twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ മരിക്കുന്നത് വരെ അമ്മയ്ക്കു കഴിഞ്ഞില്ല,രസകരമായ കഥയുമായി സലിം കുമാർ

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സലിം കുമാർ. കോമഡി വേഷങ്ങളിലൂടെയാണ് നടൻ സിനിമയിൽ എത്തിയത്. എന്നാൽ ഹാസ്യ വേഷങ്ങളിൽ മാത്രം നടൻ ഒതുങ്ങി നിന്നിരുന്നില്ല. പിന്നീട് സീരിയസ് കഥാപാത്രങ്ങളും തന്റെ കൈകളിൽ സുരക്ഷിതമാണെന്ന് നടൻ കാണിച്ചു കൊടുക്കുകയായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടന്റെ വാക്കുകളാണ്. ജീവിതത്തിൽ നേരിട്ട ഒരു സംഭവം വളരെ രസകരമായിട്ടാണ് നടൻ എഴുതിയിരിക്കുന്നത്. മനോരമ ഓൺലൈനിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

    ഐശ്വര്യയിൽ നിന്ന് ഒരു കുഞ്ഞിനെ കൂടി വേണം, അതിനൊരു കാരണമുണ്ട്, വെളിപ്പെടുത്തി അഭിഷേക് ബച്ചൻഐശ്വര്യയിൽ നിന്ന് ഒരു കുഞ്ഞിനെ കൂടി വേണം, അതിനൊരു കാരണമുണ്ട്, വെളിപ്പെടുത്തി അഭിഷേക് ബച്ചൻ

    ആകാശദൂതിന്റെ ക്ലൈമാക്സ് പോലെയായിരുന്നു വടക്കേക്കരയുടെ അന്ത്യവും എന്ന് പറഞ്ഞ് കൊണ്ടാണ് നടൻ സംഭവത്തെ കുറിച്ച് പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ... ആകാശദൂതിന്റെ ക്ലൈമാക്സ് പോലെയായിരുന്നു വടക്കേക്കരയുടെ അന്ത്യവും. ആകാശദൂത് ഓർക്കുന്നില്ലേ? സ്വന്തം മക്കളെയെല്ലാം ഓരോരോ സുരക്ഷിത സ്ഥലങ്ങളിൽ ഏൽപ്പിച്ച് മരണത്തെ പുൽകുന്ന അമ്മയുടെ കഥ പറഞ്ഞ് കേരളത്തെ സങ്കടക്കണ്ണീരിലാഴ്ത്തിയ ആകാശദൂത്? അതുപോലെ വടക്കേക്കരയും മരിച്ചു. ദയനീയമായ ആ അന്ത്യത്തിൽ ആരും ഞെട്ടിയില്ല. അനുശോചന സന്ദേശങ്ങൾ ഉണ്ടായില്ല. സ്വാഭാവിക മരണമായിരുന്നോ അല്ലയോ എന്ന് ആരും അന്വേഷിച്ചില്ല, കൊട്ടക്കണക്കിന് ചരിത്രമുണ്ടായിട്ടും, ''ചരിത്രം ഉറങ്ങിക്കിടക്കുന്ന വടക്കേക്കര'' എന്ന് ഒരു ചരിത്രകാരനും വിശേഷിപ്പിച്ചില്ല.

    'ബാസ്റ്റഡ്' മുതിർന്ന നടൻ തന്നെ വിളിച്ചു, സെറ്റില്‍ ആദ്യമായി കരഞ്ഞ സംഭവത്തെ കുറിച്ച് മണിയൻ പിളള രാജു'ബാസ്റ്റഡ്' മുതിർന്ന നടൻ തന്നെ വിളിച്ചു, സെറ്റില്‍ ആദ്യമായി കരഞ്ഞ സംഭവത്തെ കുറിച്ച് മണിയൻ പിളള രാജു

