേഷനിൽ പോകുമ്പോഴും ഞാൻ പല സംഭവങ്ങളും കണ്ടിട്ടുണ്ട്. പൊരിവെയിലത്ത് നിന്ന് വിയർത്തൊലിച്ച് ചൂടുള്ള ഭക്ഷണം വാരികഴിക്കുന്ന അമ്മമാരേയും ചേച്ചിമാരേയും ഞാൻ കണ്ടിട്ടുണ്ട്. എന്തിന് ഏറെ പറയുന്നു.
പ്രണവ് മോഹൻലാൽ... ലൈഫ് ഓഫ് ജോസൂട്ടിയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ആ സമയത്ത് പ്രണവ് മരത്തിന്റെ വേരിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർ തന്നെ മാറി മാറി പോകുന്നതാണ്. നല്ലൊരു സ്ഥലത്ത് വന്നിരുന്ന് കഴിക്കെന്ന് പറഞ്ഞാലും അവർ വരില്ല. ഡയറക്ടർ ഇരിക്കുന്നിടത്ത് അവർ വന്നിരിക്കില്ല.

എല്ലാ കാര്യത്തിലും നമുക്ക് ഇക്വാളിറ്റി പറയാം. പ്രവൃത്തിയിൽ എവിടെ എങ്കിലും കാണിച്ച് തരാൻ പറ്റുമോ? എന്നും നടൻ ചോദിക്കുന്നു. മറിയം മുക്ക് എന്ന സിനിമയിൽ അഞ്ച് രാത്രി മുഴുവൻ ഞാൻ അഭിനയിച്ചിട്ടുണ്ട്. വെളുപ്പിന് ആറ് മണിവരെയായിരുന്നു ഷൂട്ട്. പക്ഷെ സിനിമ വന്നപ്പോൾ എന്റെ ഒറ്റ ഷോട്ട് മാത്രമെ ഉണ്ടായിരുന്നുള്ളു.
പേയ്മെന്റ് വാങ്ങി നമ്മൾ ഡേറ്റ് കൊടുത്തിട്ടുണ്ടെങ്കിൽ അവർ പറയുന്ന സമയത്ത് ഷൂട്ടിന് റെഡിയായിരിക്കണമെന്നത് നമ്മുടെ ഡ്യൂട്ടിയാണെന്നും അനുഭവം പങ്കിട്ട് സാജു പറഞ്ഞു. അമ്മ കൊള്ളസംഘമല്ല കൊള്ളാവുന്ന സംഘമാണ്. അമ്മയെപ്പോലെ നമുക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്ത് തരുന്ന സംഘടനയാണ്. പിന്നെ ഒരു അമ്മയ്ക്ക് പത്ത് മക്കളുണ്ടെങ്കിൽ പത്ത് പേരും ഒരുപോലെയായിരിക്കില്ലല്ലോ. പ്രശ്നങ്ങളുണ്ടാകും.
ഇരയായ സഹോദരിമാർക്കൊപ്പമാണ് ഞാനും ഫാമിലിയും. തെറ്റ് ചെയ്തവർ താരമെന്നല്ല ആരാണെങ്കിലും ശിക്ഷ കൊടുക്കണം. തോന്നിവാസം കാണിച്ച് കഴിഞ്ഞാൽ പിന്നെ താരമൊന്നുമില്ലല്ലോ. മാക്സിമം ശിക്ഷ കൊടുക്കണം.
സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ നാളെ മുമ്പോട്ട് എങ്ങനെയെന്ന് പോലും പറയാൻ പറ്റാത്ത അവസ്ഥയാണ്. ലാലേട്ടൻ വരെ രാജിവെച്ചു. എനിക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോൾ ഞാൻ ഓടി വീട്ടിൽ ചെല്ലുമ്പോൾ എന്റെ അച്ഛൻ ഒളിച്ചോടി പോയാൽ ഞാൻ എന്ത് ചെയ്യും. അതുപോലെയാണ്. സിനിമയ്ക്ക് ഒരു മോശം കാലം വന്നു. ആ പ്രശ്നങ്ങളെ തരണം ചെയ്ത് ഇനി അങ്ങനെ പ്രശ്നം വരാത്ത അവസ്ഥ വരണം. ഒരു ശുഭപ്രതീക്ഷയാണെന്നും സാജു പറയുന്നു.


Click it and Unblock the Notifications











