'ചിലർ ചെക്ക് തരുമ്പോൾ പാഷാണം ഷാജി എന്നെഴുതും'; പുലിവാല് പിടിച്ച കഥ വിവരിച്ച് സാജു നവോദയ!
മിനി സ്ക്രീനിലേയും ബിഗ് സ്ക്രീനിലേയും ചിരി മുഖങ്ങളിൽ ഒന്നാണ് മിമിക്രിയിലൂടെയും സ്കിറ്റുകളിലൂടേയും സിനിമയിലേക്ക് എത്തിയ പാഷാണം ഷാജിയെന്ന സാജു നവോദയയുടേത്. സാജു നവോദയ എന്ന പേരിനേക്കാൾ ആളുകൾ സുപരിചിതം പാഷാണം ഷാജിയെന്ന പേരാണ്. ഇതുവരെ സിനിമയിൽ സാജു അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം വീണ്ടും കാണുമ്പോൾ മനസറിഞ്ഞ് ചിരിക്കാൻ മാത്രം നർമ്മം നിറഞ്ഞവയായിരുന്നു. ചാനലുകളിൽ പുറത്തെടുത്ത നാട്ടിൻപുറത്തെ ചിരിയുടെ തരംഗമാണ് സാജുവിനെ പ്രേക്ഷകർക്കിടയിൽ വ്യത്യസ്തനാക്കിയത്. സാജു നവോദയ എന്ന യുവാവ് മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവലിന ശേഷമാണ് പാഷാണം ഷാജിയായത്.
ഇന്ന് പാഷാണം ഷാജിയില്ലാത്ത മലയാളം സിനിമകളില്ല. എറണാംകുളം ജില്ലയിലെ പാപ്പനംകോടാണ് ഷാജി ജനിച്ചത്. പഠിക്കുന്ന കാലത്ത് സ്കൂൾ യുവജനോത്സവങ്ങളിലെ വിവിധ കലാമത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അതോടൊപ്പം എറണാംകുളം ജില്ലാ സ്കൂൾ യുവജനോത്സവങ്ങളിൽ സാജു സംവിധാനം ചെയ്ത നാടകങ്ങൾ പുരസ്ക്കാരങ്ങൾ നേടിയിരുന്നു. തന്റെ നാട്ടിലെ ക്ലബുകളിലും ഉത്സവവേദികളിലും മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് സാജു തന്റെ കലാപ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. മിമിക്രി താരമായ മനോജ് ഗിന്നസ് തന്റെ ട്രൂപ്പായ നവോദയയിൽ സാജുവിനെ അംഗമാക്കിയതോടെയാണ് സാജു മിമിക്രിവേദികളിൽ ശ്രദ്ധിക്കപ്പെടുന്നത്.

മിമിക്രി വേദികളിലെ അദ്ദേഹത്തിന്റെ പ്രകടനം ടെലിവിഷൻ ചാനലുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിയ്ക്കാനുള്ള അവസരങ്ങൾ നേടിക്കൊടുത്തു. മഴവിൽ മനോരമയിലെ റിയാലിറ്റി കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സാജു നവോദയ. സാജുവിന്റെ പാഷാണം ഷാജി എന്ന കോമഡി കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രമുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. 2014ൽ മാന്നാർ മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയിലൂടെയാണ് സാജു സിനിമാഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് വെള്ളിമൂങ്ങ, അമർ അക്ബർ അന്തോണി, ആടുപുലിയാട്ടം എന്നിവയുൾപ്പെടെ അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു. ആടുപുലിയാട്ടത്തിൽ സാജു നവോദയ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. 2018 ൽ കരിങ്കണ്ണൻ എന്ന സിനിമയിൽ നായകവേഷത്തിലും അഭിനയിച്ചിട്ടുണ്ട്.

2019ൽ വട്ടമേശസമ്മേളനം എന്ന ചിത്രം സാജു സംവിധാനം ചെയ്തിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ്ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായിരുന്നു. രണ്ടാം സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥികളിൽ ഒരാളും സാജുവായിരുന്നു. എല്ലാവരെയും തമ്മിൽ തല്ലിക്കാൻ അപാരമായ മിടുക്കുള്ള ഒരു നാട്ടിൻപുറത്തെ പാഷാണമായിരുന്നു സാജു മഴവിൽ മനോരമയിലെ സ്കിറ്റിൽ അവതരിപ്പിച്ച പാഷണം ഷാജി എന്ന കഥാപാത്രം. പത്തുമാസം കൊണ്ട് പാഷാണം ഷാജി ഹിറ്റായി. തനിക്ക് ജീവിതം തന്നത് പാഷാണം ഷാജിയാണെന്ന് സാജു പലപ്പോഴും പറയാറുണ്ട്. അതുകൊണ്ട് ഒരാൾ പാഷാണം എന്നു വിളിച്ചാൽ താൻ സന്തോഷത്തോടെ വിളികേൾക്കുമെന്നും മനോജ് ഗിന്നസിന്റെ നവോദയ ട്രൂപ്പിനൊപ്പം പോയപ്പോൾ മനോജിട്ട പേരാണു സാജു നവോദയ എന്നും താരം പറയാറുണ്ട്.
Recommended Video

പാഷാണം ഷാജി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ ശേഷം സംഭവിച്ച ചില രസകരമായ കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ സാജു നവോദയ. അമൃത ടിവിയിലെ ഫൺസ് അപ്പോൺ എ ടൈം പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു സാജു നവോദയ. നടി ഡെയാനയും രമേഷ് പിഷാരടിയുമായിരുന്നു പരിപാടിയുടെ അവതാരകൻ. എന്നെങ്കിലും പാഷണം ഷാജി എന്ന പേര് സാജു നവോദയയ്ക്ക് ബാധ്യതയായിട്ടുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് പേര് മൂലം സംഭവിച്ച ചില രസകരമയ കാര്യങ്ങൾ സാജു നവോദയ പങ്കുവെച്ചത്. 'പാഷാണം ഷാജി ഉള്ളത് കൊണ്ടാണ് വീട്ടിൽ അരി മേടിക്കുന്നത്. അതുകൊണ് ആ പേര് വിളിക്കുന്നതിൽ വിഷമമോ ആ പേര് കൊണ്ടുനടക്കുന്നത് ബാധ്യതയായോ തോന്നിയിട്ടില്ല. എന്റെ കുടുംബത്തിലെ പുതുതലമുറക്കാർക്ക് എന്റെ യഥാർഥ പേര് അറിയില്ല. ചിലപ്പോൾ പരിപാടികൾക്ക് പോയി വരുമ്പോൾ പാഷാണം ഷാജിയെന്ന പേരിൽ ചിലർ ചെക്ക് തരുമ്പോൾ വലഞ്ഞിട്ടുണ്ട്. കാരണം ആ പേരിൽ എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല'സാജു നവോദയ പറയുന്നു.


Click it and Unblock the Notifications