    എന്റെ രണ്ടാമത്തെ സഹോദരിയെ വിവാഹം ചെയ്തു കൊടുത്തത് കോവിലകത്തുംകടവ് എന്ന സ്ഥലത്താണ്. വല്ലപ്പോഴും എന്റെ അമ്മ ചേച്ചിയുടെ വീട്ടിൽ പോകുമ്പോൾ, അമ്മയ്ക്കു കൂട്ടായിട്ട് ഞാൻ പോകാറുണ്ട്. .പട്ടണത്തു നിന്നു പടിഞ്ഞാറോട്ടു നീണ്ടുനിവർന്നു കിടക്കുന്ന ചെമ്മൺ പാതയിലൂടെ ഒരു ഒന്നൊന്നര കിലോമീറ്റർ നടന്നാൽ ഇത്തിൾപറമ്പ് എന്ന സ്ഥലം എത്തും. അതു കഴിഞ്ഞാൽ ചെറായിപ്പുഴയായി. ഈ പുഴയ്ക്ക് അക്കരെയാണ് കോവിലകത്തും കടവ്. മഴക്കാലങ്ങളിൽ അമ്മയോടൊപ്പം സഹോദരിയുടെ വീട്ടിലേക്കു പോകുന്ന യാത്രയിൽ ഇത്തിൾപറമ്പ് എത്തി കടത്തുവള്ളം കാത്തു നിൽക്കുന്ന സമയത്തു ഞാൻ സ്ഥിരമായി കാണുന്നൊരു കാഴ്ചയുണ്ടായിരുന്നു. അവിടെ മഴ പെയ്തു നനഞ്ഞു കിടക്കുന്ന മണ്ണിൽ നിന്ന് ആളുകൾ എന്തോ പെറുക്കി എടുത്തു കൊച്ചുകൊച്ചു ഡപ്പികളിൽ ആക്കുന്നു. കൊച്ചു കുട്ടിയായ ഞാനതു വളരെ കൗതുകത്തോടെ നോക്കിനിൽക്കുമായിരുന്നു.

    സലിംകുമാറിന്റെ വാക്കുകൾ

    അവർ അവിടെ നിന്നു പെറുക്കിയെടുത്തത് കൊച്ചു പിള്ളേർ കഴുത്തിലിടുന്ന മാല ഉണ്ടാക്കാനുള്ള മുത്തുകൾ ആണെന്നും ആ മുത്തുകൾ ഇന്നലെ പെയ്ത മഴയിൽ മണ്ണിൽ വീണതാണെന്നും അമ്മ പിന്നീടു പറഞ്ഞു. ആ മുത്തുകൾ ഞങ്ങളുടെ നാട്ടിൽ പഴയ വെള്ളിയും കീറിയ കസവുമുണ്ടിൽ നിന്നുള്ള കസവുമെല്ലാം എടുക്കാൻ സ്ഥിരമായി വരാറുള്ള തമിഴൻ അണ്ണാച്ചിക്കു വിൽക്കും. 'കസവ് അണ്ണച്ചി' എന്നാണ് നാട്ടുകാർ അയാളെ വിളിച്ചിരുന്നത്. അയാൾ അവർക്ക് ഇനം തിരിച്ച് രണ്ടു പൈസ, അഞ്ചു പൈസ ഒക്കെയായി കൊടുക്കുമെന്നും അമ്മ പറഞ്ഞു. 'ഇത്തിൾപറമ്പിൽ പെയ്യുന്ന ഈ മുത്തുമഴ തൊട്ടടുത്തു കിടക്കുന്ന നമ്മുടെ ചിറ്റാറ്റുകര പെയ്യാത്തത് എന്താണമ്മേ'' എന്ന എന്റെ ചോദ്യത്തിന് മരിക്കുന്നതുവരെ ഉത്തരം നൽകാൻ അമ്മയ്ക്കു കഴിഞ്ഞിട്ടില്ല.

