അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലീമും അതിന് ശേഷം ഹിന്ദുവുമായി! പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി സലീം കുമാര്‍

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് സലീം കുമാര്‍. നടന്‍ എന്നതിലുപരി സംവിധായകനും മിമിക്രിതാരവുമൊക്കെയായ താരം തന്റെ ജാതകം എഴുതിയതിനെ കുറിച്ചുള്ള രസകരമായൊരു കഥ പറയുകയാണിപ്പോള്‍. മാത്രമല്ല തന്റെ പേര് സലീം കുമാര്‍ എന്ന് വന്നതിന്റെ പിന്നിലെ കഥയും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ പങ്കുവെച്ചു.

കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ആശയങ്ങള്‍ തന്റെ പേരിനെ സ്വാധീനിച്ചെന്നാണ് സലീം കുമാര്‍ പറയുന്നത്. അന്ന് സഹോദരന്‍ അയ്യപ്പന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ മാതാപിതാക്കള്‍ മക്കള്‍ക്ക് ജാതി തിരിച്ചറിയാത്ത പേരുകള്‍ ഇടാന്‍ തുടങ്ങി. അങ്ങനെയാണ് തനിക്ക് സലീം എന്ന പേര് വന്നത്. എന്നാല്‍ ഈ പേരിനൊപ്പം കുമാര്‍ എന്നത് കൂടി വന്നതെങ്ങനെയാണെന്നും താരം വിശദീകരിക്കുകയാണ്.

 salimkumar

സഹോദരന്‍ അയ്യപ്പന് എന്റെ ജീവിതവുമായി എന്ത് ബന്ധമാണുള്ളതെന്ന് പറയാം. എന്റെ പേര് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദ്ദാഹരണം. അന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ സഹോദരന്‍ അയ്യപ്പന്റെ ജാതിപരവും വിപ്ലവാത്മകമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി. സ്വന്തം മക്കള്‍ക്ക് ജാതി തിരിച്ചറിയാത്ത പേരുകളിട്ടു. ഉദ്ദാഹരണത്തിന് എന്റെ പേര് സലീം. അതുപോലെ ജലീല്‍, ജമാല്‍, നൗഷാദ് എന്നീ പേരുകളൊക്കെ ഈഴവരായിട്ടുള്ള ഹിന്ദു കുട്ടികള്‍ക്ക് ഇടാന്‍ തുടങ്ങി.

അങ്ങനെയാണ് എനിക്ക് സലീം എന്ന പേര് ഇടുന്നത്. പേരിനൊപ്പം കുമാര്‍ വന്നതിനും കഥയുണ്ട്. ഈ സലീം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുഴ എല്‍പിഎസില്‍ ചേര്‍ക്കാന്‍ ചെന്നു. അവിടെ വച്ച് സലീം എന്ന പേര് കേട്ടപ്പോള്‍ ഇത് മുസ്ലീം കുട്ടിയുടെ പേര് ആണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല.

അവിടെ വച്ച് അധ്യാപകര്‍ പേരിനൊപ്പം കുമാര്‍ എന്ന് കൂടി ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ സലീമിനൊപ്പം കുമാര്‍ കൂടി ചേര്‍ത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ വിശാല ഹിന്ദുവായെന്നാണ് നടന്‍ തമാശരൂപേണ പറയുന്നത്.

എട്ട് മക്കളില്‍ ഇളയവനായിട്ടാണ് ഞാന്‍ ജനിച്ചത്. എട്ട് മക്കളായത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ജാതകം എഴുതിയിട്ടില്ല. കാരണം അത്രയും പേര്‍ക്ക് എഴുതാന്‍ ഒത്തിരി കാശ് ആവും. ജാതകം പോയിട്ട് ഞങ്ങള്‍ ജനിച്ച സമയം പോലും അമ്മയ്ക്ക് അറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ മൂത്തമകന്റെ ജാതകം എഴുതിക്കുമ്പോള്‍ എനിക്കുമൊരു ജാതകം വേണമെന്ന് തോന്നി.

അങ്ങനെ അമ്മയോട് പോയിട്ട് എന്റെ ജനനതീയ്യതി ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞു, കടയിലെ അമ്പിയുടെ അമ്പത്തിയാറിനാണ് നിന്നെ പ്രസവിച്ചതെന്ന്. അമ്പി എന്ന് പറഞ്ഞാല്‍ എന്റെ വീടിന്റെ അടുത്ത വീട്ടിലുള്ള പെണ്‍കുട്ടിയാണ്. അവളോട് പോയി ചോദിച്ചപ്പോള്‍ അവള്‍ക്കും അറിയില്ല.

 salimkumar

അങ്ങനെ ഒരു ദിവസം നടന്‍ ജനാര്‍ദ്ദനന്‍ ചേട്ടനെ കണ്ടപ്പോള്‍ എനിക്കിങ്ങനെ ജാതകം എഴുതിക്കണമെന്ന് ആഗ്രഹമുള്ളതിനെ കുറിച്ച് പറഞ്ഞു. അതിനെന്താണ് കംപ്യൂട്ടര്‍ ജാതകമുണ്ട്. കൊടുത്താല്‍ അപ്പോള്‍ കിട്ടുമെന്ന് പുള്ളി പറഞ്ഞു. 1969 ലാണ് ജനനം, കന്നി മാസമാണ്, ആയില്യമാണ് നാളെന്നും പറഞ്ഞു. അങ്ങനെ എനിക്കും കിട്ടി ഒരു ജാതകം.

അതില്‍ കൃത്യമായി എഴുതിയിരിക്കുകയാണ് ഞാനൊരു മിമിക്രിക്കാരനാകുമെന്നും സിനിമാക്കാരനാകുമെന്നും ഒക്കെ. ഞാനത് കണ്ട് ഞെട്ടി പോയി. ജാതകത്തിന് ഇത്ര ശക്തിയുണ്ടോന്ന് വിചാരിച്ചു. മോന്റെ ജാതകത്തില്‍ എഴുതിയത് അവന്‍ ശാസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറാവുമെന്ന്. എനിക്കത് കണ്ട് സന്തോഷമായി.

അങ്ങനെ ഡോക്ടറാവുമെന്ന് പറഞ്ഞ മോനിപ്പോള്‍ എല്‍എല്‍ബിയ്ക്ക് പഠിക്കുകയാണ്. അന്ന് എന്റെ ജാതകം എഴുതാന്‍ എളുപ്പമായിട്ടുണ്ടാവും. കാരണം സലീം കുമാറിനൊരു ജാതകം വേണമെന്ന് പറഞ്ഞപ്പോള്‍ ഗൂഗിളില്‍ നോക്കിയാല്‍ മതിയല്ലോ എന്ന് നടന്‍ തമാശരൂപേണ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X