'മത്തകണ്ണൻ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്, എന്റെ രൂപത്തെ ലാൽ ജോസ് വരെ കളിയാക്കിയിട്ടുണ്ട്'; സലിം കുമാർ
25 വര്‍ഷം മുമ്പ് നടനായി അരങ്ങേറ്റം കുറിച്ച ഇഷ്ടമാണ് നൂറുവട്ടത്തിന് ശേഷം പല നിലയില്‍ ചിരിയുടെ വേഷപ്പകര്‍ച്ചകള്‍ സലിം കുമാറിനുണ്ടായി. കുറച്ച് കാലത്തിനുള്ളില്‍ പ്രേക്ഷക മനസില്‍ ഒരു തേരോട്ടം നടത്തി സലിം കുമാര്‍.
കോമഡി നടനെന്ന പ്രതിഷ്ഠയെ ഉറക്കം നഷ്ടപ്പെടുത്തിയ അച്ഛനുറങ്ങാത്ത വീടിലെ അച്ഛനായും ആദാമിന്റെ മകന്‍ അബുവായുമൊക്കെ പകർന്നാടി സ്വയം തകര്‍ത്തു അദ്ദേഹം. മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് ശേഷം മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍ പൂർണ തൃപ്തി സലിം കുമാറിന് ഉണ്ടായിരുന്നില്ല.
അതുപോലെ തന്നെ ഈ 25 വര്‍ഷത്തിനുള്ളില്‍ മുഖം നോക്കാതെ നിലപാട് പറയുന്നതില്‍ സലിം കുമാർ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ചുറ്റുപാടുകളില്‍ എവിടെ തിരിഞ്ഞുനോക്കിയാലും അവിടെയെല്ലാം ഒരു സലിം കുമാര്‍ കഥാപാത്രം കാണാം.
രാഷ്ട്രീയക്കാരനും മുതലാളിയും തൊഴിലാളിയും ഉഴപ്പനും അളിയനും വക്കീലും പൊലീസുകാരനും ദളിതനും ദുഖിതനും അച്ഛനും കൂട്ടുകാരനും കാമുകനും ജാരനും നിസ്സഹായനുമൊക്കെയായി.

കലാഭവന്‍ മണിയുടെ ചിരി എന്നാല്‍ ഒരു ട്രേഡ് മാര്‍ക്കാണ്. അതുപോലെ തന്നെയാണ് സലിം കുമാറിന്റെ ചിരിയും. അനുകരണ ലോകത്ത് നിന്ന് സിനിമയുടെ മാന്ത്രിക ലോകത്തേക്ക് കടന്ന സലിം കുമാര്‍ ചിരിയുടെ പേരിൽ വേഷം കിട്ടാതെ പുറത്താക്കപ്പെട്ടിട്ടുണ്ട്.
ഒപ്പം ശരീരത്തിന്റെ പേരിലും പലപ്പോഴും കളിയാക്കലുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. തന്നെ പണ്ടെല്ലാം ആളുകൾ മത്തക്കണ്ണനെന്ന് വിളിച്ചാണ് ഏറെയും കളിയാക്കിയിരുന്നതെന്ന് പറയുകയാണ് സലീം കുമാർ ഇപ്പോൾ.

'എന്റെ ശബ്ദം മാത്രം സിനിമയിൽ ഉൾപ്പെടുത്തുന്നതിന് ഒരുപാട് പേർ എന്നെ സമീപിച്ചിട്ടുണ്ട്. ചിലതൊക്കെ ഞാൻ ഒഴിവാക്കി വിട്ടു. ഗ്രാമത്തെ കുറിച്ചുള്ള ഇൻട്രോയൊക്കെ പറയാനാണ് ഏറെയും അവസരങ്ങൾ വന്നിട്ടുള്ളത്. പറ്റുന്നതൊക്കെ ഞാൻ ചെയ്തിരുന്നു.'
'പിന്നെ കാക്ക, അലമാര പോലുള്ളവയ്ക്കും ഞാൻ ശബ്ദം കൊടുത്തിട്ടുണ്ട്. ഡ്രാമ സ്റ്റൈലിൽ ഇടയ്ക്ക് ഡയലോഗ് പറയാറുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല. അറിയാതെ തെന്നി വീഴുന്ന സമയങ്ങൾ ചിലപ്പോൾ ഉണ്ടാകും. ഇപ്പോൾ കോമഡി ഷോയിൽ വരെ എന്റെ ചിരി തമാശയ്ക്കായി ഉപയോഗിക്കുന്നുണ്ട്.'

'പക്ഷെ സിബിക്കും ഉദയനും എന്റെ ചിരി ഇഷ്ടമല്ലാത്തതുകൊണ്ട് അവരുടെ സിനിമയിൽ നിന്ന് തന്നെ എന്നെ മാറ്റിയിട്ടുണ്ട്. മായാജാലം സിനിമയിൽ അഭിനയിക്കാൻ കലാഭവൻ മണിയുടെ ഡേറ്റ് കിട്ടിയില്ല.'
'അന്ന് കലാഭവൻ മണി തിളങ്ങി നിൽക്കുന്ന കാലമായിരുന്നു. അതുകൊണ്ടാണ് ഞാനും വേറെ മൂന്നാല് പേരും ഓഡീഷനുപോയത്. അവിടെ ചെന്ന് കുറച്ച് നേരം തമാശയൊക്കെ പറഞ്ഞ് പെർഫോം ചെയ്തു.'

'ശേഷം ഒരു സീനിൽ എന്നെ അഭിനയിപ്പിച്ചിട്ട് സിബിയും ഉദയനും എന്നെ പറഞ്ഞുവിട്ടു. ഞാൻ ചെന്നു എന്ന കാരണം കൊണ്ട് മാത്രമാണ് ഒരു സീനിൽ അഭിനയിപ്പിച്ചത്. പിന്നീട് വർഷങ്ങൾക്ക് ശേഷം സംസാരിച്ചപ്പോഴാണ് സിബിയും ഉദയനും പറഞ്ഞത് മനപൂർവം റോൾ തരാതിരുന്നതാണ്.'
'നിങ്ങളുടെ ചിരി കണ്ടപ്പോൾ ആക്കി ചിരിക്കുന്നപോലെ തോന്നിയെന്ന്. ഞാൻ കുഴപ്പമില്ലെന്ന് പലരും പറഞ്ഞിട്ടും സിബിക്കും ഉദയനും ഇഷ്ടമായിരുന്നില്ല.'

'പിന്നീട് അവർ തന്നെ എന്നോട് പണ്ട് അവർക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ ചിരി ചിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നെ മത്തകണ്ണൻ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. കാരണം എന്റെ മുഖത്ത് രണ്ട് കണ്ണ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.'
'എന്റെ രൂപത്തെപ്പറ്റി ലാൽ ജോസ് വരെ അങ്ങനെ പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. അതുകേട്ട് എനിക്ക് നാണം വന്നിട്ടുണ്ട്' സലിം കുമാർ അടുത്തിടെ അമൃത ടിവിയിലെ ഒരുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.


Click it and Unblock the Notifications