    ഉത്തരം കിട്ടി

    2006, 2007 കാലഘട്ടങ്ങളിൽ, മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി വടക്കേക്കരയിലെ പട്ടണം കരയുടെ വിവിധ ഭാഗങ്ങളിൽ ചരിത്രകാരന്മാർ നടത്തിയ ഉദ്ഖനനത്തിൽ നിന്നാണ് ബി സി 3000 മുതൽ നിലനിന്നതായി സംഘകാലകൃതികളിൽ പ്രതിപാദിച്ചിരുന്ന 'മുരച്ചിപട്ടണം' എന്ന 'മുസിരിസ്' ന്റെ അവശിഷ്ടങ്ങൾ ഇവിടെനിന്നു കണ്ടെടുക്കുന്നത്.അപ്പോഴാണ്, പണ്ടു പട്ടണത്തുകാർ ഇത്തിൽപറമ്പിലെ നനഞ്ഞ മണ്ണിൽ നിന്നു പെറുക്കിയെടുത്തു കസവണ്ണാച്ചിക്കു നക്കാപ്പിച്ച പൈസയ്ക്കു കൊടുത്തിരുന്നത് കൊച്ചുകുട്ടികൾക്കു മാല ഉണ്ടാക്കാനുള്ള മുത്തുകളല്ല, മുസിരിസ് കാലഘട്ടത്തിൽ ഇവിടെ ജീവിച്ചിരുന്ന റോമക്കാരും യവനൻമാരും അറബികളും ജൂതന്മാരും ഉപയോഗിച്ചിരുന്ന വിലപിടിച്ച വസ്തുവകകളായിരുന്നുവെന്നു മനസ്സിലായത്. മുസിരിസിന്റെ ചരിത്രം തേടി ഇവിടെയെത്തുന്ന പിൻതലമുറക്കാരെ കാത്ത് വടക്കേക്കരയുടെ മണ്ണിൽ മൂടിപ്പുതച്ച് ഉറങ്ങുകയായിരുന്ന വിലമതിക്കാനാവാത്ത ചരിത്ര രേഖകൾ വർഷകാലത്തെ മഴവെള്ളപ്പെയ്ത്തിന്റെ ശക്തിയിൽ പുറംതോടു പൊട്ടിച്ചു പുറത്തുവന്ന മുത്തുകളും പവിഴങ്ങളും. അതു മനസ്സിലാക്കാൻ ഇവിടെ ഒരു ഉദ്ഖനനം തന്നെ നടത്തേണ്ടിവന്നു.

    ഒരാൾ എത്തി

    'നഷ്ടപ്പെട്ടുപോയ ദശ ഗോത്രങ്ങളെ കണ്ടെത്തുക' എന്ന ജീസസ് ക്രൈസ്റ്റിന്റെ വചനങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി, ഇസ്രയേലിന്റെ മണ്ണിൽ നിന്നു പുറപ്പെട്ട തോമാശ്ലീഹ വന്നണഞ്ഞതും വടക്കേക്കരയിലെ മാല്യങ്കരയുടെ തീരത്ത് ആയിരുന്നു. അങ്ങനെ ചരിത്ര സമ്പത്തിന്റെ കാര്യത്തിൽ ശതകോടീശ്വരനായ വടക്കേക്കരയാണ് കേരളത്തിന്റെ വിരിമാറിൽ കിടന്ന് വെള്ളം ഇറക്കാതെ മരിച്ചത്. സ്വന്തം നാടിന് അകാലത്തിൽ സംഭവിച്ച ഈ ദുരന്തപൂർണമായ അന്ത്യത്തിൽ മനംനൊന്ത് ആ രാത്രി എന്റെ വീടിന്റെ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നു ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.'മേ ഐ കമിൻ സർ.''ആ ശബ്ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്നത്. എന്റെ വീടിന്റെ പടിക്കലുള്ള ഗേറ്റിന് അഭിമുഖമായി നിൽക്കുന്ന ഒരു കറുത്ത രൂപത്തിൽ നിന്നാണ് ആ ശബ്ദം പുറപ്പെട്ടതെന്ന് എനിക്കു മനസ്സിലായി. അർധരാത്രി വീടിനു വെളിയിൽ നിൽക്കുന്ന ആ രൂപത്തെ കണ്ടു ഞാനൊന്നു ഭയന്നു പോയെങ്കിലും, പിന്നീട് ആ ഭയത്തെ ലോക്ക്ഡൗണിലാക്കി, വിറയാർന്ന ചുണ്ടുകളാൽ ഒരു ശബ്ദം പുറപ്പെടുവിച്ചു.''യേസ്, കമിൻ.''

