അച്ഛന് പകരം അമ്മയാണ് മരിച്ചതെങ്കില്‍ ഞാനന്ന് ആത്മഹത്യ ചെയ്യുമായിരുന്നു! അമ്മയെ കുറിച്ച് പറഞ്ഞ് നടൻ സലീം കുമാർ

ചിരിക്കുന്ന മുഖത്തിന് പിന്നില്‍ കരയുന്നൊരു മനസുണ്ടെന്നാണ് പലരും പറയുക. സ്‌ക്രീനിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന നടനാണെങ്കിലും സലീം കുമാറിന്റെ ജീവിതം അത്ര സുഖകരമായ അവസ്ഥയിലൂടെ വന്നതല്ലെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ നടന്‍ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

തന്റെ ചെറുപ്പത്തിലാണ് അച്ഛന്റെ മരണമുണ്ടാകുന്നത്. ആ സമയത്ത് അമ്മയായിരുന്നു മരിച്ചതെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമായിരുന്നു എന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ സലീം കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

salim-kumar-

അമ്മയെ കുറിച്ച് എന്റെ മനസിലുള്ള രൂപം അമ്മ പശുവിന് പുല്ല് മുറിക്കുന്നതാണെന്നാണ് സലീം കുമാര്‍ പറയുന്നത്. അന്ന് പച്ച ബ്ലൗസും വെള്ളമുണ്ടുമാണ് അമ്മയുടെ വേഷം. കഴുത്തില്‍ രണ്ട് സ്വര്‍ണമാലകളും ഉണ്ടായിരുന്നു. സത്യത്തില്‍ അത് പെണ്‍മക്കള്‍ക്ക് കൊടുക്കാന്‍ വേണ്ടി അമ്മ സ്വരൂപിച്ച് വെച്ചതായിരുന്നു. അങ്ങനെ എന്റെ മൂത്തപെങ്ങളുടെ വിവാഹം കഴിഞ്ഞതോടെ ആ മാല രണ്ടും അമ്മ സഹോദരിയ്ക്ക് കൊടുത്തു.

ഇതോടെ ഞങ്ങള്‍ മക്കളെല്ലാവരും ജോലി കിട്ടിയാല്‍ അമ്മയ്‌ക്കൊരു മാല വാങ്ങി തരുമെന്ന് പറയും. എന്റെ ചേട്ടന്മാര്‍ക്ക് ജോലി കിട്ടിയെങ്കിലും അമ്മയുടെ കഴുത്തില്‍ മാല വന്നില്ല. അതെനിക്കൊരു വാശിയായിരുന്നു. പക്ഷേ മിമിക്രി കളിച്ച് നടക്കുന്ന തനിക്ക് അതിനുള്ള വരുമാനം ഇല്ലായിരുന്നു.

അങ്ങനെ എന്റെ വിവാഹം കഴിഞ്ഞ് സുനിത വന്നപ്പോള്‍ അവളുടെ കൈയ്യില്‍ സ്വര്‍ണം കുറേയുണ്ടായിരുന്നു. അതിലൊരു മാല അമ്മയ്ക്ക് കൊടുക്കാമോന്ന് ചോദിച്ചു. അവളൊരണ്ണം കൊടുക്കുകയും ചെയ്തു. ഇരുപത് വര്‍ഷത്തോളം അമ്മ ആ മാലയിട്ടു. അതിപ്പോള്‍ അമ്മയുടെ ഓര്‍മ്മയ്ക്കായി ഞാന്‍ കഴുത്തിലിട്ട് നടക്കുകയാണെന്ന് പറഞ്ഞ് സലീം കുമാര്‍ പറയുന്നു.

എനിക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ഞാനന്ന് പ്രീഡിഗ്രിയ്ക്ക് പഠിക്കുകയാണ്. ആ സമയത്ത് മരിച്ചത് എന്റെ അമ്മയായിരുന്നെങ്കില്‍ ഞാനന്നേ ആത്മഹത്യ ചെയ്‌തേനെ എന്നാണ് നടന്‍ പറയുന്നത്.

