'വിദ്യാർത്ഥിയായ ലൈറ്റ് ഓപ്പറേറ്ററെ മമ്മൂക്ക അന്ന് വഴക്ക് പറഞ്ഞു, ഇന്ന് അദ്ദേഹം സൂപ്പർ സ്റ്റാർ'; സലിം കുമാർ!
തൊണ്ണൂറുകളിലെ കുട്ടികൾക്ക് കോമിക്കോള എന്ന ഷോ മറക്കാൻ സാധിക്കില്ല. പിൽക്കാലത്ത് മലയാള സിനിമയിലെ അറിയപ്പെടുന്ന നടന്മാരായ ദിലീപും സലിം കുമാറും ഒക്കെയായി വളർന്നവരുടെ തുടക്കം ഇവിടെ നിന്നുമാണ്.
ഈ പരിപാടിയുടെ അവതാരകനായി തുടങ്ങിയ സലിം കുമാറിന് മലയാള സിനിമ പിന്നീട് നൽകിയത് മികച്ച ഹാസ്യതാരം എന്ന ഒളിമങ്ങാത്ത കിരീടമാണ്. പിന്നീട് ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ പ്യാരിയും, കണ്ണൻ സ്രാങ്കും, ഓമനകുട്ടനും ഒക്കെ മലയാളി പ്രേക്ഷകരുടെ മീമുകളിൽ ആഘോഷിച്ച് തിമിർത്തു.
സലിം കുമാർ നടനെന്ന നിലയിൽ എത്രയൊക്കെ മാറിയാലും അവർക്കൊരിക്കലും ആ ചിരിക്കൂട്ടുകളെ മറന്നൊരു ചിന്ത ഉണ്ടാവില്ല. ഇഷ്‌ടമാണ് നൂറുവട്ടം എന്ന സിനിമയിൽ മുഖം കാണിച്ച് തുടങ്ങിയ സലിം കുമാർ 2015ൽ സംവിധായകനുമായി. കമ്പാർട്ട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാർ ആകണം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌തു. മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ നേടിയിട്ടുണ്ടെങ്കിലും സലിം കുമാറിലെ ഹാസ്യ നടനെയാണ് മലയാളിക്ക് ഏറെ ഇഷ്ടം.

മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പം വിദേശ ഷോകൾ നിരവധി ചെയ്തിട്ടുള്ള നടനാണ് സലിം കുമാർ. താരജാഡകളെല്ലാം അഴിച്ച് വെച്ച് കൂടുതൽ സൗഹൃദവും സ്നേഹവും അഭിനേതാക്കൾക്കിടയിൽ ഉണ്ടാവുന്നതും ഇത്തരം ഷോകൾക്കും മറ്റുമായി നീണ്ട യാത്രകൾ നടത്തുമ്പോഴാണ്.
അത്തരം യാത്രകളിലാണ് പിന്നീട് ഓർത്ത് ചിരിക്കാൻ പാകത്തിനും മനസിൽ സൂക്ഷിക്കാൻ സാധിക്കുന്ന തരത്തിലുമുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. അത്തരത്തിൽ നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ട ഒരു കഥ സലിം കുമാർ പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. സഹപ്രവർത്തകരെ കുറിച്ച് ഏറ്റവും സരസമായി കഥകൾ പറയുന്നവരാണ് സലിം കുമാർ, മുകേഷ് തുടങ്ങിയവർ.
വിദ്യാർത്ഥിയായ ലൈറ്റ് ഓപ്പറേറ്ററെ സ്റ്റേജ് ഷോയ്ക്കിടെ വഴക്ക് പറഞ്ഞ മമ്മൂട്ടിയെ കുറിച്ചും പിന്നീട് ആ ലൈറ്റ് ഓപ്പറേറ്റർ തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആയതിനെ കുറിച്ചുമാണ് വൈറൽ വീഡിയോയിൽ സലിം കുമാർ പറയുന്നത്. 'മമ്മൂക്കയ്ക്കൊപ്പം കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒരു ഷോയ്ക്ക് പോയിരുന്നു. അന്ന് ഞങ്ങളുടെ കൂടെ ഒരു ലൈറ്റ് ഓപ്പറേറ്ററുണ്ടായിരുന്നു.'
'അയാൾ ഒരു വിദ്യാർത്ഥിയായിരുന്നു. അമേരിക്കയിൽ പഠിക്കുകയാണ്. അയാൾ ലൈറ്റ് സെറ്റ് ചെയ്യുമ്പോൾ തെറ്റിപ്പോകും. ആ സമയത്ത് മമ്മൂക്ക വിളിച്ച് ചീത്തയൊക്കെ പറയും. ഈ പയ്യൻ മമ്മൂക്കയുടെ വഴക്ക് കേട്ട് സങ്കടപ്പെടുമ്പോൾ ഞാൻ അടുത്ത് വിളിച്ച് സമാധാനിപ്പിക്കും.'

'എല്ലാം ശരിയാകും എന്നൊക്കെ പറഞ്ഞാണ് ആശ്വസിപ്പിച്ച് വിട്ടിരുന്നത്. ഭാവിയിൽ നീ വലിയ ലൈറ്റ് ഓപ്പറേറ്ററാകും എന്നൊക്കെ പറഞ്ഞും ഞാൻ ആശ്വസിപ്പിച്ചു. പിൽക്കാലത്ത് ഞാൻ ആ പയ്യനെ കാണുന്നത് തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറായിട്ടാണ്. അയാളുടെ പേരാണ് ദുൽഖർ സൽമാൻ എന്നാണ് സലിം കുമാർ പറഞ്ഞത്.'
സലിം കുമാറിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് രസകരമായ കമന്റുകൾ കുറിച്ചത്. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് ദുൽഖർ സിനിമയിൽ അരങ്ങേറിയതെങ്കിലും ഇപ്പോൾ താരം പാൻ ഇന്ത്യൻ തലത്തിൽ റീച്ചുള്ള ഏക മലയാള നടനാണ്. ബോളിവുഡ്, ടോളിവുഡ്, കോളിവുഡ്, മോളിവുഡ് എന്നിങ്ങനെ പറന്ന് നടന്ന് സിനിമകൾ ചെയ്യുകയാണ് ദുൽഖർ.
സെക്കന്റ് ഷോയിൽ തുടങ്ങിയ ദുൽഖറിന്റെ സിനിമാ ജീവിതം ഇന്ന് കിങ് ഓഫ് കൊത്തയിൽ എത്തിനിൽക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിങ് ഓഫ് കൊത്തയെന്നും ഈ ചിത്രത്തിൽ താൻ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെന്നും അതിന്റെ വിജയം ഉണ്ടാകുമെന്ന് കരുതുന്നുവെന്നുമാണ് കിങ് ഓഫ് കൊത്ത പ്രമോഷൻ ചടങ്ങിൽ പങ്കെടുത്ത് ദുൽഖർ പറഞ്ഞത്.


Click it and Unblock the Notifications