    ഒരാൾ കാണാനെത്തി

    അതിനു മറുപടിയെന്നോണം ഗേറ്റ് തള്ളിത്തുറന്ന ആ കറുത്ത രൂപം എനിക്ക് അഭിമുഖമായി മെല്ലെ നടന്നുവന്നു. കൂടുതൽ അടുത്തു വരുന്തോറും ഇറയത്തു ചിരിക്കുന്ന ട്യൂബ് ലൈറ്റിന്റെ പ്രകാശം ആ രൂപത്തിനു കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടിരുന്നു. കറുത്ത പാന്റിൽ ഇൻ ചെയ്തിരിക്കുന്ന ഇളം നീല ഷർട്ടിന് ഒരു പുറംചട്ടയെന്നോണം മുട്ടുകാലിൽ താഴെ വരെ കിടക്കുന്ന ഒരു നെടുങ്കൻ ഓവർകോട്ട്. വിലകൂടിയ ബ്രാൻഡഡ് ഷൂസ് ധരിച്ച പാദങ്ങൾ, ഇരു കണ്ണുകളും കറുത്ത കൂളിങ് ഗ്ലാസാൽ മറച്ചിരിക്കുന്നു. കയ്യിൽ ഒരു സൂട്ട് കേസ്. തലയിൽ ഒരു കറുത്ത തൊപ്പി. ചുണ്ടിൽ എരിയുന്ന ഹാഫ് എ കൊറോണ ചുരുട്ട്.എവിടെയോ കണ്ടു മറന്ന മുഖം. പക്ഷേ, എത്ര ശ്രമിച്ചിട്ടും ഓർമകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അതു പിൻവലിക്കാൻ എനിക്കു സാധിച്ചില്ല. എന്റെ ബാങ്കിങ് ഇടപാടുകൾക്കു തടസ്സം സൃഷ്ടിച്ചുകൊണ്ട് ആ കറുത്ത രൂപം മുരടനക്കി.

    ഡിറ്റക്ടീവ് മാർക്സിൻ

    'സോറി മിസ്റ്റർ സലിംകുമാർ, ഇത്ര നേരമായിട്ടും താങ്കൾക്ക് എന്നെ തിരിച്ചറിയാൻ പറ്റാത്തതുകൊണ്ട് ഐ വിൽ ഇൻട്രഡ്യൂസ് മൈസെൽഫ്. മൈ ബയോളജിക്കൽ നെയിം ഈസ് ഡിറ്റക്ടീവ് മാർക്സിൻ.'' അതുകേട്ട് എന്റെ മത്തക്കണ്ണുകൾ അത്ഭുതം കൊണ്ട് ഒന്നുകൂടി വലുതായി. ചുണ്ടുകൾ ഒരു മന്ത്രംപോലെ ഏറ്റുചൊല്ലി.''ഡിറ്റക്ടീവ് മാർക്സിൻ.''ആ മന്ത്രം കേട്ട് അദ്ദേഹം ചെറുതായി ഒന്നു പുഞ്ചിരിച്ചു. 'ഇത്രയ്ക്കു പോപ്പുലർ ആയ എന്നെ കണ്ടിട്ട് നിനക്കു മനസ്സിലായില്ലേടാ ജാഡ തെണ്ടീ' എന്ന ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഡയലോഗ് അദ്ദേഹത്തിന്റെ പുഞ്ചിരിയിൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് എന്നോർത്ത് ഞാൻ എന്നെത്തന്നെ പുച്ഛിച്ചു.അല്ലെങ്കിൽ തന്നെ മലയാളി ആയി ജനിച്ച ആർക്കാണ് അങ്ങയെ മറക്കാൻ കഴിയുക? അങ്ങയുടെ വീരകഥകൾ അറിയാൻ വേണ്ടി ഒരുകാലത്ത് മനോരമയും മംഗളവും പൗരധ്വനിയുമൊക്കെ വരുന്നത് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന ഒരു കാലം ഞങ്ങൾക്കുണ്ടായിരുന്നു.'എളിമയോടെ ഞാൻ ചോദിച്ചു: ''ഇപ്പോൾ ഇവിടേക്കുള്ള വരവിന്റെ ഉദ്ദേശ്യം‌.''