കാരണം ഞാന്‍ കുറച്ച് റിബല്‍ ചിന്തഗതിക്കാരനായത് കൊണ്ട് എന്റെ സഹോദരങ്ങള്‍ക്കൊന്നും എന്നെ വേണ്ടായിരുന്നു. എല്ലാവരെയും എതിര്‍ക്കുന്ന സ്വഭാവമുള്ള ആളാണ് ഞാന്‍. എന്ത് കാര്യത്തിനും യുക്തി കണ്ടെത്തുകയും അത് ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്വഭാവമാണ്. ഇതൊന്നും ഒരു പണിയില്ലാത്തവന് പറ്റിയതല്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കന്ന് ഇല്ലായിരുന്നു.

പലരുടെയും ശത്രുത എനിക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിലെനിക്ക് കുറ്റബോധമില്ല. പലരുടെയും ഇച്ഛയ്ക്ക് അനുസരിച്ച് നില്‍ക്കേണ്ടി വന്നിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അഭിമാനമുണ്ട്. അവര്‍ പറയുന്നതൊന്നും അംഗീകരിക്കാത്തത് കൊണ്ട് അവര്‍ എനിക്കെതിരായി. എന്നെ തിരിഞ്ഞ് നോക്കാന്‍ ആളില്ലാത്ത അവസ്ഥ വന്നു. എനിക്കാണെങ്കില്‍ പണിയുമില്ല, പൈസയുമില്ല.

salim-kumar-

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് എനിക്ക് വേണ്ടി അമ്മ ചകിരി പിരിക്കുന്ന ജോലിയ്ക്ക് പോയി തുടങ്ങിയത്. അങ്ങനെ പത്താം ക്ലാസില്‍ നല്ല മാര്‍ക്ക് വാങ്ങിയതോടെ പ്രീഡിഗ്രിയ്ക്ക് ചേരാനുള്ള പൈസ സമ്മാനമായി കിട്ടി. അതിന് ശേഷം മിമിക്രിയും മറ്റുമായി ഞാന്‍ ഉഴപ്പി തുടങ്ങി.

എനിക്കൊരു സിനിമാ നടനാകണമെന്നാണ് ആഗ്രഹമെന്ന് അമ്മയോട് പറഞ്ഞിരുന്നു. മോനെ, അതൊക്കെ നല്ലതാണ്. പക്ഷേ നമുക്ക് പറ്റിയതല്ലെന്നും വലിയ വലിയ ആളുകള്‍ക്ക് പറ്റിയതാണെന്നും പറഞ്ഞ് എപ്പോഴും നിരുത്സാഹപ്പെടുത്തി. സിനിമാ നടന്മാരെ കണ്ടിട്ടുള്ളതിനാല്‍ എന്റെ ഈ രൂപം അതിന് പറ്റിയതല്ലെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു.

പിന്നെ 1999 ലാണ് അമ്മയ്ക്ക് പെട്ടെന്ന് വയ്യാതെയാവുന്നത്. പെങ്ങളെയും കൂട്ടി ആശുപത്രിയില്‍ കൊണ്ട് പോയി. അവിടെ നിന്നും പെങ്ങള്‍ വിളിച്ചിട്ട് അമ്മയ്ക്ക് കൂടുതലാണെന്ന് പറഞ്ഞു. ഞാന്‍ വേഗം ഉള്ള കാശുമെടുത്ത് ആശുപത്രിയിലേക്ക് എത്തിയപ്പോഴേക്കും നിശ്ചലമായി കിടക്കുന്ന അമ്മയെയാണ് കണ്ടത്.

ശരിക്കും അതൊരു ഇടിമുഴക്കം പോലത്തെ അവസ്ഥയായിരുന്നു. അങ്ങനെ അമ്മ എന്ന തണല്‍ എന്നെ വിട്ട് പോയി. ഞാനിന്നും പ്രണയിച്ച് തീരാത്ത ഒരാളാണ് അമ്മ. അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ച് ഞങ്ങളുടെ അമ്പലത്തില്‍ ഒരു സ്മാരകം കെട്ടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X