    ഞങ്ങടെ വടക്കേക്കരയുടെ മരണം

    ''ലുക്ക് മിസ്റ്റർ സലിംകുമാർ, ഞങ്ങൾ ഡിറ്റക്റ്റീവുകളുടെ ആവശ്യം എവിടെയുണ്ടോ അവിടേക്കു ക്ഷണിക്കാതെ തന്നെ ചെല്ലണം എന്നാണ് പുഷ്പനാഥ് സാർ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. താങ്കൾക്ക് ഇപ്പോൾ എന്റെ ആവശ്യം ഉണ്ടെന്നു തോന്നി, ഞാനിവിടെ വന്നു.''തേടിയ വള്ളി ഹാഫ് എ കൊറോണയും വലിച്ചുകൊണ്ടു കാലിൽ ചുറ്റി എന്നു പറഞ്ഞപോലെ വടക്കേക്കരയുടെ മരണം എങ്ങനെ എന്നു കണ്ടെത്താൻ പുഷ്പനാഥ് സാറിന്റെ ആത്മാവാകും മാർക്സിനെ എന്റെ അടുത്തേക്കു പറഞ്ഞുവിട്ടത് എന്നോർത്തു പരേതാത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് ഞാൻ ചോദിച്ചു.''ഞങ്ങടെ വടക്കേക്കരയുടെ മരണം സ്വാഭാവികമായി സംഭവിച്ചതാണോ അതോ അതിൽ ദുരൂഹതയുണ്ടോ എന്ന് അറിയാൻ താല്പര്യം ഉണ്ട്.''സമയദൈർഘ്യത്താൽ ഹാഫ് എ കൊറോണയിൽ അടിഞ്ഞുകൂടിയ ചാരം ഇടതു കൈയിലെ തള്ളവിരൽകൊണ്ട് തട്ടിത്തെറിപ്പിച്ച് ഒരു ഇടിമിന്നൽ പോലെ മാർക്സിന്റെ മറുപടി വന്നു.

    കൊലപാതകം

    ''വടക്കേക്കര നിയോജക മണ്ഡലത്തിന്റെ മരണം കൊലപാതകമാണ്. ഒരു രാഷ്ട്രീയ കൊലപാതകം.'' ഡിറ്റക്ടീവ് മാർക്സിൽ നിന്ന് അപ്രതീക്ഷിതമായ ആ മറുപടി കേട്ടപ്പോൾ ആയിരം മെഗാവാട്ടിന്റെ വിദ്യുത് തരംഗങ്ങൾ എന്റെ ശരീരത്തിലേക്കു കയറിപ്പോകുന്നതായി എനിക്കനുഭവപ്പെട്ടു. കയറിപ്പോയ വിദ്യുത് തരംഗങ്ങളെ ഇറക്കിവിട്ടുകൊണ്ട് ഞാൻ മാർക്സിനോടു വളരെ രഹസ്യമായി ചോദിച്ചു, ''ആരാണ്? ആരാണ് വടക്കേക്കരയെ കൊന്നത്?''''കേരളത്തിലെ ഇടതുപക്ഷക്കാർ..... ഒരു ചാണക്യതന്ത്രം. അതിലൂടെയാണ് അവർ വടക്കേക്കരയെ കൊലപ്പെടുത്തിയത്.''മാർക്സിന്റെ ആ മറുപടിയിൽ ഞാൻ ഒട്ടും തൃപ്തനായില്ല. അല്പം നീരസത്തോടെ ഞാൻ പറഞ്ഞു. ''തോന്ന്യാസം പറയരുത്. ആയിരക്കണക്കിനു വോട്ടുകൾക്ക് ഇടതുപക്ഷം ജയിക്കുന്ന മണ്ഡലമാണ് വടക്കേക്കര.''

    സലിംകുമാറിന്റെ വാക്കുകൾ

    ''യേസ്, മിസ്റ്റർ സലീം കുമാർ യു ആർ കറക്റ്റ്. പക്ഷേ, ഒരു തന്ത്രം ഈ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ തന്ത്രം! ഒന്നു വച്ചാൽ മൂന്ന് എന്ന രാഷ്ട്രീയ ചാണക്യ തന്ത്രം...!''ഞാൻ അത്ഭുതത്തോടെ ചോദിച്ചു, ''ഒന്നു വച്ചാൽ മൂന്നോ, അതെന്തു തന്ത്രം?''''പറയാം.''ചുണ്ടിൽ എരിഞ്ഞു തീർന്ന ഹാഫ് എ കൊറോണ മുറ്റത്തേക്കു വലിച്ചെറിഞ്ഞിട്ട് കസേരയിൽ നിന്ന് എഴുന്നേറ്റു കൈകൾ പുറകിലേക്കു കെട്ടി സിബിഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യരെ പോലെ അദ്ദേഹം കുരലനക്കി.

    മൂന്ന് മണ്ഡലങ്ങളാക്കി

    ''കേരളപ്പിറവിക്കുശേഷം 1957-ലാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ കേരളം ആദ്യമായി ക്രമീകരിക്കപ്പെട്ടത്. അന്ന് ആകെ ഉണ്ടായിരുന്ന മണ്ഡലങ്ങളുടെ എണ്ണം 127, പിന്നീട് 1965ൽ കേരളം മണ്ഡല അടിസ്ഥാനത്തിൽ ഒരിക്കൽക്കൂടി ക്രമീകരിക്കപ്പെട്ടു. പഴയ 127 എന്ന മണ്ഡലങ്ങളുടെ എണ്ണം 65ൽ നടന്ന പുനർക്രമീകരണത്തിലൂടെ 140 ആയി വർധിച്ചു. പിന്നീട് മണ്ഡലങ്ങൾ ക്രമീകരിക്കപ്പെട്ടത് 2008ൽ വി. എസ്. അച്യുതാനന്ദന്റെ ഭരണകാലത്തായിരുന്നു. അതിൽ മണ്ഡലങ്ങളുടെ അതിർത്തികൾ വലുതായി. പക്ഷേ, എണ്ണത്തിൽ മാറ്റമൊന്നുമുണ്ടായില്ല. പഴയ 140 തന്നെ തുടർന്നു. അതിന് വടക്കേക്കരയെ എന്തിനു കൊല്ലണം എന്നൊരു ചോദ്യം നിങ്ങളിൽ സ്വാഭാവികമായും വന്നു പെട്ടേക്കാം. അതാണ് ഞാൻ നേരത്തേ പറഞ്ഞ ഒന്നു വച്ചാൽ മൂന്ന് എന്ന ചാണക്യ തന്ത്രത്തിന്റെ പ്രയോഗം. കളമശ്ശേരി, ആലുവ, പറവൂർ, വടക്കേക്കര എന്നീ മണ്ഡലങ്ങൾ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ടകൾ ആയിരുന്നു എന്നാൽ ഈ അടുത്ത കാലത്തായി വടക്കേക്കര ഒഴിച്ചുള്ള മറ്റു മൂന്നു മണ്ഡലങ്ങളും നേരിയ ഭൂരിപക്ഷത്തിനു മറുവശത്തേക്കു കാലുമാറി. ഈ കോട്ടകൾ തിരികെ പിടിക്കാൻ തങ്ങളുടെ ശക്തികേന്ദ്രമായ വടക്കേക്കരയെ മൂന്നു കഷണങ്ങളായി വെട്ടിനുറുക്കി മറ്റു മൂന്നു മണ്ഡലങ്ങളിലായി വിതറിയിട്ടു.''

    നടന്റെ വാക്കുകൾ വൈറലായി

    മാർക്സിൻ എന്നോടു പറഞ്ഞ ഈ ദുഃഖകരമായ സത്യത്തിന് അകമ്പടി എന്നോണം തെല്ലകലെ സ്വച്ഛന്ദമായി ഒഴുകിക്കൊണ്ടിരുന്ന പറവൂർ പുഴയിൽനിന്ന് ഒരു ചാവുപാട്ടിന്റെ ഈണം അന്തരീക്ഷത്തിലൂടെ മുഴങ്ങി കേൾക്കാമായിരുന്നു. അതു കേട്ട് എന്റെ കവിളിലൂടെ ചാലിട്ടിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് എന്റെ മനസ്സിൽ അപ്പോൾ ജന്മംകൊണ്ട ഒരു സംശയനിവാരണം വരുത്തുവാനായി ഞാൻ മാർക്സിനോടു ചോദിച്ചു, ''സാർ, വടക്കേക്കരയുടെ മരണത്തിനുശേഷം പിന്നീട് നടന്ന ഇലക്‌‌ഷനിൽ ഇവിടത്തെ യുഡിഎഫ് സ്ഥാനാർഥികൾ ആയ ഇബ്രാഹിംകുഞ്ഞ്, അൻവർ സാദത്, വി.ഡി. സതീശൻ എന്നിവരുടെ ഭൂരിപക്ഷം കൂടുകയല്ലാതെ മറ്റൊരു മാറ്റവും ഇതുകൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ലല്ലോ?''
    മറ്റൊരു ഹാഫ് എ കൊറോണയ്ക്കു തീകൊളുത്തിക്കൊണ്ട് മാർക്സിൻ‌ എന്നോടു പറഞ്ഞു: ''ഇടതുപക്ഷത്തിന് ഏറ്റ ഈ പരാജയത്തിനു കാരണം ഒരുപക്ഷേ നക്ഷത്രമെണ്ണി ചത്ത വടക്കേക്കരയുടെ ശാപം ആകാം.'' ഇത്രയും പറഞ്ഞിട്ട് ഒരു യാത്രാമൊഴി പോലും ചൊല്ലാതെ ഡിറ്റക്ടീവ് മാർക്സിൻ മുന്നിൽ കിടന്ന ആ കട്ടപിടിച്ച ഇരുട്ടിലേക്ക്, മെല്ലെ നടന്നകന്നു. സ്വച്ഛന്ദമായി ഒഴുകിക്കൊണ്ടിരുന്ന പറവൂർ പുഴയിൽ നിന്ന് ഉയർന്നുകൊണ്ടിരുന്ന ചാവു പാട്ടിന്റെ ഈണം അപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു. (തുടരും) സലിം കുമാർ എഴുതി. മനോരമ ഓൺ ലൈനിൽ എഴുതിയ നടന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.

    Recommended Video

    കലക്കൻ ഡാൻസുമായി റെബേക്കയും സലിം കുമാറും | Rebecca & Salim Kumar Dance Performance | FilmiBeat

    കടപ്പാട്; മനോരമ ഓൺലൈൻ

    Read more about: salim kumar
    English summary
    Actor Salim Kumar Opens Up His Life Incident, Funny Write Up Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X